വിദേശനാണ്യശേഖരം റിക്കാർഡ് നിലയിൽ
വിദേശനാണ്യശേഖരം റിക്കാർഡ് നിലയിൽ
Saturday, September 17, 2016 11:37 AM IST
മുംബൈ: ഇന്ത്യയുടെ വിദേശനാണ്യശേഖരം ഇതാദ്യമായി 37,000 കോടി ഡോളറിനു മുകളിലായി. സെപ്റ്റംബർ ഒൻപതിന് അവസാനിച്ച ആഴ്ച 351.37 കോടി ഡോളർ ശേഖരത്തിൽ ചേർന്നതോടെയാണിത്. ഇതോടെ ശേഖരം 37,127.98 കോടി ഡോളർ (24,60,720 കോടി രൂപ) ആയി.

ഇതിൽ 34,574.73 കോടി ഡോളർ വിദേശ കറൻസിയും 2,164.27 കോടി ഡോളറിന്റേതു സ്വർണവുമാണ്. ഒരുവർഷം മുൻപത്തേക്കാൾ 1,989 കോടി ഡോളറാണ് ശേഖരത്തിൽ അധികമുള്ളത്.

വിദേശനിക്ഷേപകർ ഇന്ത്യൻ ഓഹരികളിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കാൻ എത്തുന്നതാണ് ശേഖരം വർധിക്കാൻ ഒരു കാരണം. ഈയാഴ്ച മുതൽ മൂന്നു മാസത്തേക്ക് 2013ലെ വിദേശ കറൻസി നിക്ഷേപമായി എത്തിയേക്കാം. എങ്കിലും 2,500 കോടി ഡോളർ പിൻവലിച്ചുകൊണ്ടുപോകും എന്നാണു കരുതുന്നത്. ഇതു കണക്കാക്കി വിദേശനാണ്യശേഖരം കുറേ മാസങ്ങളായി വർധിപ്പിച്ചുവരുകയായിരുന്നു.

ഈയാഴ്ച അമേരിക്കയുടെ ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) പലിശനിരക്ക് കൂട്ടാൻ തീരുമാനിക്കുന്നില്ലെങ്കിൽ വിദേശനിക്ഷേപം തിരിച്ചുകൊടുക്കൽ സംഭവരഹിതമായി കടന്നുപോകും. യുഎസ് പലിശ കൂട്ടിയാൽ ഇവിടെനിന്നു വേറേ നിക്ഷേപങ്ങളും പിൻവലിക്കുന്ന സാഹചര്യം ഉണ്ടായെന്നുവരും. അതു രൂപയുടെ വിനിമയനിരക്ക് താഴാനിടയാക്കും. രൂപയുടെ നിരക്ക് ഇപ്പോൾത്തന്നെ ഉയർന്നാണു നിൽക്കുന്നതെന്നു കയറ്റുമതിക്കാർക്കു പരാതിയുണ്ട്. അതിനാൽ നിരക്ക് താഴുന്നതിന് അധികം വിമർശനം ഉണ്ടാകില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.