ഫെഡററും സെറീനയും ക്വാര്‍ട്ടറില്‍
ഫെഡററും സെറീനയും ക്വാര്‍ട്ടറില്‍
Tuesday, January 22, 2013 11:40 PM IST
മെല്‍ബണ്‍: പുരുഷ,വനിതാ വിഭാഗങ്ങള്‍ അവസാന എട്ടിലേക്കു ചുരുങ്ങുമ്പോള്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ വന്‍വീഴ്ചകളൊന്നും ഉണ്ടായിട്ടില്ല. മുന്‍നിര താരങ്ങളായ റോജര്‍ ഫെഡറര്‍, ആന്‍ഡി മുറെ, അസരെങ്ക, സെറീന വില്യംസ് തുടങ്ങിയ താരങ്ങള്‍ ക്വാര്‍ട്ടറില്‍ കടന്നു.

അമേരിക്കയുടെ സെറീന നേരിട്ടുള്ള സെറ്റുകള്‍ക്ക് പതിനാലാം സീഡ് റഷ്യയുടെ മരിയ കിറിലെങ്കോയെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍: 6-2, 6-0. നാട്ടുകാരിയായ സൊളാന്‍ സ്റ്റീഫന്‍സാണ് ക്വാര്‍ട്ടറില്‍ സെറീനയുടെ എതിരാളി. ക്വാര്‍ട്ടറില്‍ വിജയിച്ചാല്‍ സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം ബലാറസിന്റെ വിക്ടോറിയ അസറെങ്കയായിരിക്കും സെറീനയുടെ എതിരാളിയാകാന്‍ പോകുന്നത്. 35-ാം തവണയാണ് സെറീന ഏതെങ്കിലും ഒരു ഗ്രാന്‍ഡ് സ്്ലാം ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ എത്തുന്നത്. 15-ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് സെറീനയുടെ ലക്ഷ്യം.

നിലവിലെ ചാമ്പ്യനായ അസരെങ്ക റഷ്യയുടെ യെലേന വെസ്നിനയെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തി ക്വാര്‍ട്ടറിലെത്തി. സ്കോര്‍: 6-1, 6-1. റഷ്യയുടെ തന്നെ സ്വെറ്റ്ലാന കുസ്നെറ്റ്സോവയാണ് അസരെങ്കയുടെ എതിരാളി. മുന്‍ ലോക ഒന്നാം നമ്പര്‍ ഡെന്മാര്‍ക്കിന്റെ കരോലിന്‍ വോസ്നിയാക്കിയെ പരാജയപ്പെടുത്തിയാണ് കുസ്നെറ്റ്സോവ ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍: 6-2, 2-6, 7-5. 2004-ലെ യുഎസ് ഓപ്പണ്‍, 2009-ലെ ഫ്രഞ്ച് ഓപ്പണ്‍ കീരീടങ്ങള്‍ കുസ്നെറ്റ്സോവ നേടിയിട്ടുണ്ട്. കൌമാരതാരം അമേരിക്കയുടെ സൊളാന്‍ സ്റ്റീഫന്‍സ് കരിയറിലെ ആദ്യ ഗ്രാന്‍ഡ്്സ്്ലാം ക്വാര്‍ട്ടറില്‍ കടന്നു. സെര്‍ബിയയുടെ ബോജാന ജൊവാനോവ്സ്കിയെ പരാജയപ്പെടുത്തിയാണ് സൊളാന്‍ ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍- 6-1, 3-6, 7-5.

പുരുഷവിഭാഗത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍, ബ്രിട്ടന്റെ ആന്‍ഡി മുറെ തുടങ്ങിയവര്‍ ക്വാര്‍ട്ടറിലെത്തി. മിലോസ് റൊവാനിക്കിന്റെ വെല്ലുവിളിയെ അതിജീവിച്ചാണ് 30കാരനായ ഫെഡറര്‍ അവസാന എട്ടില്‍ സ്ഥാനംപിടിച്ചത്. സ്കോര്‍: 6-4, 7-6, 6-2. മണിക്കൂറില്‍ 230 കിലോമീറ്ററിലേറെ വേഗത്തില്‍ സെര്‍വ് ചെയ്യുന്ന താരമെന്ന നിലയില്‍ ശ്രദ്ധേയനായ താരമാണ്് മിലോസ്. ഫെഡററുടെ ഗ്രാന്‍ഡ്്സ്്ലാം ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായ 35-ാം ക്വാര്‍ട്ടര്‍ പ്രവേശനമാണിത്. ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗയാണ് ക്വാര്‍ട്ടറില്‍ ഫെഡററുടെ എതിരാളി.

നാട്ടുകാരായ റിച്ചാര്‍ഡ് ഗസറ്റിനെ ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയാണ് സോംഗെ ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍: 6-4, 3-6, 6-3, 6-2. ബ്രിട്ടന്റെ ആന്‍ഡി മുറെ ഫ്രാന്‍സിന്റെ ജൈല്‍സ് സിമോണിനെ 6-3, 6-1, 6-3 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണു മുറെ അവസാന എട്ടുപേരില്‍ ഒരാളായത്. ഫ്രാന്‍സിന്റെതന്നെ ജെറമി ചാര്‍ഡിയാണ് ക്വാര്‍ട്ടറില്‍ മുറെയുടെ എതിരാളി.

സാനിയ സഖ്യം ക്വാര്‍ട്ടറില്‍

മെല്‍ബണ്‍: ഇന്ത്യയുടെ സാനിയ മിര്‍സ - അമേരിക്കയുടെ ബോബ് ബ്രയാന്‍ സഖ്യം ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സിന്റെ ക്വാര്‍ട്ടറില്‍ കടന്നു. അമേരിക്കയുടെ അബിഗായില്‍- സ്പീയേഴ്സ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് സാനിയ സഖ്യം ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ ചെക് റിപ്പബ്ളിക്കിന്റെ ലൂസി റാഡെക്ക- ഫ്രാന്റിസെക് കാര്‍മാക് സഖ്യമാണ് ക്വാര്‍ട്ടറില്‍ സാനിയ സഖ്യത്തിന്റെ എതിരാളികള്‍.

അതേസമയം, പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി- കാനഡയുടെ ഡാനിയേല്‍ നെസ്റര്‍ സഖ്യം ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഇറ്റലിയുടെ സിമോണ്‍ ബോളെല്ലി- ഫാബിയോ ഫോഗ്നിനി സഖ്യത്തോട് ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക് ഭൂപതി സഖ്യം പരാജയപ്പെട്ടു. സ്കോര്‍-3-6, 6-4, 3-6. നേരത്തെ ഡബിള്‍സില്‍ പെയ്സ് സഖ്യവും ബൊപ്പണ്ണ സഖ്യവും പരാജയപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.