പാക്കിസ്ഥാന് അനായാസ ജയം
പാക്കിസ്ഥാന് അനായാസ ജയം
Saturday, August 1, 2015 11:53 PM IST
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി-20യില്‍ പാക്കിസ്ഥാന് 29 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ബാറ്റിംഗിലും ബൌളിംഗിലും എതിരാളികളെ നിഷ്പ്രഭരാക്കിയാണ് സന്ദര്‍ശകര്‍ ജയം പിടിച്ചെടുത്തത്. സ്കോര്‍: പാക്കിസ്ഥാന്‍ അഞ്ചിന് 175, ശ്രീലങ്ക ഏഴിന് 146.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് അഹമ്മദ് ഷെഹ്സാദ്, ഷൊഹൈബ് മാലിക്, ഉമര്‍ അക്മല്‍ (മൂവരും 46 റണ്‍സ് വീതം) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് തുണയായത്. മുന്‍നിര അടിത്തറയിട്ടപ്പോള്‍ നാലാമനായിറങ്ങിയ അക്മലാണ് സന്ദര്‍ശകരെ കൂറ്റന്‍സ്കോറിലെത്തിച്ചത്. 24 പന്തില്‍ മൂന്നുവീതം സിക്സറും ഫോറും ഉള്‍പ്പെട്ടതാണ് അക്മലിന്റെ ഇന്നിംഗ്സ്. ലങ്കന്‍ നായകന്‍ ലസിത് മലിംഗ് നാലോവറില്‍ 46 റണ്‍സാണ് വഴങ്ങിയത്.

ആദ്യ മൂന്നോവറില്‍ത്തന്നെ കുശാല്‍ പെരേര (4) ദില്‍ഷാന്‍ (4), വിതംഗനെ (1) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തിയതോടെ ലങ്ക മൂന്നിന് 19 എന്നനിലയില്‍ തകര്‍ന്നു. ധനഞ്ജയ ഡിസില്‍വ (32 പന്തില്‍ 31) മിലിന്ദ സിരിവാര്‍ഡന (16 പന്തില്‍ 35) എന്നിവര്‍ തിരിച്ചുവരവിനു ശ്രമം നടത്തിയെങ്കിലും പാക് ബൌളര്‍മാരുടെ മികവ് ജയം തടഞ്ഞു. സൊഹൈല്‍ തന്‍വീര്‍ മൂന്നും അന്‍വര്‍ അലി രണ്ടും വിക്കറ്റെടുത്തു തിളങ്ങി.പരമ്പരയില്‍ രണ്ടുമത്സരമാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.