സിന്ധുവിനു സമ്മാനപ്പെരുമഴ
സിന്ധുവിനു സമ്മാനപ്പെരുമഴ
Saturday, August 20, 2016 12:29 PM IST
റിയോ: റിയോയിൽ ഇന്ത്യൻ വനിതയുടെ ആദ്യ ഒളിമ്പിക് വെള്ളി മെഡൽ നേടിയതിനു പിന്നാലെ പി.വി. സിന്ധുവിനെ തേടി സമ്മാനപ്പെരുമഴ. തെലുങ്കാന സർക്കാർ ഒരു കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ സിന്ധുവിന് ഭൂമിയും നൽകാൻ സർക്കാരിനു പദ്ധതിയുണ്ട്. തെലുങ്കാനയും ആന്ധ്രപ്രദേശും അഭിമാനതാരത്തിന് വമ്പിച്ച സ്വീകരണം ഒരുക്കാനും പദ്ധതിയിടുന്നുണ്ട്. ഹൈദരാബാദ് മുതൽ വിജയവാഡ, വിശാഖപട്ടണം എന്നിവിടങ്ങൾ വരെയുള്ള സ്‌ഥലങ്ങളിലെ കോർപറേറ്റുകളും ബിസിനസുകാരും രജത താരത്തിന് സമ്മാനവും കാഷ് പ്രൈസും നൽകാൻ വെമ്പിനിൽക്കുകയാണ്.

ഹൈദരാബാദ് ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് വി. ചാമുണ്ഡേശ്വർ നാഥിന്റെ വകയായിരുന്നു ആദ്യ സമ്മാനം. ഒരു പുതിയ ബിഎംഡബ്ലു കാറാണ് ഇദ്ദേഹം സിന്ധുവിനായി കരുതിവച്ചിരിക്കുന്നത്. കഴിഞ്ഞ ഒളിമ്പിക്സിൽ വെങ്കലം നേടിയ സൈനയ്ക്കും ചാമുണ്ഡേശ്വർനാഥ് ബിഎംഡബ്ലു സമ്മാനിച്ചിരുന്നു. റിയോയിൽ സിന്ധു മെഡൽ നേടുകയാണെങ്കിൽ കാർ നൽകുമെന്ന് ഇദ്ദേഹം ഒളിമ്പിക്സിനു മുമ്പുതന്നെ പറഞ്ഞിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ഉറ്റ സുഹൃത്തായ ഇദ്ദേഹം ബിസിനസുകാരിൽ നിന്നും കോർപറേറ്റുകളിൽ നിന്നുമാണ് ആഡംബരകാറിനുള്ള പണം കണ്ടെത്തുന്നത്. 2012ൽ സൈനയ്ക്ക് ബിഎംഡബ്ലു കൈമാറിയതും സച്ചിനാണ്. അടുത്ത മാസം സച്ചിനെക്കൊണ്ടുതന്നെ സിന്ധുവിനും ബിഎംഡബ്ല്യു നൽകാനാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.

ഇന്ത്യൻ ബാഡ്മിന്റൺ അസോസിയേഷന്റെ വക 50 ലക്ഷം വേറെയും സിന്ധുവിനു ലഭിക്കും. പരിശീലകൻ ഗോപിചന്ദിന് അസോസിയേഷൻ 10 ലക്ഷം രൂപ സമ്മാനിക്കും. ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ മെഡൽ നേടിയ സാക്ഷി മാലിക്കിനും സിന്ധുവിനും അഞ്ചു ലക്ഷം വീതം നൽകും.

മധ്യപ്രദേശ് സർക്കാർ സിന്ധുവിന് 50 ലക്ഷം രൂപയുടെ പാരിതോഷികമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിന്ധുവിനെ അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി ശിവ്രാജ്സിംഗ് ചൗഹാനാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

വിജയവാഡ ആസ്‌ഥാനമായുള്ള ഒരു ജ്വല്ലറി ശൃംഖല സിന്ധുവിനെ അവരുടെ ബ്രാൻഡ് അംബാസിഡറാക്കാനുള്ള പദ്ധതിയിലാണ്. നിരവധി റിയൽ എസ്റ്റേറ്റ് കെട്ടിട നിർമാതാക്കൾ തങ്ങളുടെ ബിംൽഡിംഗിന്റെ പ്രൊമേഷനു വേണ്ടി സിന്ധുവിനു ഫ്ളാറ്റ് സമ്മാനിക്കാനും പദ്ധതിയിടുന്നു. വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ ഏറ്റവും മികച്ച എസ് യുവികളിലൊന്ന് സിന്ധുവിന്റെ ഇഷ്‌ടപ്രകാരം തെരഞ്ഞെടുക്കാനുള്ള അവസരമാണ് നൽകിയിരിക്കുന്നത്.


റിയോയിൽ നിന്നു തിരിച്ചെത്തുന്ന സിന്ധുവിന് ഗംഭീര വിരുന്നൊരുക്കാനാണ് പദ്ധതിയെന്നു തെലങ്കാന ഐടി മിനിസ്റ്റർ കെ. ടി. രാമറാവു പറഞ്ഞു. ഡൽഹി ഗവൺമെന്റ് സാക്ഷി മാലിക്കിന് ഒരു കോടിയും സിന്ധുവിന് രണ്ടു കോടിയും പ്രഖ്യാപിച്ചു കഴിഞ്ഞു.

സിന്ധു തന്റെ എംബിഎ പഠനം നടത്തുന്ന മെഹ്ദിപട്ടണത്തിലെ സെന്റ് ആൻസ് വനിതാ കോളജിലെ കുട്ടികളും അധ്യാപകരും സിന്ധുവിന്റെ വിജയത്തിനായി കൂട്ടപ്രാർഥന നടത്തിയിരുന്നു. സംസ്‌ഥാനത്തിന്റെ പലഭാഗത്തുനിന്നുമുള്ള ഡസൻ കണക്കിന് വിദ്യാർഥികളാണ് ഗച്ചിബൗളിയിലെ ഗോപിചന്ദ് അക്കാദമിയിലെ ബിഗ് സ്ക്രീനിലൂടെ സിന്ധുവിന്റെ മത്സരം കണ്ടത്. പല സ്‌ഥലങ്ങളിലും സിന്ധുവിന്റെ വിജയത്തിനായി പൂജകളും നടന്നു. പ്രധാനമന്ത്രിയടക്കമുള്ളവർ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു. സിന്ധുവിനൊപ്പമുള്ള ഫോട്ടോയ്ക്കൊപ്പമായിരുന്നു നരേന്ദ്രമോദിയുടെ അഭിനന്ദനം.

<ആ>ആനന്ദത്തിൻ പരകോടിയിൽ സിന്ധു

റിയോ ഡി ഷാനെറോ: ആനന്ദത്തിന്റെ പരകോടിയിലാണ് താനിപ്പോഴുള്ളതെന്ന് റിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ അഭിമാന താരം പി.വി. സിന്ധു. “ഇത് അതിശയിപ്പിക്കുന്ന തരത്തിലുള്ള ഗംഭീര ആഴ്ചയാണ്. ഞാൻ നന്നായി കളിച്ചു. വലിയ മത്സരങ്ങൾ ലഭിച്ചു. ഇപ്പോൾ ഞാൻ ഒളിമ്പിക് വെള്ളി മെഡൽ ജേതാവാണ്. റിയോയിൽ എത്തിയത് ഒരു മെഡൽ നേടാൻ ഉറച്ചാണ്. അത് ഇപ്പോൾ സാധ്യമായി. ഇപ്പോൾ മുതൽ ജീവിതം മാറി തുടങ്ങുകയാണ്. ഇപ്പോഴെ താൻ അത് അനുഭവിച്ചു തുടങ്ങി’യെന്നും സിന്ധു പറഞ്ഞു.

വനിതാ ബാഡ്മിന്റൺ സിംഗിൾസ് ഫൈനലിൽ ലോക ഒന്നാം നമ്പർ സ്പെയിനിന്റെ കരോളിന മരീനോടാണ് ഒന്നിനെതിരെ രണ്ടു സെറ്റുകൾ സിന്ധു പരാജയപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.