സിന്ധുവിന് ആവേശോജ്വല സ്വീകരണം
സിന്ധുവിന് ആവേശോജ്വല സ്വീകരണം
Monday, August 22, 2016 1:17 PM IST
ഹൈദരാബാദ്: റിയോയിൽ നിന്നു തിരിച്ചെത്തിയ ഒളിമ്പിക്് വെള്ളി മെഡൽ ജേതാവ് പി.വി. സിന്ധുവിന് ഹൈദരാബാദിൽ ഗംഭീര വരവേൽപ്പ്. തിങ്കളാഴ്ച രാവിലെ ഹൈദരാബാദിലെ രാജീവ് ഗാന്ധി വിമാനത്താവളത്തിൽ വന്നിറങ്ങിയ സിന്ധുവിനും പരിശീലകൻ പുല്ലേല ഗോപിചന്ദിനും തെലുങ്കാന സർക്കാർ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. കായിക താരങ്ങളും രാഷ്ട്രീയ പ്രമുഖരും നൂറുകണക്കിന് ആരാധകരും രാജ്യത്തിന് അഭിമാനമായ താരത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.

വിമാനത്താവളത്തിലെ സ്വീകരണത്തിനുശേഷം സിന്ധുവിനെ അലങ്കരിച്ച വാഹനത്തിൽ ജിഎംസി ബാലയോഗി സ്റ്റേഡിയത്തിലേക്ക് ആനയിച്ചു. സ്റ്റേഡിയത്തിൽ തെലുങ്കാനയും ആന്ധ്രപ്രദേശും ചേർന്ന് വമ്പിച്ച സ്വീകരണമാണ് ഒരുക്കിയത്. ചടങ്ങിൽ പങ്കെടുക്കാൻ തെലുങ്കാന ഐടി മന്ത്രി കെ.ടി. രാമറാവു അടക്കം മുതിർന്ന നേതാക്കളെല്ലാം എത്തി.

ബാഡ്മിന്റൺ സിംഗിൾസിൽ മെഡൽ നേടിയതിനു പിന്നാലെ തെലുങ്കാന സർക്കാർ അഞ്ചു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൂടാതെ സിന്ധുവിന് ഭൂമിയും നൽകാൻ സർക്കാരിനു പദ്ധതിയുണ്ട്. ഹൈദരാബാദ് മുതൽ വിജയവാഡ, വിശാഖപട്ടണം എന്നിവിടങ്ങൾ വരെയുള്ള സ്‌ഥലങ്ങളിലെ കോർപറേറ്റുകളും ബിസിനസുകാരും രജത താരത്തിന് സമ്മാനവും കാഷ് പ്രൈസും നൽകാൻ വെമ്പിനിൽക്കുകയാണ്. ഇത്തരത്തിലുള്ള ഒരു സ്വീകരണം താൻ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് സിന്ധു പറഞ്ഞു. രാജ്യത്തെ ഓരോ കായിക പ്രേമിക്കും ദൈവത്തിനും നന്ദി പറയുന്നതായി സിന്ധു പറഞ്ഞു.

<ആ>സിന്ധുവിനു പുതിയ പരിശീലകനെ കണ്ടെത്തുമെന്ന് തെലുങ്കാന മന്ത്രി

ന്യൂഡൽഹി: ബാഡ്മിന്റൺ താരം പി.വി.സിന്ധുവിനായി പുതിയ പരിശീലകനെ കണ്ടെത്തുമെന്ന് തെലുങ്കാന ഉപമുഖ്യമന്ത്രി മുഹമ്മദ് മഹമ്മൂദ് അലി. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കവെയാണ് അലി വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.

ഗോപിചന്ദ് മികച്ച പരിശീലകനാണെങ്കിലും സിന്ധുവിന് ഇതിലും മികച്ച ഒരു പരിശീലകനെ തെലുങ്കാന സർക്കാർ കണ്ടെത്തിനൽകുമെന്നാണ് അലിയുടെ പ്രസ്താവന. രാജ്യം മുഴുവൻ സിന്ധുവിൽ അഭിമാനിക്കുന്നു. ഒരു കളിക്കാരിയും ആ നിലയിലേക്ക് ഉയർന്നിട്ടില്ല. തെലുങ്കാനയിൽനിന്നുള്ള ഒരു പെൺകുട്ടി ലോകപ്രശസ്തയായതിൽ സന്തോഷിക്കുന്നു. ഭാവിയിൽ, ഞങ്ങൾ സിന്ധുവിന് ഒരു മികച്ച പരിശീലകനെ കണ്ടെത്തും. ഇപ്പോഴത്തെ പരിശീലകൻ വളരെ മികച്ചതാണ്. എന്നിരുന്നാലും അടുത്തതവണ സ്വർണമെഡൽ നേടാൻ ഒരു മികച്ച പരിശീലകനെ സിന്ധുവിന് ആവശ്യമാണ്– അലി പറഞ്ഞു. സിന്ധുവിനെ സ്വന്തമാക്കുന്നതിനായി തെലുങ്കാനയും ആന്ധ്രാപ്രദേശും ശ്രമിക്കുന്നതിനിടെയാണ് അലിയുടെ വിവാദ പ്രസ്താവന.

ഗോപി ചന്ദ് അക്കാദമിയിൽനിന്നു പരിശീലനം നേടി ഒളിമ്പിക്സിൽ മെഡൽ നേടിയ താരങ്ങളാണ് പി.വി.സിന്ധു വും സൈന നെഹ്വാളും. അഞ്ചുതവണ ലോകജേതാവായ ചൈനയുടെ ലിൻ ഡാനെ ഒളിമ്പിക്സ് ക്വാർട്ടറിൽ അട്ടിമറിച്ച കെ.ശ്രീകാന്തും ഗോപിചന്ദ് അക്കാദമിയിലാണ് പരിശീലിക്കുന്നത്.

ഇതിനിടെ, സിന്ധു തങ്ങളുടേതാണെന്ന പ്രസ്താവനയുമായെത്തിയ ആന്ധ്ര, തെലുങ്കാന സർക്കാരുകൾക്ക് പരിശീലകൻ ഗോപീചന്ദ് ശക്‌തമായ മറുപടി നൽകി. സിന്ധു തെലുങ്കാനയുടെയും ആന്ധ്രയുടെയുമല്ല മറിച്ച് ഇന്ത്യയുടെതാണെന്ന് അദ്ദേഹം പറഞ്ഞു. സിന്ധുവിന്റെ കഴിവു മുഴുവൻ പുറത്തെടുക്കാനായിട്ടില്ലെന്നും ഗോപി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.