പ്രഭാസുമായുള്ള വിവാഹം: അനുഷ്കയ്ക്ക് പറയാനുള്ളത്
Wednesday, January 31, 2018 4:19 PM IST
രാജമൗലിയുടെ "ബാഹുബലി' എന്ന ചിത്രത്തിലൂടെ കാഴ്ചക്കാരുടെ മനസിൽ ആഴത്തിൽ സ്ഥാനമുറപ്പിച്ച താരങ്ങളാണ് പ്രഭാസും അനുഷ്കയും. ചിത്രം ഇന്ത്യൻ സിനിമയുടെ മുൻനിരയിൽ തന്നെ സ്ഥാനമുറപ്പിച്ചപ്പോൾ സിനിമയിൽ ഇവർ അവതരിപ്പിച്ച കഥാപാത്രങ്ങളായ അമരേന്ദ്ര ബാഹുബലിയും ദേവസേനയും തമ്മിലുള്ള വിവാഹം ജീവിതത്തിലും ആവർത്തിക്കണമെന്ന് ആരാധകർ ഏറെ ആഗ്രഹിച്ചിരുന്നു. അതിന് ആക്കം കൂട്ടുവാൻ തക്ക വിധമുള്ള കഥകളും ആരാധകർ പ്രചരിപ്പിച്ചിരുന്നു. എന്നാൽ, പ്രഭാസിൽ നിന്നും അനുഷ്കയിൽ നിന്നുമുള്ള മറുപടി തീർത്തും വ്യത്യസ്തമായിരുന്നു.

ബാഹുബലിയിലെ അഭിനയ തിരക്ക് കാരണം പ്രഭാസ് 6,000 വിവാഹാലോചനകൾ വേണ്ടെന്നു വച്ചുവെന്നും പ്രമുഖ വ്യവസായിയുടെ മകളുമായി പ്രഭാസിന്‍റെ വിവാഹം ഉറപ്പിച്ചെന്നുമുള്ള വാർത്തകൾ ഇതിന്‍റെ ഭാഗമായി പ്രചരിച്ചിരുന്നുവെങ്കിലും താരം അതെല്ലാം നിരസിക്കുകയായിരുന്നു. മാത്രമല്ല, ഇത്തരത്തിൽ ആരാധകർ നെയ്തുകൂട്ടുന്ന കഥകളിൽ തനിക്ക് വിഷമമുണ്ടെന്നും പ്രഭാസ് പറഞ്ഞിരുന്നു. കുറച്ചു നാളുകൾക്കു മുന്പ് ബോളിവുഡ് താരം രവീണ ടണ്ഡൻ ഹൈദരാബാദിൽ ഒരുക്കിയ പാർട്ടിയിൽ ഇരുവരും പങ്കെടുത്തിരുന്നു. ഇതെല്ലാമാണ് ഇരുവരും തമ്മിൽ വിവാഹിതരാകുന്നുവെന്ന ഗോസിപ്പുകൾക്ക് വീണ്ടും ശക്തി നൽകിയത്.

ഇപ്പോഴിതാ, ചാറ്റ് ഷോയ്ക്കിടെ ഇതേ കാര്യത്തെക്കുറിച്ച് ചോദ്യമുന്നയിച്ച ചാനൽ അവതാരകയ്ക്ക് അനുഷ്ക നൽകിയ കിടിലൻ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. പ്രഭാസുമായുള്ള വിവാഹത്തെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യം കേട്ട് ആദ്യമൊന്ന് അന്പരന്ന അനുഷ്ക "നിങ്ങളുടെ ജീവിതത്തിന്‍റെ വിലപ്പെട്ട സമയം എന്‍റെ വ്യക്തപരമായ കാര്യത്തിനുവേണ്ടി മാറ്റിവച്ചതിനു നന്ദി' എന്ന മറുപടിയാണ് നൽകിയത്. ദേവസേനയും ബാഹുബലിയും സിനിമയിലെ കഥാപാത്രങ്ങൾ മാത്രമാണ് അതിനപ്പുറം ഒരു രസതന്ത്രവും അത് അവതരിപ്പിച്ച ആളുകൾക്കില്ല. അതുകൊണ്ട് തന്നെ തീർത്തും വ്യക്തിപരമായ ഈ ചോദ്യത്തിന് മറ്റ് മറുപടിയില്ലന്ന് താരം ഉത്തരം നൽകുകയും ചെയ്തു.

അവതാരകയെ മാത്രമല്ല ആരാധകരെ മുഴുവൻ തന്നെ നിരാശയിലാഴ്ത്തുന്ന മറുപടിയാണ് അനുഷ്കയിൽ നിന്നും വീണ്ടുമുണ്ടായിരിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളായ അമരേന്ദ്ര ബാഹുബലിയും ദേവസേനയും ജീവിതത്തിൽ ഒന്നിക്കില്ലെന്ന് അനുഷ്ക തന്നെ തീർത്തുപറഞ്ഞ സ്ഥിതിക്ക് ആകെ വിഷമത്തിലാണ് ആരാധക കൂട്ടം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.