കാത്തിരിപ്പിന് വിരാമം; പ്രണവിന്‍റെ "ആദി' തുടങ്ങുന്നു
Thursday, July 27, 2017 6:41 AM IST
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആദി തുടങ്ങുന്നു. പ്രണവ് മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കുന്ന ത്രില്ലർ ചിത്രം ആദിയുടെ ചിത്രീകരണം ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. സംവിധായകൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലായിരിക്കും ആദ്യഘട്ട ചിത്രീകരണം.

ആക്ഷൻ‌ ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിൽ‌ മലയാളസിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ആക്ഷൻ രംഗങ്ങളാണ് ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിനായി മാസങ്ങൾക്കു മുമ്പേ പ്രണവ് തയാറെടുപ്പുകൾ ആരംഭിച്ചിരുന്നു. ഹോളിവുഡ് സിനിമയിൽ കണ്ടിട്ടുള്ള പാർക്കൗർ അഭ്യാസമുറയും പ്രണവ് പരിശീലിച്ചിരുന്നു. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് ഹോളിവുഡിൽ നിന്നുള്ള സാങ്കേതികവിദഗ്ധരുടെ സഹായമുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

"ചില നുണകൾ മാരകമായേക്കാം' എന്നാണ് ആദിയുടെ ടാഗ് ലൈൻ. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഒമ്പതാമത്തെ ചിത്രമാണ് ആദി. നേരത്തെ പ്രണവ് ജിത്തുവിന്‍റെ സംവിധാനസഹായിയായി പ്രവർത്തിച്ചിരുന്നു.

അനിൽ ജോൺസൺ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു. ആശീർവാദ് സിനിമാസിനു വേണ്ടി ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.