ഷാജി പാപ്പനും പിള്ളേരും ചിരിപ്പിച്ച് കൊല്ലും
Friday, December 22, 2017 8:04 AM IST
ലോജിക്ക് അന്വേഷിച്ച് തിയറ്ററിൽ കയറുന്ന ഏത് വലിയ ഗൗരവക്കാരനെയും ചിരിപ്പിക്കാനുള്ള സൂത്രവുമായിട്ടാണ് മിഥുൻ മാനുവലും സംഘവും എത്തിയിരിക്കുന്നത്. എന്‍റെ സംവിധായകാ "എവിടുന്നാണ് ഇത്രയേറെ മണ്ടത്തരങ്ങൾ നിങ്ങൾ ശേഖരിക്കുന്നത്'. എന്നാലും ഇത് ഇത്തിരി അന്യായം തന്നെ... ചിരിച്ച് തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റാത്ത അവസ്ഥ. ഷാജി പാപ്പനേയും കൂട്ടരേയും നിങ്ങൾ അഴിഞ്ഞാടാൻ വിട്ടിരിക്കുകയല്ലേ..!

ഒരാൾ ഇത്രയേറെ മണ്ടത്തരങ്ങൾ കാട്ടിക്കൂട്ടുന്പോൾ ഒരുപറ്റം മണ്ടന്മാർ അതിന് അകന്പടി സേവിക്കുന്ന കാഴ്ച കാണേണ്ടത് തന്നെയാണ്. തിയറ്ററിൽ തകരുകയും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്ത "ആട് ഒരു ഭീകരജീവിയാണ്' എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം തിയറ്ററിൽ എത്തിയപ്പോൾ കാര്യങ്ങൾ ആകെ മാറി മറിഞ്ഞു. ഉത്സവാന്തരീക്ഷം സൃഷ്ടിച്ചാണ് പ്രേക്ഷകർ ചിത്രത്തെ വരവേറ്റത്. ക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ ചിരിച്ച് മണ്ണുകപ്പാൻ റെഡിയാണെങ്കിൽ ഒന്നും നോക്കണ്ട "ആട് - 2' വിന് ടിക്കറ്റെടുത്തോ.



മൊബൈലുകൾ തിളങ്ങുന്നു

ഷാജി പാപ്പന്‍റെ (ജയസൂര്യ) ഇൻട്രോ ഫോട്ടം പിടിക്കാൻ തിയറ്ററിന്‍റെ അങ്ങേതലയ്ക്കൽ മുതൽ ഇങ്ങേ തലയ്ക്കൽ വരെ തയാറെടുത്തിരിക്കുന്ന മൊബൈലുകൾക്ക് മുന്നിലേക്കാണ് ആശാൻ ബുള്ളറ്റേൽ വന്നിറങ്ങുന്നത്. പിന്നീട് അങ്ങോട്ട ചിരിയുത്സവമാണ്. പഞ്ച് ഡയലോഗും കാച്ചി ആദ്യം തന്നെ പാപ്പൻ ആന മണ്ടത്തരം കാട്ടുന്നതോടെ തിയറ്ററിൽ ചിരിമഴ പെയ്യാൻ തുടങ്ങി. ആദ്യ ഭാഗത്തു കണ്ട പല്ലൂന്തിയ ലോലൻ (ഹരികൃഷ്ണൻ) രണ്ടാം ഭാഗത്തിൽ ഒന്നാന്തരം മേക്കോവറുമായാണ് രംഗപ്രവേശം ചെയ്യുന്നത്. ബാക്കിയുള്ളവർക്കാകട്ടെ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.

പാപ്പന്‍റെ സാന്പത്തിക പ്രതിസന്ധിയോടെയാണ് ചിത്രത്തിന്‍റെ തുടക്കം. ഹൈറേഞ്ചിലെ വീടും പരിസരവുമെല്ലാം കോമഡി ട്രാക്കിലൂടെ കടന്നു പോകുന്പോൾ എറിച്ചു നിന്നത് പാപ്പന്‍റെ അമ്മയാണ് (സേതുലക്ഷ്മി). പുള്ളിക്കാരിയുടെ കൗണ്ടറുകളെ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.



പോലീസുകാരില്ലാതെ പാപ്പന് എന്താഘോഷം

തുടക്കത്തിൽ തന്നെ പോലീസ് സ്റ്റേഷനുമായി ബന്ധം സ്ഥാപിച്ചെടുക്കാൻ പാപ്പന് കഴിയുന്നുണ്ട്. പോലീസുകാരില്ലാതെ പാപ്പന് എന്ത് ആഘോഷം. പോലീസുകാരനായ സർബത്ത് ഷമീർ (വിജയ് ബാബു) ഇത്തവണയും മണ്ടത്തരങ്ങൾ കാട്ടുന്നതിൽ ഒരു അമാന്തവും വരുത്തിയിട്ടില്ല. വടംവലി മത്സരങ്ങൾക്ക് ക്ഷാമം നേരിടുന്ന കാലത്തിലൂടെയാണ് പാപ്പന്‍റെയും പിള്ളേരുടെയും പോക്ക്. ആറ്റുനോറ്റ് ഒരു വടംവലി മത്സരം കിട്ടുന്നതോടെ ചിത്രത്തിന്‍റെ മട്ടും ഭാവവും മാറാൻ തുടങ്ങും. ഒട്ടും മുഷിപ്പിക്കാതെ തന്നെയാണ് ലോജിക്കില്ലായ്മയുടെ തോളിലേറി ചിത്രം മുന്നോട്ട് നീങ്ങുന്നത്.

തള്ളൊട്ടും കുറയ്ക്കാതെ അബു

തള്ളിന് പേര് കേട്ട അബുവിന്‍റെ (സൈജു കുറുപ്പ്) തള്ളലിന് രണ്ടാം ഭാഗത്തും ഒരു കുറവും സംഭവിച്ചിട്ടില്ല. തുടക്കം മുതൽ തള്ളോട് തള്ളു തന്നെ. അടുത്തിരുന്ന് പാപ്പനെ വാരാൻ അബു കാട്ടുന്ന അത്യുത്സാഹം ഒന്നു കാണേണ്ട കാഴ്ച തന്നെയാണ്. വടംവലി മത്സരത്തിന് ശേഷമുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന് അല്പം സീരിയസ് മൂഡ് നൽകുന്നത്. അപ്പോഴും കോമഡിക്ക് ഒട്ടും കുറവ് വരാതിരിക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. പാപ്പനെ തേച്ചിട്ട് പോയ മേരിയും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പാപ്പനും മേരിയും തമ്മിലുള്ള സംഭാഷണം ചിത്രത്തന്‍റെ ഹൈലൈറ്റാണ്. പാപ്പന് നേരിടാൻ ഒരു ലോഡ് പ്രശ്നങ്ങൾ ഇട്ടുകൊടുത്തിട്ടാണ് ഒന്നാം പകുതി അവസാനിക്കുന്നത്.




ഡ്യൂഡ് കസറി

ഡ്യൂഡിന്‍റെ (വിനായകൻ) തഞ്ചത്തിലുള്ള ഒന്നൊന്നര പ്ലാനിംഗ് വർക്കൗട്ടാക്കാനുള്ള സമയം സംവിധായകൻ അനുവദിച്ച് നൽകിയത് ഒന്നാം പകുതിക്ക് തൊട്ടുമുന്പാണ്. നോട്ട് നിരോധനത്തിന്‍റെ മറപറ്റിയുള്ള കോമഡി ട്രാക്ക് നല്ലരീതിയിൽ അവതരിപ്പിക്കാൻ വിനായകനും സംഘത്തിനും കഴിഞ്ഞു. നോട്ട് നിരോധനം കൊണ്ട് ബുദ്ധിമുട്ടുണ്ടായ ഒരുപാട് പേരെ സംവിധായകൻ ചിത്രത്തിൽ കാട്ടിത്തരുന്നുണ്ട്. ഉപകഥകളും അതു പിന്നീട് പാപ്പനുമായി കൂടി ചേരുന്നതുമെല്ലാം രണ്ടാം പകുതിയിൽ രസകരമായി തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

ഓരോ കഥാപാത്രങ്ങൾക്കും ഇണങ്ങും വിധമുള്ള പശ്ചാത്തലസംഗീതം നല്കി ഷാൻ റഹ്മാൻ ചിത്രത്തിന്‍റെ ഓളം കൂട്ടുന്നുണ്ട്. കൗണ്ടറുകൾ കൊണ്ട് അമ്മാനമാടി ധർമജൻ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്പോൾ സുധി കോപ്പ തന്‍റെ തനത് ശൈലിയിൽ കോമഡികൾ വാരി വിതറുന്നുണ്ട്. പാപ്പനെയും പിള്ളേരെയും മികവോടെ ഒപ്പിയെടുത്ത് കളർഫുൾ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ ഛായാഗ്രാഹകൻ വിഷ്ണു നാരായണന് നിഷ്പ്രയാസം സാധിച്ചു.

പാപ്പന്‍റെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല... അതുകൊണ്ട് ഇവിടെ ഫുൾ സ്റ്റോപ്പിടുന്നു. ഒന്നുറപ്പാണ്, ആദ്യ ഭാഗമുണ്ടാക്കിയ നഷ്ടത്തിന്‍റെ കേട് ഈ ക്രിസ്മസ് കാലയളവിൽ പാപ്പനും കൂട്ടരും അങ്ങ് തീർക്കും.

(ആട്-2 എന്നാൽ ചിരി.... ചിരിയോട് ചിരിയെന്നാണത്രേ അർഥം.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.