"ഈട' ഇങ്ങനാ...?
Monday, January 8, 2018 1:25 PM IST
"ഈട' വടക്കൻ മലബാറിലെ ഒരു പ്രയോഗമാണിത്. തനി മലയാളത്തിൽ പറഞ്ഞാൽ "ഇവിടെ'. നവാഗതനായ ബി.അജിത് കുമാറിന്‍റെ "ഈട' വടക്കൻ മലബാറിന്‍റെ, കൃത്യമായി പറഞ്ഞാൽ കണ്ണൂരിന്‍റെ രാഷ്ട്രീയ പശ്ചാത്തലം മുൻനിർത്തിയുള്ള ഒരു പ്രണയ കഥയാണ്. വടക്കൻ കേരളത്തിന്‍റെ സംഭാഷണ ശൈലിയും കണ്ണൂർ രാഷ്ട്രീയവും എല്ലാം ചർച്ച ചെയ്യുന്നുണ്ടെങ്കിലും ചിത്രത്തിന് പുതുമകളൊന്നും അവകാശപ്പെടാനില്ല. രാഷ്ട്രീയ സംഘർഷങ്ങളും കൊലപാതകങ്ങളും പരാമർശിക്കുന്നതിനാൽ ക​ണ്ണൂർ അല്ലാതെ മ​റ്റൊ​രു സ്ഥ​ല​വും ചി​ത്ര​ത്തി​ന് യോ​ജി​ച്ച പ​ശ്ചാ​ത്ത​ല​മാകില്ല.



ഒ​രു ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ തു​ട​ങ്ങി മ​റ്റൊ​രു ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ അവസാനിക്കുന്ന ചിത്രമാണ് ഈട. മൈ​സൂ​രു​വി​ൽ നി​ന്നു ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ നായിക ഐശ്വര്യ (നിമിഷ) കണ്ണൂരിന്‍റെ മണ്ണിൽ കാലുകുത്തുന്നതോടെയാണ് ചിത്രം തുടങ്ങുന്നത്. ഹർത്താലിൽ നാടും നഗരവും സ്വാഭാവികമായും സ്തംഭിക്കും. നായികയെ ഈ സ്തംഭനത്തിൽ നിന്നും രക്ഷിച്ച് വീട്ടിലെത്തിക്കാനുള്ള നിയോഗം നൽകിയാണ് നായകൻ ആനന്ദിനെ (ഷെയ്ൻ നിഗം) സംവിധായകൻ രംഗത്തിറക്കുന്നത്.



കണ്ണൂർ ആണല്ലോ... സ്വാഭാവികമായും ചിത്രത്തിൽ രാഷ്ട്രീയം നിർബന്ധമാണ്. അങ്ങനെയാണ് കെപിഎമ്മും കെജിപിയും ചിത്രത്തിൽ കടന്നുവരുന്നത്. നേരെ തന്നെ വ്യക്തമാക്കിയേക്കാം. ഐശ്വര്യയുടെ കുടുംബം അടിയുറച്ച കെപിഎമ്മുകാരാണ്. അപ്പോൾ നായകൻ എതിർപക്ഷത്താണെന്ന് രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ല. ആനന്ദിന്‍റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം കെജെപിക്കാരാണ്. നാട്ടിലും മൈസൂരുവിലും വച്ചുള്ള കൂടിക്കാഴ്ചകളിലൂടെ രണ്ടു രാഷ്ട്രീയ ധ്രുവളിൽ നിൽക്കുന്ന ഇരുവരും പ്രണയത്തിലാകുന്നതോടെയാണ് ചിത്രം ചൂടുപിടിക്കുന്നത്. ഈ "കെപിഎം-കെജെപി' പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ ബഹുലമായ കാഴ്ചകളുമാണ് ഈട പറയുന്നത്.



കണ്ടു പഴകിയ രാഷ്ട്രീയ വിമർശനങ്ങളാണ് ചിത്രത്തിൽ കയറിക്കൂടിയിരിക്കുന്നതെങ്കിലും ഒ​രു രാ​ഷ്‌​ട്രീ​യ ക​ക്ഷി​യു​ടെ​യും ഭാ​ഗം​പി​ടി​ക്കാ​തെയാണ് രാ​ഷ്‌​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളെ വിമർശിക്കുന്നത്. ദുർബലമായ തിരക്കഥയിൽ സ്ക്രീനിൽ തെളിഞ്ഞ ദൃശ്യങ്ങൾ അത്രയും കാണികൾക്ക് വിരസതയാണ് സമ്മാനിക്കുന്നത്. പശ്ചാത്തലസംഗീതവും മടുപ്പിക്കുന്നതായി. ക​ണ്ണൂ​രി​ന്‍റെ സം​സ്കാ​ര​വും ഭൂ​പ്ര​കൃ​തി​യും ഭാ​ഷ​യു​മെ​ല്ലാം ചിത്രത്തിനായി നന്നായി ഉപയോഗിച്ചിട്ടുണ്ട്. കണ്ണൂരിന്‍റെ ഉൾനാടൻ പ്രദേശങ്ങളിലെ കാഴ്ചകളും തെ​യ്യ​വും ത​റി​യു​മെ​ല്ലാം മനോഹര കാഴ്ചകളാണ്. രാ​ഷ്‌​ട്രീ​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ന്ന​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ലെ സ്ത്രീ​യു​ടെ നി​സ​ഹാ​യ​ത​യും ധൈര്യവും ഈട കാണിച്ചുതരുന്നുണ്ട്.



യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം ട്രാക്ക് മാറി സഞ്ചരിക്കാൻ തയാറല്ല എന്നതാണ് ചിത്രം സൂചിപ്പിക്കുന്നത്. എങ്കിലും ദുർബലമായ തിരക്കഥ മറികടക്കാൻ നായകനും നായികയും പരമാവധി ശ്രമിച്ചിട്ടുണ്ട്. ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മിയുടെ പ്രകടനവും പ്രേക്ഷക പ്രീതി നേടും. പി.​ബാ​ല​ച​ന്ദ്ര​ൻ, ബാ​ബു അ​ന്നൂ​ർ, ഷെ​ല്ലി കി​ഷോ​ർ, രാ​ജേ​ഷ് ശ​ർ​മ്മ, സു​ധി കോ​പ്പ, സു​നി​ത തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. ചിത്രത്തിലെ ഗാനങ്ങൾ ഹൃദയത്തോടെ ചേർന്നു നിൽക്കുന്നവയാണ്.

സോനു തോമസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.