കുത്തിക്കൊല്ലുന്ന ഹണി ബീ 2
Thursday, March 23, 2017 7:31 AM IST
കോമഡിയും സെന്‍റിമെൻസും കൗണ്ടറുകളും എല്ലാം കൂടി മിക്സിയിലിട്ട് അടിച്ചെടുത്തപ്പോൾ ആകെ മൊത്തം ചളകുളമായി എന്നു പറഞ്ഞാൽ മതിയല്ലോ.... ഒന്നും അങ്ങോട്ട് ഏശിയില്ല. ഹണി ബീയിൽ ഉണ്ടായിരുന്ന പുതുമയും യുവത്വത്തിന്‍റെ പ്രസരിപ്പുമെല്ലാം രണ്ടാം ഭാഗത്തിൽ അന്പേ കൈവിട്ടു പോയി. പാകപ്പിഴ എവിടെയാണ് സംഭവിച്ചതെന്ന് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലാ... തിരക്കഥ സംഭാഷണം ഇവരാണ് വില്ലൻമാർ. ഇതു രണ്ടും ഒരുക്കിയതാകട്ടെ സംവിധായകൻ കൂടിയായ ലാൽ ജൂണിയറും.

ഉള്ള സംഭവം വൃത്തിക്ക് ആദ്യഭാഗത്തിൽ തന്നെ പറഞ്ഞു തീർത്തിട്ട് സലാം അടിച്ചിരുന്നേൽ ഇത്ര പ്രശ്നം ഉണ്ടാകുമായിരുന്നില്ലെന്ന് ഇപ്പോൾ തോന്നുന്നു. ഇതിപ്പോൾ സെബാനും കൂട്ടരും വീണ്ടുമെത്തി മൊത്തത്തിൽ വെറുപ്പിച്ചു. പ്രതീക്ഷാഭാരം ഏറെയുള്ള ചിത്രമായിരുന്നു ഹണി ബീ - 2 സെലിബ്രേഷൻസ്. ആ പ്രതീക്ഷ ഭാരം താങ്ങാനാവാതെ തലകുത്തി വീഴുന്ന കാഴ്ചയാണ് ബിഗ് സ്ക്രീനിൽ തെളിയുന്നത്.



ഒന്നാം ഭാഗത്തിൽ അബുവും (ശ്രീനാഥ് ഭാസി), ഫെർണാണ്ടസും(ബാബു രാജ്), അംബ്രോസും (ബാലു വർഗീസ്) എല്ലാം നൈസായിട്ട് പ്രേക്ഷകരുടെ മനസിലേക്ക് ചെക്കേറിയത് കൊച്ചിക്കാരുടെ ലോക്കൽ ഭാഷയിൽ ഭേഷാ ഡയലോഗ് പറഞ്ഞിട്ട് തന്നെയാണ്. ആ ‌‌ തുടർച്ച രണ്ടാം ഭാഗത്തിലും കാണാമെങ്കിലും സ്വഭാവികത കൈവിട്ട കൗണ്ടറുകളുടെ അതിപ്രസരം ഇത്തവണ വില്ലനായി അവതരിച്ചതോടെ സംഭവം കൈവിട്ടു പോയി.




ഹണി ബീ കുടുംബത്തിലേക്കു പുതിയ അംഗങ്ങൾ കടന്നുവരുന്നു എന്നുള്ള പുതുമ ചിത്രത്തിനുണ്ട്. എന്നാൽ ക്ലീഷേകളുടെ അകന്പടിയാൽ അവരെ അവതരിപ്പിച്ചതോടെ എന്തിനായിരുന്നു ഇങ്ങനെ ഒരു സാഹസമെന്ന് പ്രേക്ഷകർ അറിയാതെ ചോദിച്ചു പോകും. തേനിന്‍റെ മധുരം നുണയാൻ അവസരം നല്കിയ ശേഷം തേനീച്ചയ്ക്ക് നല്ലപോലെ കുത്താൻ അറിയാമെന്നു കൂടി സംവിധായകൻ ഓർമിപ്പിക്കുകയാണ് ഹണി ബീ 2.



കൗണ്ടറുകളിൽ ദ്വയാർഥങ്ങൾ കുത്തിനിറച്ചാൽ യുവാക്കൾ ചിരിച്ചോളുമെന്നുള്ള തോന്നൽ സംവിധായകന് എപ്പോൾ തലയിൽ ഉദിച്ചോ അപ്പോൾ തന്നെ ചിത്രം പരാജയത്തിന്‍റെ വഴി തുറന്നിരുന്നു. കടലിലേക്കുള്ള ചാട്ടത്തിന് ശേഷം സെബാന്‍റെയും ഏയ്ഞ്ചലിനെയും (ഭാവന) ജീവിതത്തിൽ എന്തു സംഭവിച്ചുവെന്നാണ് ചിത്രം പറയുന്നത്. സെബാൻ (ആസിഫ് അലി) അഡ്രസുള്ളവനാണെന്ന് അറിയുന്നതോടെ തന്നെ ചിത്രത്തിലെ ട്വിസ്റ്റുകൾ ആരംഭിക്കുകയാണ്. സെബാന്‍റെ കുടുംബത്തിന്‍റെ പരിചയപ്പെടുത്തലും പിന്നീട് ഇവരുടെ കല്യാണത്തിലേക്കും കഥ മാറുന്നതോടെ ചിത്രം കോമഡി ട്രാക്കിൽ നിന്നും പതുക്കെ വഴിമാറും. കുടുംബപ്രേക്ഷകരെ മയക്കാൻ സെന്‍റിമൻസ് ഇല്ലാണ്ട് പറ്റില്ലല്ലോ, പക്ഷേ ഇത്തിരി സെന്‍റിമെൻസിന് പകരം ഒത്തിരി സെന്‍റിമെൻസ് ആയാലോ... ഹോ അതാണ് സഹിക്കാൻ കഴിയാതെ വരുന്നത്.



ആദ്യ ഭാഗത്തെ അപേക്ഷിച്ച് നായകൻ ആസിഫിന് ചിത്രത്തിൽ അല്പം പ്രാധാന്യം കുറഞ്ഞിട്ടുണ്ട്. എന്നാൽ ഒന്നാം ഭാഗത്തിൽ കസറിയ ഭാവന രണ്ടാം ഭാഗത്തിലും മികച്ച പ്രകടനം പുറത്തെടുത്തു. ഏയ്ഞ്ചലിന്‍റെ കുടുംബാംഗങ്ങളുടെ ഇൻട്രോ ഒന്നാം ഭാഗത്തിൽ ഗംഭീരം ആയിരുന്നെങ്കിൽ രണ്ടാം ഭാഗത്തിൽ അവരുടെ പ്രകടനം അത്രയ്ക്ക് അങ്ങ് ശോഭിച്ചില്ലായെന്നു പറയേണ്ടി വരും. ലാലും, സുരേഷ് കൃഷ്ണയുമെല്ലാം ഒട്ടും പവറില്ലാതെ അഭിനയിച്ചപ്പോൾ ചിത്രത്തിന്‍റെ ബാലൻസിംഗിനെ തന്നെ ബാധിച്ചു. ഇപ്പോഴും പലരും മൂളിക്കൊണ്ടു നടക്കുന്ന ഹണി ബീയിലെ പാട്ടിന്‍റെ വരികളും സംഗീതവും ഇടയ്ക്കിടെ വന്ന് രണ്ടാം ഭാഗത്തിന് ഉൗർജം പകരുന്നുണ്ട്.



തേനീച്ചയുടെ കുത്തേൽക്കാതെ പോയ ഒരേ ഒരാൾ ഛായാഗ്രാഹകൻ ആൽബിയാണ്. ആകെമൊത്തം അലങ്കോലമായെങ്കിലും കളർഫുള്ളായി സെബാന്‍റെ കല്യാണം പകർത്തുന്നതിൽ ആൽബി വിജയിച്ചു. ഹണി ബീയേക്കാളും ആളെണ്ണം ക്രമാതീതമായി ഹണി ബീ -2 വിൽ കൂടിയപ്പോൾ ചിത്രം എങ്ങനെ തുടങ്ങി എങ്ങനെ അവസാനിപ്പിക്കണമെന്ന് സംവിധായകന് കണ്‍ഫ്യൂഷനായിപ്പോയി. തന്പിയും (ശ്രീനിവാസൻ) റൂബിയും (ലെന) പിന്നെ അവരുടെ കുടുംബങ്ങളും കൂടി ചിത്രത്തിൽ കടന്നു വന്നപ്പോൾ ആരൊക്കയോ വന്നു, എന്തൊക്കയോ വിളിച്ചു പറഞ്ഞിട്ടു പോകുന്ന പോലുള്ള അവസ്ഥയിലേക്ക് ചിത്രം നീങ്ങുന്നുണ്ട്. ആദ്യ ഭാഗത്തിന്‍റെ അത്ര മികച്ചതായില്ലെങ്കിലും ചിത്രത്തിന്‍റെ ഓളത്തിന് അനുസരിച്ച് സംഗീതം ഒരുക്കി ദീപക് ദേവ് പ്രേക്ഷകർക്ക് അല്പം ആശ്വാസം നല്കുന്നുണ്ട്.

അപ്പോൾ സംഭവങ്ങളുടെ കിടപ്പെല്ലാം മനസിലായല്ലോ. ഇനി തീരുമാനിച്ചോ ഈ ആഘോഷം കാണണോ വേണ്ടയോ എന്ന്..!

(ഈ തേനീച്ചയുടെ കുത്തേൽക്കണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.