വെറും പൊള്ളയായ "സത്യ'
Thursday, April 20, 2017 3:40 AM IST
സംഭവം കളർഫുള്ളാണ്... പക്ഷേ സഹിക്കാൻ പറ്റില്ലായെന്നു മാത്രം. ആരെ രക്ഷിക്കാനാണ് ഇത്തരമൊരു ചിത്രം സംവിധാനം ചെയ്യാൻ അന്തരിച്ച സംവിധായകൻ ദീപൻ സമ്മതിച്ചതെന്നേ അറിയേണ്ടതുള്ളു. മരണത്തിന് തൊട്ടു മുൻപ് ഒരുക്കിയ "സത്യ' തന്നാലാവും വിധം കളർഫുള്ളാക്കാൻ ദീപൻ ശ്രമിച്ചിട്ടുണ്ട്. അത് മാത്രമേ സംവിധായകനെന്ന് നിലയ്ക്ക് അദ്ദേഹത്തിന് ചെയ്യാനുണ്ടായിരുന്നുള്ളു.




സത്യയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ എ.കെ. സാജന് ട്വിസ്റ്റുകളുടെ രാജകുമാരൻ എന്ന പട്ടം ചാർത്തി കൊടുക്കേണ്ടിയിരിക്കുന്നു. എന്തൊരു വെറുപ്പിക്കലാണ് മിസ്റ്റർ നിങ്ങൾ കാണിച്ചുവച്ചിരിക്കുന്നത്. പ്രേക്ഷകരെ പരീക്ഷിക്കാം പക്ഷേ, എല്ലാത്തിനും ഒരു പരിധി വേണമെന്ന് മാത്രം. നട്ടെല്ലില്ലാത്ത തിരക്കഥയ്ക്ക് മുന്നിൽ തലവച്ചു കൊടുക്കാൻ നായകൻമാർ ക്യൂ നിൽക്കുന്ന കാലത്ത് ഇതൊന്നും ഒരു അത്ഭുതമല്ല. റോഡ് മൂവി വിഭാഗത്തിലോ ആക്ഷൻ ത്രില്ലർ വിഭാഗത്തിലോ സത്യയെ ഉൾപ്പെടുത്താം. കാരണം ആക്ഷനും റോഡിലൂടെയുള്ള ഓട്ടവും ആവശ്യത്തിന് ചിത്രത്തിലുണ്ട്.




ദീപന്‍റെ "പുതിയ മുഖം' പൃഥ്വിരാജിന് ബ്രേക്ക് നൽകിയ ചിത്രമാണെങ്കിൽ സത്യ ജയറാമിന് എന്തായിരിക്കുമെന്ന് പ്രേക്ഷകർ തന്നെ വിലയിരുത്തട്ടെ. ലുക്ക് മാത്രം മതിയായിരുന്നെങ്കിൽ വല്ല ഫോട്ടോ ഷൂട്ടോ മറ്റോ നടത്തിയാൽ പോരായിരുന്നോ, എന്തിന് ഇജ്ജാതി അഡ്രസില്ലാത്ത സിനിമകളിൽ തലവച്ചു എന്ന് ആരെങ്കിലും ചോദിച്ചാൽ തെറ്റുപറയാൻ പറ്റില്ല.




നായികമാർ രണ്ട്... ഒരേ ഒരു നായകൻ... ആവശ്യത്തിൽ അധികം വില്ലൻമാർ... പിന്നെ ചപ്പും ചവറും പോലെ കുറെ കഥാപാത്രങ്ങൾ നല്ല മസാല തെലുങ്ക് പടത്തിന് വേണ്ട ചേരുവകളെല്ലാം കൃത്യമായി സത്യയിൽ ഉണ്ടായിരുന്നു. പക്ഷേ ചിത്രം മലയാളത്തിലാണ് എടുക്കുന്നതെന്നുള്ള കാര്യം തിരക്കഥാകൃത്ത് മറന്നപ്പോൾ പിറവി കൊണ്ടത് ഒരു തട്ടിക്കൂട്ട് പ്രതികാര കഥ.

സസ്പെൻസുകൾ, ട്വിസ്റ്റുകൾ എല്ലാം ചിത്രത്തിലുടനീളം ഉണ്ടാകുമെന്ന് സൂചിപ്പിക്കും വിധമുള്ള തുടക്കം. പിന്നീട് പതുക്കെ ഫ്ളാഷ് ബാക്കിലേക്ക് തിരിഞ്ഞുനോട്ടം. ഇതാണ് സത്യ. ലോജിക്കില്ലാത്ത ട്വിസ്റ്റുകൾക്ക് ഇടയിൽ പെട്ടുപോയ സംവിധായകന്‍റെ മുഖം ചിത്രത്തിലെ കഥാപാത്രങ്ങളിലൂടെ കാണാനാവും. നൂറുകണക്കിന് ട്വിസ്റ്റുകൾ തിരുകികയറ്റി അഴിയാക്കുരുക്കായ തിരക്കഥയിൽ മികച്ച സിനിമയുണ്ടാക്കാൻ സംവിധായകൻ മജീഷ്യൻ വല്ലതുമാണോ?



പോണ്ടിച്ചേരിയിലെ റമ്മി കളിക്കാരൻ, വൻ തോക്കുകളുടെ ബിനാമിയെന്നു വേണമെങ്കിലും വിശേഷിപ്പിക്കാം സത്യ(ജയറാം)യെ. ഒരുപാട് നിഗൂഡതകളെ ഒളിപ്പിച്ചുകൊണ്ടുള്ള സത്യയുടെ പോക്കിനൊപ്പം സഞ്ചരിക്കാൻ പ്രേക്ഷകർ തുടക്കം മുതലേ നന്നായി പാടുപെടും. ബാർ ഡാൻസറായ റോസി(റോമ)യെ തേടിയുള്ള വരവും പിന്നെയുള്ള കോലാഹലങ്ങളും ചിത്രത്തെ ആക്ഷൻ-ത്രില്ലർ മൂഡിലേക്ക് കൊണ്ടുവരുന്നുണ്ട്. തുടരെയുള്ള യാത്രയിൽ കഥകളുടെ കെട്ടഴിഞ്ഞ് വീഴുന്നതോടെ ആ ത്രില്ലൊക്കെ ഏതു വഴിക്കാ പോയതെന്നു മനസിലാക്കാൻ പറ്റിയില്ല. പിന്നെ ട്വിസ്റ്റുകളോട് ട്വിസ്റ്റുകൾ. ഇത്രയേറെ ട്വിസ്റ്റുകൾ ഒരു ചിത്രത്തിൽ കുത്തിനിറയ്ക്കാൻ മാത്രം പ്രേക്ഷകർ എന്തു തെറ്റാണാവോ തിരക്കഥാകൃത്ത് സാറിനോട് ചെയ്തത്.




ലോജിക്കില്ലായ്മയുടെ കൂടാരമായി സത്യ മാറുന്ന കാഴ്ചയാണ് ഒന്നാം പകുതിക്ക് ശേഷം കാണാൻ കഴിയുക. തുടക്കം ഒരു പാട്ട് പിന്നെ രണ്ടു മണിക്കൂറിനകത്ത് നാലോളം പാട്ടുകൾ. അതിനൊന്നും ഒരു കുറവും വരുത്തിയിട്ടില്ല. ഫ്ളാഷ് ബാക്കിന്‍റെ കെട്ടഴിഞ്ഞ് വീഴുന്ന വഴി വരുന്ന പാർവതി നന്പ്യാരാണ് ചിത്രത്തിലെ യഥാർഥ നായിക. പാർവതിയുടെ പ്രകടനം ചിത്രത്തിൽ ദയനീയമാണ്. കുറ്റം പറയരുതല്ലോ, നായകൻ തുടക്കം മുതൽ ഒടുക്കം വരെ സ്ലോമോഷനിലും മറ്റും എത്തി സ്റ്റൈലിഷായി വെറുപ്പിച്ചിട്ടുണ്ട്.




രണ്ടാം പകുതിയിലേക്ക് എത്തുന്പോഴാണ് കഥയുടെ (സോറി കഥയില്ലായ്മയുടെ) തനിനിറം പുറത്തു ചാടുന്നത്. അതുപക്ഷേ പറയുന്നില്ല ചിത്രത്തിലെ ആകെ കൊള്ളാവുന്ന ഒരു ട്വിസ്റ്റ് അതുമാത്രമാണ്. വേണമെങ്കിൽ, താത്പര്യമുള്ളവർക്ക് മാത്രം അത് തീയറ്ററിൽ പോയി കണ്ട് ആസ്വദിക്കാം. നിരനിരയായി നിരവധി കഥാപാത്രങ്ങൾ നായകന്‍റെ പോണ്ടിച്ചേരി യാത്രയ്ക്കിടയിൽ വന്നു പോകുന്നുണ്ടെങ്കിലും അവരെയെല്ലാം വഴിപോക്കരായി മാത്രമാണ് തിരക്കഥാകൃത്ത് കണ്ടത്. കഥയിൽ അവർക്കൊന്നും ഒരു റോളുമില്ലെന്ന് ചുരുക്കം.

പിന്നെ പ്രധാന വില്ലൻ... പുള്ളി കാട്ടിക്കൂട്ടുന്ന വിക്രിയകളാണ് ചിത്രത്തിലെ തമാശ. ഇത്രയും സ്റ്റൈലിഷായ ആക്ഷൻ-ത്രില്ലറിന് അതിനൊത്ത പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ഇങ്ങനെ എല്ലാം കൊണ്ടും പ്രേക്ഷകരെ പരീക്ഷിക്കുന്ന ത്രില്ലർ കാണണോ വേണ്ടയോയെന്ന് നിങ്ങൾക്കു തീരുമാനിക്കാം.

(സ്റ്റൈലിഷാകാൻ ജയറാം സ്വീകരിച്ച സത്യ അല്പം കടുപ്പമാണ്.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.