നിരാശയുടെ "തീരം'
Saturday, July 22, 2017 8:48 AM IST
ഈ തീരത്ത് പ്രണയമുണ്ട്, കൊച്ചുകഥയുണ്ട്, പ്രതികാരമുണ്ട്, പുതുമകൾ കൊണ്ടുവരാനുള്ള ശ്രമവുമുണ്ട്. ഇത്രയൊക്കെ ഉണ്ടായിട്ടും "തീരം' നിരാശ മാത്രമാണ് സമ്മാനിക്കുന്നത്. ആലപ്പുഴയുടെ തീരത്തുള്ള ഒരുകൂട്ടം സിനിമ പ്രേമികളുടെ സ്വപ്നങ്ങളുടെ സാക്ഷാത്കാരം മാത്രമായി ചിത്രം ഒതുങ്ങി പോയെന്ന് സാരം.

ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ തിരുത്താവുന്ന ഒരുപാട് കാര്യങ്ങൾ ചിത്രത്തിൽ മിന്നിമറിയുന്നതിനിടയിലും എവിടെയെല്ലാമോ ഒരു നല്ല സംവിധായകന്‍റെ കൈയൊപ്പ് കാണാൻ കഴിഞ്ഞു. പക്ഷേ ആദ്യ സംവിധാന സംരംഭത്തിന്‍റെ പരിഭ്രമങ്ങളിൽ പെട്ട് സഹീദ് അറാഫത്ത് ആടി ഉലയുന്നത് സ്ക്രീനിൽ പല പല രംഗങ്ങളിലൂടെ കാണാനായി. അവകാശവാദങ്ങൾ ഒന്നുമില്ലാതെ തനി നാടൻ കഥയുമായാണ് തീരം പ്രേക്ഷകർക്ക് ഇടയിലേക്കെത്തിയത്. പക്ഷേ, സാങ്കേതികതയുടെ പിഴവുകളിൽ പെട്ട് ചിത്രം തലകുത്തനെ വീഴുന്ന കാഴ്ചയാണ് തിയറ്ററിൽ കാണാൻ കഴിഞ്ഞത്.



നടൻ രതീഷിന്‍റെ മകൻ പ്രണവ് രതീഷിന് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാനുള്ള അവസരമാണ് സംവിധായകൻ തീരത്തിലൂടെ നൽകിയത്. ആലപ്പുഴയുടെ പരിസരപ്രദേശങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയതെങ്കിലും കിഴക്കിന്‍റെ വെനീസിലെ അഴകിനെ വേണ്ടുവോളം ഒപ്പിയെടുക്കാൻ ഛായാഗ്രാഹകൻ മടികാട്ടുന്നുണ്ട്. ഒരു ചിത്രത്തിന്‍റെ മനസായി മാറേണ്ട കാമറ കണ്ണുകൾ ലക്കും ലഗാനുമില്ലാതെ ചലിക്കുന്ന കാഴ്ചയാണ് തുടക്കം മുതൽ കാണാൻ കഴിയുക. ഒരു ഫ്രെയിമിലേക്ക് കടന്നുവരേണ്ടത് എന്തെല്ലാമാണെന്നുള്ള കണക്കുകൂട്ടലുകളോ ധാരണകളോ ഇല്ലാതെയാണ് ഛായാഗ്രാഹകൻ കാമറ ചലിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ രസംകൊല്ലികളായി മാറിയ ഫ്രെയിമുകൾ എണ്ണിയാൽ ഒടുങ്ങില്ല.

എങ്ങനെയോ ആലപ്പുഴയിൽ എത്തിപ്പെട്ട് നാടും വീടും പറയാൻ മടിക്കുന്ന അലിയെന്ന ഓട്ടോ ഡ്രൈവറായി പ്രണവ് രതീഷ് തരക്കേടില്ലാത്ത പ്രകടനമാണ് ചിത്രത്തിൽ പുറത്തെടുത്തിരിക്കുന്നത്. ഒട്ടുമിക്ക ചിത്രങ്ങളും ഇപ്പോൾ ഫ്ളാഷ് ബാക്കിന്‍റെ മറ പറ്റിയാണല്ലോ കഥ പറയുന്നത്. തീരത്തിലും ആ പതിവ് തുടരുന്നുണ്ട്. കഥാപാത്രം ആവശ്യപ്പെടുന്ന നിഗൂഢതകൾ പ്രണവിന്‍റെ മുഖത്തു നിഴലിക്കുന്നതോടെ കഥയ്ക്കുള്ളിലേക്ക് പ്രേക്ഷകർ താനെ കയറിക്കൂടും.



പറഞ്ഞ് പഴകിയ പ്രണയ കഥയുടെ അംശം അവിടെ ഇവിടെയായി തീരത്തിലും കടന്നു വരുന്നുണ്ടെങ്കിലും അലിയുടെയും സുഹ്റയുടെയും(മരിയ ജോണ്‍) പ്രണയം കണ്ണിന് കുളിർമ നൽകുന്ന കാഴ്ചകളാണ് സമ്മാനിക്കുക. ജീവത യാത്രയ്ക്കിടയിൽ ആരും കാണാത്ത കോണിൽ ഒളിപ്പിച്ചുവച്ച പലരുടെയും പ്രണയം ഈ പുതുമുഖ താര ജോഡികൾ തട്ടിയുണർത്തുന്നുണ്ട്.

ഒരുപിടി പുതുമുഖങ്ങൾ തീരത്തിന്‍റെ ഓരം പറ്റി ബിഗ് സ്ക്രീനിൽ ഇടംപിടിച്ചു. പെരുമാറ്റങ്ങളിൽ കൃത്രിമത്വം കലർത്താതെ അവരെല്ലാവരും തന്നെ കഥയുടെ ഗതിയെ മുന്നോട്ടു നയിക്കുന്നുണ്ട്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായി എത്തുന്ന ടിനി ടോം പതിവ് നന്പറുകളുമായി തന്‍റെ കഥാപാത്രത്തിലേക്ക് ഇറങ്ങിചെല്ലുന്നുണ്ട്.



പ്രധാന കഥാപാത്രങ്ങളെ സംഘർഷങ്ങളുടെ കൂട്ടിലിട്ട് അടയ്ക്കാൻ ശ്രമിക്കുന്ന സംവിധായകൻ പിന്നീട് അവരെ തുറന്നു വിടുന്പോഴേയ്ക്കും കഥ കൈവിട്ടു പോയതാണ് ചിത്രത്തിന് തിരിച്ചടിയായത്. പ്രണയവും ജീവിതത്തിന്‍റെ എഴുതാപ്പുറങ്ങളുമെല്ലാം തീരത്തിൽ കടന്നു വരുന്നുണ്ടെങ്കിലും ഇവയെ എല്ലാം കൂട്ടിമുട്ടിക്കാൻ സംവിധായകൻ നന്നേ പാടുപെടുന്നുണ്ട്. ഒടുവിൽ സ്വാതന്ത്ര്യത്തിന്‍റെ ചിറകിലേറി പോകാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ മുന്നിലേക്ക് നിർത്തി കഥ പറഞ്ഞു തീർക്കാൻ വെന്പൽ കാണിച്ചതോടെ കഥയുടെ ഒഴുക്ക് താനെ നിലച്ചു. എന്തോ പറയാൻ വന്നു മറ്റെന്തോ പറഞ്ഞ് പലവഴികളിലേക്ക് കഥ തിരിഞ്ഞതോടെ എല്ലാം കൈവിട്ടു പോയി.

പിന്നെ, ഫുൾസ്റ്റോപ്പിടാനായുള്ള നെട്ടോട്ടമായിരുന്നു. ഒടുവിൽ അത് സംഭവിച്ചു സിനിമ അവസാനിച്ചു. രണ്ടു മണിക്കൂർ പോലുമില്ലാത്ത ചിത്രത്തിൽ ആശ്വാസ്യകരമായി തോന്നിയ ഒരേ ഒരു ഘടകം പാട്ടുകൾ മാത്രമാണ്. പ്രണയിക്കാൻ വെന്പൽകൊണ്ടു നിൽക്കുന്നവർ ഈ ചിത്രം കാണുന്നത് നന്നായിരിക്കും. ചില പൊടിക്കൈകൾ തീരം നിങ്ങൾക്ക് സമ്മാനിക്കും. വാചാലമാകാതെ എങ്ങനെ പ്രണയിക്കാമെന്ന് ചിത്രം കാട്ടിത്തരും.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.