ക്ലിക്കാകാതെ "തൃശ്ശിവപേരൂർ ക്ലിപ്തം'
Friday, August 11, 2017 5:11 AM IST
ആദ്യമേ പറഞ്ഞേക്കാം, ആസിഫ് അലിയാണ് (ഗിരിജാവല്ലഭൻ) "തൃശ്ശിവപേരൂർ ക്ലിപ്തം' എന്ന ചിത്രത്തിലെ നായകൻ. പടം കണ്ട് തിരിച്ചിറങ്ങുന്പോൾ മറന്നു പോകാതാരിക്കാനുള്ള ഓർമപ്പെടുത്തലായി കരുതിയാൽ മതി. നായകൻ... നായകനെന്ന് ഒന്നോ രണ്ടോ വട്ടം ചിത്രത്തിൽ ആസിഫിനെ ചൂണ്ടി പറയുന്നുണ്ട്. ശരിക്കും അത് സംവിധായകന്‍റെ തന്ത്രമാണ് പ്രേക്ഷകരെ തൃപ്തിപ്പെടുത്താനുള്ള ഒരു തന്ത്രം. ആസിഫിന് ഈ പറഞ്ഞത് ബോധിച്ചിട്ടുണ്ടാവും, ഏത് താനാണ് നായകനെന്നുള്ള ഓർമപ്പെടുത്തലേ...

പക്ഷേങ്കില് പ്രേക്ഷകർക്ക് അത് തോന്നൂലാട്ടോ. ലോ ലവിടെ നിന്ന് ഇങ്ങോട്ട് സംവിധായകൻ തുടങ്ങുകയാണ് കെട്ടഴിഞ്ഞ് പോയ പട്ടം കണ്ടെത്താനുള്ള നെട്ടോട്ടം. ആവിഷ്കരണവും സംഭവങ്ങളുമെല്ലാം കൊള്ളാം തരക്കേടില്ല. പക്ഷേ, പരസ്പര ബന്ധമില്ലാതെ കുറച്ച് സംഭവങ്ങൾ പറഞ്ഞ് തീർക്കാൻ പുതുമുഖ സംവിധായകൻ രതീഷ് കുമാർ ശ്രമിച്ചപ്പോൾ എല്ലാം കൈവിട്ടു പോയി.



ചിരിപ്പിച്ചുകൊണ്ട് തുടക്കം

കല്യാണ രംഗവും അതിനായി കാട്ടിക്കൂട്ടുന്ന സംഭവങ്ങളുമെല്ലാം ചെന്പനും(ഡേവിഡ് പോളി) സംഘവും വെടിപ്പായി അങ്ങ് ചെയ്തപ്പോൾ തിയറ്ററിൽ ചിരിമേളം ഉയർന്നു. ഒരുപാട് കല്യാണ രംഗങ്ങൾ ബിഗ് സ്ക്രീനിൽ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒന്നിത് ആദ്യം. അത്രയ്ക്കെ സ്റ്റോക്ക് ഉണ്ടായിരുന്നുള്ളു സംവിധായകന്‍റെ കൈയിൽ. പിന്നീട് ഇങ്ങോട്ട് മുൻപ് പ്രേക്ഷകർ ഏറ്റെടുത്ത ലിജോ ജോസ് പല്ലിശേരിയുടെ "ആമേൻ' എന്ന ചിത്രത്തിലെ ചില രംഗങ്ങൾ ഓർമിപ്പിക്കും വിധമാണ് ചിത്രം പോകുന്നത്. പക്ഷേ, കാട്ടിയത് മുഴുവൻ തറ കോമഡിയും. ചിരിപ്പിക്കാനായി എന്തും ചെയ്യുന്നവരാണല്ലോ സിനിമാക്കാർ. അപ്പോൾ പിന്നെ ഇതും ഇതിന്‍റെ അപ്പുറവും കാണാൻ പ്രേക്ഷകർക്ക് വിധിയുണ്ടെന്ന് ചുരുക്കം.

വല്ലാത്ത ശത്രുതയായി പോയി

ഇപ്പോഴും ഈ കുഞ്ഞു കാര്യങ്ങളുടെ പുറത്തുള്ള ശത്രുത കളി വിടാൻ സിനിമാക്കാർ ഒരുക്കമല്ലാന്നു തോന്നുന്നു. ഡേവിഡ് പോളിയുടെയും ചെന്പാടൻ ജോയിയുടെയും (ബാബുരാജ്) ശത്രുത കാണുന്പോൾ കഷ്ടം തോന്നും. സ്കൂൾ കാലത്തുള്ള ശത്രുത മറക്കാത്ത തടിമാടന്മാർ. പറഞ്ഞ് പഴകിയ ക്ലീഷേകൾ ആവർത്തിക്കുക മാത്രമാണ് ഇവിടെ ചെയ്തിരിക്കുന്നത്. പശ്ചാത്തല സംഗീതവും പിന്നെ അടിയും ഇടിയും വെല്ലുവിളികളും എല്ലാമിട്ട് ആകെമൊത്തം ഉഷാറാക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ഒന്നേയുള്ളു പുതുമകൾ ഒന്നും കാണാനില്ല. എല്ലാം പഴയപടി തന്നെ.



ഇടയ്ക്ക് കയറുന്ന ഗിരിജാവല്ലഭൻ

ട്രിവാൻട്രം ലോഡ്ജിലെ അബ്ദുവിനെ(ജയസൂര്യ) ആരും മറക്കാൻ ഇടയില്ല. ആ കഥാപാത്രത്തെ ഏകദേശം ചെത്തി മിനുക്കി ഗിരിജാ വല്ലഭനാക്കിയിരിക്കുകയാണ് ഇവിടെ. ആസിഫ് ഇതിന് മുന്പ് ചെയ്ത കഥാപാത്രങ്ങളും ഗിരിജാവല്ലഭനിൽ കാണാനാവും. ചെന്പനാണ് നായകനെന്നു പറഞ്ഞാൽ ഏശില്ലാന്ന് തോന്നിയിട്ടോ എന്തോ, ശരിക്കും നായകനായ ചെന്പനെ സഹനടനായും ശിങ്കിടിയായി എത്തുന്ന ആസിഫിനെ നടനായും ഡയലോഗുകളിലൂടെ ഉയർത്തി കാട്ടുന്നുണ്ട്. കഥ മുന്നോട്ടുകൊണ്ടുപോകാൻ പാകത്തിന് ഇടയ്ക്ക് കയറുന്ന ആൾ മാത്രമാണ് ഗിരിജാവല്ലഭൻ.



ഒന്നാം പകുതിയോളമില്ല രണ്ടാം പകുതി

ചിരി പടർത്തുന്ന രംഗങ്ങളും കൗണ്ടറുകളും അവിടിവിടായി കടന്നുവരുന്ന ഒന്നാം പകുതി അല്പം ഭേദമാണെന്നു പറയാം. ശ്രീജിത്ത് രവിയും ഇർഷാദുമെല്ലാം ചിരിവിരുന്ന് ഒരുക്കി അരങ്ങ് തകർത്തപ്പോൾ ആസിഫ് ഒരു മൂലയിൽ നായകനെന്ന പരിവേഷവും കെട്ടി നിൽപ്പുണ്ടായിരുന്നു. തലയെടുപ്പോടെ മുന്നിൽ നിന്ന് നയിക്കാൻ പാകത്തിന് ചെന്പനുണ്ടായിരുന്നെങ്കിലും വില്ലൻ ഗെറ്റപ്പിലെത്തിയ ബാബുരാജാണ് ഇത്തിരി കൂടി ശോഭിച്ചത്. ട്വിസ്റ്റില്ലാണ്ട് പറ്റാഞ്ഞിട്ടാണോ എന്തോ, ഇതിലും ട്വിസ്റ്റ് തിരുകികയറ്റിയിട്ടുണ്ട്. അതെല്ലാം കൂടി രണ്ടാം പകുതിയിൽ ഒരു പ്രത്യേക പരുവത്തിലാണ് പുറത്തേക്ക് വന്നതെന്നു മാത്രം.



വേറിട്ട വഴിയെ നായിക

അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. കിട്ടിയ വേഷം തരക്കേടില്ലാതെ ചെയ്തിട്ടുമുണ്ട്. പക്ഷേ, കഥയുടെ ഒഴുക്കിനൊത്തുള്ള കഥാപാത്രമാകാതെ ഒറ്റപ്പെട്ട വഴിയേയാണ് നായിക സഞ്ചരിച്ചത്. ക്ലൈമാക്സിലേക്ക് അടുക്കുന്പോൾ നായികയെ കഥയിലേക്ക് എടുത്തിടാൻ ശ്രമിച്ചതും കല്ലുകടിയായി. കാമറാ ട്രിക്കുകളും പശ്ചാത്തല സംഗീതവും പിന്നെ പാട്ടുകളുമെല്ലാം ഇട്ട് ഒരുക്കിയെടുത്ത തട്ടിക്കൂട്ട് ചിത്രം മാത്രമാണ് തൃശ്ശിവപേരൂർ ക്ലിപ്തം. ഈ ഗഡികളെ കാണാൻ ടിക്കറ്റെടുത്താൽ അല്പം ചിരിച്ച് പിന്നെ കണ്ടുമറന്ന ഒരുപാട് സിനിമകളുടെ ഓർമകളുമായി തിരിച്ചിറങ്ങാം.

(ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം ഒരു ചിത്രം ഒരുക്കാനുള്ള സംവിധായകന്‍റെ ശ്രമം വിജയിച്ചില്ല.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.