സമൂഹത്തിലേക്ക് വിരൽചൂണ്ടി എസ് ദുർഗ
Saturday, March 24, 2018 7:44 PM IST
തലതിരിഞ്ഞ ആചാരങ്ങൾക്കു നേരെ കാമറയും തലതിരിക്കുകയാണ് "എസ് ദുർഗ' എന്ന ചിത്രത്തിൽ. ചിത്രത്തിന്‍റെ തുടക്കത്തിൽ കാട്ടുന്ന തലതിരിഞ്ഞ ഷോട്ടുകൾ... അതിലുണ്ടായിരുന്നു സനൽ കുമാർ ശശിധരൻ എന്ന സംവിധായകൻ പറയാൻ ഉദ്ദേശിക്കുന്നതിന്‍റെ ആകെ തുക.

എന്തുകൊണ്ടാണ് എസ് ദുർഗ വിവാദങ്ങളുടെ പിടിയിൽ അകപ്പെട്ടതെന്ന് തുടക്കം കാണുന്പോൾ തന്നെ മനസിലാവും. പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ തുറന്നു പറയാൻ സിനിമയെന്ന മാധ്യമത്തെ ഉപയോഗിച്ച സംവിധായകൻ അഭിനന്ദനം അർഹിക്കുന്നുമുണ്ട്. സനൽ കുമാർ ശശിധരന്‍റെ ചിത്രമാണോ, എങ്കിൽ അത് വല്ലാത്തൊരു അനുഭവമായിരിക്കുമെന്ന് അടക്കം പറയുന്നവർ കൂടിക്കൂടി വരികയാണ്. അതേ, പുള്ളി വല്ലാത്ത പടങ്ങളെ എടുക്കാറുള്ളു... പലരും പറയാൻ മടിക്കുന്ന... ഇന്ന് സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന ശരികേടുകൾ ചൂണ്ടിക്കാട്ടുന്ന ചിത്രങ്ങൾ. ആ ഗണത്തിലേക്കാണ് എസ് ദുർഗയും എത്തിയിരിക്കുന്നത്.



സമൂഹത്തിൽ നിരവധി അനാചാരങ്ങൾ നിലനിൽക്കുന്ന വർത്തമാനകാലത്താണ് ദുർഗയെന്ന പെണ്‍കുട്ടിയെ പ്രേക്ഷക സമക്ഷത്തിലേക്ക് സംവിധായകൻ വിട്ടുകൊടുക്കുന്നത്. ദുർഗാദേവി പ്രീതിക്കായി ശൂലം തറയ്ക്കുന്ന ആചാരങ്ങൾ കാട്ടിയാണ് ചിത്രം തുടങ്ങുന്നത്. അവിടുന്ന് കാമറ നേരെ പോകുന്നത് രാത്രിയിൽ റോഡരികിൽ ആരെയോ കാത്തുനിൽക്കുന്ന ഒരു പെണ്‍കുട്ടിയുടെ അടുത്തേക്കും. അവളുടെ പേരും ദുർഗ (രാജശ്രീ പാണ്ഡെ). രണ്ടു ദുർഗമാരെ രണ്ടറ്റത്ത് നിർത്തിയാണ് സംവിധായകൻ പറയാനുള്ളത് പറഞ്ഞ് തുടങ്ങുന്നത്.

കബീറുമൊത്ത് (കണ്ണൻ നായർ) ഒളിച്ചോടാനുള്ള നിൽപ്പായിരുന്നു ദുർഗയുടേത്. അവൻ വന്നതോടെ പിന്നെ ഓട്ടം തുടങ്ങി... റെയിൽവേ സ്റ്റേഷനിലെത്താനായി വണ്ടികൾക്ക് കൈകാണിച്ച് ഒടുവിൽ തളർന്ന് നിൽക്കുന്പോൾ ഒരു ഒമ്നി വാൻ അവർക്കു മുന്നിൽ നിർത്തും. പിന്നീട് അങ്ങോട്ട് യാത്രയാണ്... സദാചാര പോലീസിംഗും മനുഷ്യ മനസിലെ ദുർവിചാരങ്ങളുമെല്ലാം ആ യാത്രയിൽ തലപൊക്കി തുടങ്ങും. ആ വാഹനത്തിനുള്ളിലെ കുഞ്ഞു ദുർഗാദേവിയുടെ രൂപത്തിന് മുന്നിൽ അവർ ദുർഗയെന്ന പെൺകുട്ടിയെ വേട്ടയാടുകയാണ് വാക്കുകൾ കൊണ്ട്... ചിരികൾ കൊണ്ട്... പിന്നെ ചില നോട്ടങ്ങൾകൊണ്ട്.



എത്രയോ ചോദ്യങ്ങളാണ് സമൂഹ മനസാക്ഷിയോട് സംവിധായകൻ ചോദിക്കുന്നത്. നിസഹായതയുടെ മുഖങ്ങളായി കബീറും ദുർഗയും അവർക്കു മുന്നിൽ വല്ലാതെ വിയർക്കുന്നുണ്ട്. രക്ഷപ്പെടണം പക്ഷേ, മാർഗങ്ങളില്ല... ഇതിനിടയിലേക്ക് കടന്നുവരുന്ന പോലീസുകാരാകട്ടെ ഒന്നുമറിയാത്തവരെ പോലെ പൊട്ടൻകളിക്കുകയാണ്. കേരളത്തിലെ പോലീസുകാർ ഇത്ര പൊട്ടന്മാരാണോ എന്നത് വേറെ കാര്യം. തിരക്കഥയില്ലാത്ത സിനിമയിൽ പോലീസുകാരുടെ കാര്യം പറയുന്പോൾ മാത്രം എന്തോ എഴുതിയ പോലൊരു തോന്നൽ.

അന്പലത്തിൽ ഉത്സവാഘോഷം കെങ്കേമമായി നടക്കുന്പോൾ അതേ രാത്രിയിൽ രണ്ടുപേർ പുതിയ ജീവിതം തുടങ്ങാനുള്ള നെട്ടോട്ടത്തിലാണ്. അവിടെ ആഘോഷം... ഇവിടെ നെട്ടോട്ടം... കാമക്കണ്ണുള്ള രാക്ഷസന്മാരുടെ കരവലയത്തിൽ നിന്നും രക്ഷപ്പെടാനായി കബീറും ദുർഗയും നന്നേ പാടുപെടുന്നുണ്ട്. അവരുടെ നിസഹായതയുടെ മറപറ്റി വരുന്ന പശ്ചാത്തല സംഗീതം സിനിമയുടെ ത്രില്ലും കൂട്ടുന്നുണ്ട്. ഇന്‍റവെൽ ഇല്ലാത്ത സിനിമയിലെ നിർബന്ധിത ഇന്‍റർവെൽ ചിത്രത്തിന്‍റെ സുഗമമായ ഒഴുക്കിന് തടയിടുന്നുണ്ട്. രാത്രിയുടെ ഭംഗി വേണ്ടുവോളം ഒപ്പിയെടുക്കാൻ ഛായാഗ്രാഹകൻ പ്രതാപ് ജോസഫ് ശ്രമിച്ചിട്ടുണ്ട്. മറ്റ് ലൈറ്റിംഗുകളുടെ അകന്പടിയില്ലാതെ രാത്രിയെ കൃത്രിമത്വമില്ലാതെ എസ് ദുർഗയിൽ കാണാം.



പുതുമുഖങ്ങൾ നെഗറ്റീവ് ടച്ചുള്ള വേഷങ്ങൾ സന്ദർഭോചിതമായി കൈകാര്യം ചെയ്തപ്പോൾ പ്രേക്ഷകർക്ക് ഇനിയെന്ത് സംഭവിക്കും എന്നുള്ള ആകാംക്ഷ കൂടിക്കൂടി വന്നു. ചിത്രത്തിൽ കബീറും ദുർഗയും മാത്രമല്ല അവരെ കാണുന്ന പ്രേക്ഷകരുടെ മുഖവും ഭീതിയുടെ നിഴലിലേക്ക് വീഴും. രക്ഷപെടലും അകപ്പെടലും ഈ യാത്രയ്ക്കിടെ സംഭവിക്കുന്നുണ്ട്. ആളൊഴിഞ്ഞ സ്ഥലത്തു നിന്നും ആളനക്കമുള്ള സ്ഥലത്തെത്തുന്പോഴും സഹായത്തിനായി ഒരു കൈ നായികയ്ക്കും നായകനും നേരെ ഉയരുന്നില്ല. കണ്ണൻ നായരും രാജശ്രീ പാണ്ഡെയും നിസഹായതയുടെ അവസ്ഥകളെ കൃത്രിമത്വം ലവലേശമില്ലാതെ പകർന്നാടിയപ്പോൾ സമൂഹത്തിലെ ദുർമുഖങ്ങളുടെ മുഖംമൂടി പിച്ചിച്ചീന്താൻ പുതുമുഖങ്ങളുടെ ചടുലമായ പകർന്നാട്ടം കൊണ്ട് സാധിക്കുകയും ചെയ്തു.

ദേവപ്രീതി നടത്തി അനുഗ്രഹം വാങ്ങിയാലും സ്ത്രീകൾ ഈ നാട്ടിൽ സുരക്ഷിതരല്ലായെന്നുള്ള മുന്നറിയിപ്പാണ് സംവിധായകൻ നൽകുന്നത്. ചിരിച്ച് മറിഞ്ഞ് ആസ്വദിച്ച് ഒരിക്കലും എസ് ദുർഗ കണ്ട് തീർക്കാൻ സാധിക്കില്ല. തീർത്തും അസ്വസ്ഥമായ മനസുമായി മാത്രമേ സിനിമ കണ്ടിറങ്ങാൻ കഴിയൂ. ഈ അസ്വസ്ഥതകൾ തന്നെയാണ് എസ് ദുർഗയെ വിവാദങ്ങളുടെ വലയത്തിൽ നിർത്തിയതും. എന്തായാലും ആ വലയം പൊട്ടിച്ച് വളരെ കുറച്ച് തിയറ്ററുകളിൽ എസ് ദുർഗ എത്തിയിട്ടുണ്ട്. കാണേണ്ടവർക്ക് കാണാം അസ്വസ്ഥത നിറഞ്ഞ മനസുമായി തിരികെ ഇറങ്ങാം.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.