ആസിഫിന്‍റെ കാറ്റ്
Thursday, October 5, 2017 1:02 AM IST
ആസിഫ് അലിയെ നായകനാക്കി അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കാറ്റ് ഒക്ടോബർ 13ന് തീയറ്ററുകളിലെത്തും. അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പത്മരാജന്‍റെ മകന്‍ അനന്തപത്മനാഭന്‍ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിക്കുന്ന സിനിമ കൂടിയാണ് കാറ്റ്.അനന്ത പദ്മനാഭന്‍റേതാണ് കഥ. പദ്മരാജന്‍ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിൽ ആസിഫ് അലി വ്യത്യസ്തമായ ഗെറ്റപ്പിലാണ് എത്തുന്നത്. നുഹുകണ്ണ് എന്നാണ് ആസിഫ് അലിയുടെ കഥാപാത്രത്തിന്‍റെ പേര്.പത്മരാജന്‍റെ തന്നെ കഥാപാത്രങ്ങളായ മൂപ്പന്‍, ചെല്ലപ്പന്‍ എന്നീ കഥാപാത്രങ്ങളെയാണ് സ്വന്തം സിനിമയിലേക്ക് അനന്തപദ്‌നനാഭന്‍ കടമെടുത്തിരിക്കുന്നത്. ചെല്ലപ്പൻ എന്ന കഥാപാത്രത്തെ മുരളി ഗോപിയാണ് അവതരിപ്പിക്കുന്നത്. വരലക്ഷ്മി ശരത് കുമാർ ആണ് ചിത്രത്തിലെ നായിക. ഉമ്മുക്കുൽസു എന്ന കഥാപാത്രമായി യുവനടി മാനസ രാധാകൃഷ്ണനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാജന്‍ പി ദേവിന്‍റെ മകന്‍ ഉണ്ണി പി. രാജും ചിത്രത്തിലുണ്ട്.റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് ദീപക് ദേവ് ഈണംപകരുന്നു. കർമയുഗ് ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. പാലക്കാടാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. പതിനേഴ് വര്‍ഷം മുമ്പാണ് ഈ സിനിമയുടെ തിരക്കഥ അനന്തപദ്മനാഭന്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ സാങ്കേതികമായ ചില കാരണങ്ങള്‍ മൂലം ചിത്രം വൈകുകയായിരുന്നു.