"ഈട' വരുന്നു
Thursday, December 28, 2017 5:09 AM IST
ബി. അജിത്‌കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'ഈട' ജനുവരി അഞ്ചിന് തീയറ്ററുകളിലെത്തും. എംബിഎ കഴിഞ്ഞു മൈസൂരിലെ ഒരു ഇൻഷുറൻസ് കമ്പനിയിൽ അസിസ്റ്റൻറ് മാനേജർ ആയി ജോലി ചെയ്യുന്ന ആനന്ദിന്‍റെയും യാദൃച്ഛികമായി പരിചയപ്പെട്ട ഐശ്വര്യയുടെയും പ്രണയത്തെ ഉത്തര മലബാറിന്‍റെ പശ്ചാത്തലത്തില്‍ ആവിഷ്കരിച്ചിരിക്കുകയാണ് സിനിമ.ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുള്ള ചിത്രസംയോജകനായ ബി. അജിത്കുമാറിന്‍റെ ആദ്യസംവിധാന സംരംഭമാണ് 'ഈട'. മലയാളത്തില്‍ ശ്രദ്ധേയ സാന്നിധ്യമായ യുവനടന്‍ ഷെയ്ന്‍ നിഗവും, 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നിമിഷ സജയനുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇവരെ കൂടാതെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭി ലക്ഷ്മി, അലൻസിയർ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, രാജേഷ് ശർമ്മ, സുധി കോപ്പ, ബാബു അന്നൂർ, ഷെല്ലി കിഷോർ, വിജയൻ കാരന്തൂര്‍, 'പറവ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സുനിത തുടങ്ങിയവരും "ഈട'യിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡെൽറ്റ സ്റ്റുഡിയോയ്ക്കു വേണ്ടി ശർമിള രാജ നിര്‍മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് കളക്ടീവ് ഫേസ് വണ്‍ ആണ്.