ആമിയായി മഞ്ജു; ചിത്രീകരണം തുടങ്ങി
Monday, April 24, 2017 5:49 AM IST
കഥകളുടെ രാജകുമാരിയായ മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാകുന്ന "ആമി' എന്ന ചിത്രത്തിന്‍റെ ചിത്രീകരണം തുടങ്ങി. കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആമിയായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് മഞ്ജു വാര്യരാണ്. റീൽ ആൻഡ് റിയൽ സിനിമയുടെ ബാനറിൽ റാഫേൽ തോമസും റോബാ റോബനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

പുന്നയൂർക്കളത്തെ മാധവിക്കുട്ടി സ്മൃതിമണ്ഡപത്തിലാണ് ചിത്രത്തിനു തുടക്കം കുറിച്ചത്. സമൂഹത്തിന്‍റെ നാനാമേഖലയിൽപ്പെട്ടവർ, മാധവിക്കുട്ടിയുടെ കുടുംബാംഗങ്ങൾ, ചലച്ചിത്ര പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.

മാധവിക്കുട്ടിയുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള കഥാപാത്രങ്ങളിലൂടെയാണ് കഥാവികസനം. അവരിൽ കുടുംബക്കാർ, സാഹിത്യകാരൻമാർ തുടങ്ങി സമൂഹത്തിലെ നിരവധി പേരുടെ സാന്നിധ്യമുണ്ട്. കമൽ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. മാധവിക്കുട്ടിയുടെ ബാല്യം മുതൽ മരണംവരെയുള്ള കഥയാണ് ചിത്രം പറയുന്നത്. ആഞ്ജലീന, നീലാഞ്ജന എന്നിവരാണ് ബാല്യവും കൗമാരവും അവതരിപ്പിക്കുന്നത്.

പൃഥ്വിരാജ്, മുരളി ഗോപി, അനൂപ് മേനോൻ, ജ്യോതികൃഷ്ണ, കെ.പി.എ.സി ലളിത, വത്സല മേനോൻ, ശ്രീദേവി ഉണ്ണി, അനിൽ നെടുമങ്ങാട്, സുശീൽകുമാർ, ശിവൻ തുടങ്ങി നീണ്ടതാരനിര ചിത്രത്തിലുണ്ട്.

റഫീഖ് അഹമ്മദിന്‍റെയും ഹിന്ദി കവി ഗുൽസാറിന്‍റെയും വരികൾക്ക് എം. ജയചന്ദ്രനും പ്രശസ്ത തബലിസ്റ്റ് സക്കീർ ഹുസൈന്‍റെ സഹോദരൻ തൗഫീഖ് ഖുറൈഷിയും സംഗീതം നൽകുന്നു. മധു നീലകണ്ഠനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് ശ്രീഗർ പ്രസാദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.