University News
യുജിസി ഉന്നതതലസംഘം സർവകലാശാലസന്ദർശനം പൂർത്തിയാക്കി
കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ സർവകലാശാലയായ കാലിക്കട്ടിന്റെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു യുജിസി അംഗീകാരം പുനഃസ്‌ഥാപിച്ച് നൽകുമെന്ന ശുഭപ്രതീക്ഷ നൽകി യുജിസി ഉന്നതതലസംഘം മൂന്ന് ദിവസത്തെ സർവകലാശാലാ സന്ദർശനം പൂർത്തിയാക്കി. വിദൂരപഠനവിദ്യാർഥികൾക്കായി സർവകലാശാല ഏർപ്പെടുത്തിയ സംവിധാനങ്ങൾ മികച്ചതാണെന്ന് വിലയിരുത്തലുകൾക്ക് ശേഷം നടത്തിയ യോഗത്തിൽ ഉന്നതതലസമിതി ചെയർമാൻ പ്രഫ.എച്ച്.ടി.ദീക്ഷിപ്, അംഗങ്ങളായ പ്രഫ.ജഗത് ഭൂഷൺ നദ്ദ, പ്രഫ.എ.എസ് നരംഗ്, ഡോ.പി.പ്രകാശ് എന്നിവർ പറഞ്ഞു.സർവകലാശാലാ പരിധിക്ക് പുറത്ത് കൗൺസലിംഗ് സെന്ററുകൾ അനുവദിച്ച സാഹചര്യത്തിലാണ് കാലിക്കട്ട് ഉൾപ്പെടെ വിവിധ സർവകലാശാലകൾക്ക് യുജിസി നേരത്തെ അംഗീകാരം പിൻവലിച്ചത്. യുജിസി നൽകിയ മാർഗനിർദ്ദേശങ്ങൾ മാതൃകാപരമായ രീതിയിൽ സർവകലാശാല നടപ്പാക്കുന്നുണ്ടെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ. അന്വേഷണങ്ങൾക്ക് ലഭിച്ച മറുപടികളിൽ സംഘം സംതൃപ്തി പ്രകടിപ്പിച്ചു. സർവകലാശാലയിൽ നിന്ന് വിദുരപഠനരീതിയിൽ പഠിച്ച് ബിരുദമെടുത്തവർ ഐഎഎസ് ഉൾപ്പെടെ അത്യുന്നത പദവികളിൽ എത്തിയതിൽ സംഘം സംതൃപ്തി രേഖപ്പെടുത്തി.

നേരിട്ടുള്ള വിലയിരുത്തലിലൂടെ യു.ജി.സി ഉന്നതതലസംഘം നൽകിയ മാർഗനിർദ്ദേശങ്ങൾ പാലിക്കുമെന്ന് വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ പറഞ്ഞു.പ്രോവൈസ് ചാൻസലർ ഡോ.പി.മോഹൻ, രജിസ്ട്രാർ ഡോ.ടി.എ.അബ്ദുൽ മജീദ്, പരീക്ഷാകൺട്രോളർ ഡോ.വി.വി.ജോർജുകുട്ടി, സിന്റിക്കറ്റ് അംഗങ്ങളായ കെ.വിശ്വനാഥ്, ഡോ.പി.ശിവദാസൻ, വിദൂരപഠനവിഭാഗം ഡയറക്ടർ ഡോ.വി.എം.കണ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
More News