സാങ്കേതിക മികവിന് പോളിടെക്നിക് കോളജുകൾ
ഡോ. ഡെയ്സൺ പാണേങ്ങാടൻ
പത്താം ക്ലാസ് കഴിഞ്ഞവർക്കു മുൻപിലെ ഒരു പ്രധാന സാധ്യതയാണ് എൻജിനിയറിംഗ് ഡിപ്ലോമകൾ. മൂന്നു വർഷ കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് സ്വദേശത്തും വിദേശത്തും വലിയ അവസരങ്ങളുമുണ്ട്.
കേന്ദ്ര, സംസ്ഥാന സർക്കാരിന്റെയും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെയും നിരവധി ടെക്നിക്കൽ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഡിപ്ലോമയായതുകൊണ്ടുതന്നെ വലിയ ഡിമാന്‍ഡാണ് പോളിടെക്നിക് കോളജുകളിൽ പ്രവേശനത്തിനുള്ളത്. ഡിപ്ലോമയ്ക്കു ശേഷം ലാറ്ററൽ എൻട്രി വഴി ബിടെക്കിനു രണ്ടാം വർഷത്തിലേക്ക് പ്രവേശനം നേടുകയുമാവാം.
വിവിധ ഡിപ്ലോമ കോഴ്സുകൾ: സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്മ്യുണിക്കേഷൻ, കംപ്യൂട്ടർ, ഓട്ടോമൊബൈൽ, കംപ്യൂട്ടർ അപ്ലിക്കേഷൻ & ബിസിനസ് മാനേജ്മെന്റ്, ടെക്സ്റ്റൈൽ ടെക്നോളജി, കൊമേഴ്യൽ പ്രാക്ടീസ്, ആർക്കിടെക്ച്ചർ, പോളിമർ ടെക്നോളജി, ബയോ മെഡിക്കൽ, ഐടി, ടൂൾ & ഡൈ, പ്രിന്റിംഗ് ടെക്നോളജി, വുഡ് & പേപ്പർ ടെക്നോളജി തുടങ്ങിയ കോഴ്സുകളുണ്ട്.
അപേക്ഷാ രീതി
വിവിധ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് പോളിടെക്നിക് കോളജുകളിലെ വിവിധ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനം ഏകജാലക രീതിയിലാണ്. ഒരു ജില്ലയിലെ എല്ലാ പോളിടെക്നിക്കുകളിലേക്കും ഒറ്റ അപേക്ഷ സമർപ്പിച്ചാൽ മതിയാകും. പ്ലസ് ടുവും ഐടിഐയും പൂർത്തിയാക്കിയവർക്ക്, രണ്ടാം വർഷത്തിലേക്ക് പ്രവേശനം ലഭിക്കും. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട വെബ് സൈറ്റ്: www.polyadmission.org