University News
സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ ഇ-ലേണിംഗ് പുരസ്കാരം കാലിക്കട്ട് സർവകലാശാലയ്ക്ക്
കോഴിക്കോട്: സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ 2015ലെ ഇലേണിംഗ് പുരസ്കാരത്തിന് കാലിക്കട്ട് സർവകലാശാലയിലെ എഡ്യുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്‍റർ (ഇഎംഎംആർസി) അർഹമായി. 201415 വർഷങ്ങളിൽ നിർമ്മിച്ച് അവതരിപ്പിച്ച മൾട്ടിമീഡിയ പഠനോപാധികളുടെ ഉള്ളടക്കവും നിർമ്മാണ പ്രക്രിയകളും വിലയിരുത്തിയാണ് ഇഎംഎംആർസിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
വിദ്യാർഥികൾക്കും വിജ്ഞാനതത്പരരായ മറ്റുള്ളവർക്കും പ്രയോജനം ലഭിക്കുന്ന വിധത്തിൽ തയ്യാറാക്കിയാണ് ഇവ വെബ്കാസ്റ്റ് ചെയ്യുന്നത്. കേന്ദ്ര ഐടി വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. അരുണാ സുന്ദർരാജ്, സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കർ, ഐടി ജേർണലിസ്റ്റ് ആനന്ദ് പാർഥസാരഥി, ഐഐഐടിഎംകെ ഡയറക്ടർ, ഐടി മിഷൻ ഡയറക്ടർ, നാസ്കോം പ്രതിനിധി എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്. സർവകലാശാലയിലെ വിദൂരവിദ്യാഭ്യാസ വിഭാഗവുമായി ചേർന്ന് ഇഎംഎംആർസി വിദ്യാഭ്യാസ വീഡിയോകൾ വെബ്കാസ്റ്റ് ചെയ്യുന്നുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ രണ്ട് സെഷനുകളിലായി പ്രതിദിനം നാല് മണിക്കൂറാണ് വെബ്കാസ്റ്റിംഗ്. ഭാവിപ്രവർത്തനങ്ങൾ എന്ന നിലയിൽ ഇഎംഎംആർസിയുടെ മാസീവ് ഓണ്‍ലൈൻ ഓപ്പണ്‍ കോഴ്സ് സംരംഭവും അവാർഡ് നിർണയ സമിതി പരിഗണിച്ചു. ദൂരദർശന്‍റെ ഡയറക്ട് ഹോം പദ്ധതിയിലൂടെ വിദ്യാഭ്യാസ വീഡിയോകൾ സംപ്രേഷണം ചെയ്യാനും ഇഎംഎംആർസിക്ക് പദ്ധതിയുണ്ട്. 13ന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം ദർബാർ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം ചെയ്യും.

സെപക് താക്രോ: കാലിക്കട്ടിന് മൂന്നാം സ്ഥാനം

കോഴിക്കോട്: ഉത്തർപ്രദേശിലെ ബറേലി എംജെപി റോഹിൽഖന്ദ് സർവകലാശാലയിൽ നടന്ന അഖിലേന്ത്യാ അന്തർ സർവകലാശാലാ പുരുഷ സെപക് താക്രോ ചാന്പ്യൻഷിപ്പിൽ കാലിക്കട്ടിന് മൂന്നാം സ്ഥാനം. കാലിക്കട്ട് ആദ്യമായാണ് സെപക് താക്രോ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. എംജെപി റോഹിൽഖന്ദ് സർവകലാശാല ഒന്നും മണിപ്പൂർ സർവകലാശാല രണ്ടും സ്ഥാനങ്ങൾ നേടി. ക്വാർട്ടർ ഫൈനലിൽ കാലിക്കട്ട് സർവകലാശാല ഗുരുനാനാക് സർവകലാശാലയെ പരാജയപ്പെടുത്തി. ഒന്നാം റൗണ്ട് മത്സരങ്ങളിൽ തെലുങ്കാനയെയും കുമയൂണ്‍ സർവകലാശാലയെയും കാലിക്കട്ട് തോൽപ്പിച്ചു.
More News