University News
അധ്യാപകർക്കുള്ള മൂല്യനിർണയ വേതനം: കാലിക്കട്ടിൽ ഇ-പേയ്മെന്‍റ് സംവിധാനം
തേഞ്ഞിപ്പലം:പരീക്ഷാ മൂല്യനിർണയ വേതനം കുടിശികയായതിന്‍റെ അനിശ്ചിതത്വം തീർക്കാൻ കാലിക്കട്ട് സർവകലാശാല ഇപേയ്മെന്‍റ് സംവിധാനം നടപ്പാക്കുന്നു. മൂല്യനിർണയ ക്യാന്പുകളിൽ പങ്കെടുക്കുന്ന എല്ലാ അധ്യാപകരോടും എസ്ബിഐ ബാങ്ക് അക്കൗണ്ട് ഫയലിൽ ചേർക്കാൻ സർവകലാശാല ധനകാര്യ ഓഫീസർ കെ.കെ. സുരേഷ് നിർദേശം നൽകി.

മുവായിരത്തോളം അധ്യാകർക്കായി അഞ്ച് കോടി രൂപ ഈയിനത്തിൽ ഇതുവരെ നൽകിയിട്ടുണ്ട്. ഇനിയും രണ്ടുകോടിയോളം രൂപ കുടിശികയുണ്ട്. പരീക്ഷാ ചെയർമാൻ മുഖേന ചെക്ക് നൽകിയായിരുന്നു ഇതുവരെ വേതനം നൽകിയിരുന്നത്. ഇതിനു സമയമെടുക്കുന്നതിനാലാണ് പുതിയ മാറ്റം. ജൂലൈ 31 നകം കുടിശിക തീർക്കാമെന്ന കരാറിലാണ് അധ്യാപക സംഘടനകൾ മൂല്യനിർണയ ബഹിഷ്കരണം പിൻവലിച്ചിരുന്നത്.

ഇനിയും 35,000 ഡിഗ്രി പേപ്പറുകൾ മൂല്യനിർണയം നടത്താൻ ബാക്കിയുണ്ട്. ഈ മാസം അവസാനത്തോടെ ബിരുദഫലം പ്രസിദ്ധപ്പെടുത്തേണ്ടതിനാൽ ബാക്കിയുള്ള പേപ്പറുകൾ ഹോം വാല്വേഷനിലൂടെ പൂർത്തീകരിക്കാമെന്നു അധ്യാപകർ ഉറപ്പു നൽകിയിട്ടുണ്ട്. പരീക്ഷാഫല പ്രഖ്യാപനം സമയബന്ധിതമായി നടത്താൻ പരീക്ഷാഭവനിലെ നൂറോളം ഉദ്യോഗസ്ഥർ അവധി ദിനങ്ങളിലും രാത്രി വൈകിയും ജോലി ചെയ്യുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് മൂല്യനിർണയ വേതനം അധ്യാപകർക്ക് കാലതാമസമില്ലാതെ അനുവദിക്കാൻ സർവകലാശാല ശാസ്ത്രീയ സംവിധാനം കൊണ്ടുവരുന്നത്.
More News