സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ പരിശീലനം: സ്കോളർഷിപ്പിന് അപേക്ഷിക്കാം
കൊച്ചി: സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി നടത്തുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതിവർഗ വിഭാഗ യുവതീ യുവാക്കൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന സ്കോളർഷിപ്പിനായി അപേക്ഷ ക്ഷണിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസ് എക്സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റി (ഐസിഎസ്ഇടിഎസ്) മുഖേനയാണ് സ്കോളർഷിപ്പ് നൽകുന്നത്.
സിവിൽ സർവീസ് അക്കാദമി നടത്തുന്ന പ്രവേശന പരീക്ഷയിൽ വിജയിച്ച് അക്കാദമിയുടെ തിരുവനന്തപുരം, പൊന്നാനി, പാലക്കാട്, കോഴിക്കോട്, കേന്ദ്രങ്ങളിൽ പൂർണസമയ പരിശീലന കോഴ്സിന് പ്രവേശനം ലഭിക്കുന്ന 21നും 37നും മധ്യേ പ്രായമുള്ള പട്ടികജാതി/വർഗ വിഭാഗ യുവതീ യുവാക്കൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. സ്ഥാപനത്തിൽ നൽകേണ്ട പരിശീലന ഫീസും, പരിശീലന കാലയളവിലേക്ക് പ്രതിമാസം 5000 രൂപ ഹോസ്റ്റൽ ഫീസായും 1000 രൂപ പോക്കറ്റ് മണിയായും ലഭിക്കും. 96 പട്ടികജാതി വിഭാഗ വിദ്യാർഥികൾക്കും 24 പട്ടിക വർഗ വിഭാഗ വിദ്യാർഥികൾക്കുമായി ആകെ 120 പേർക്കാണ് സ്കോളർഷിപ്പ് ലഭ്യമാകുക. സ്കോളർഷിപ്പിന് അർഹത നേടുന്നവർ ബന്ധപ്പെട്ട സ്ഥാപന മേധാവി വഴി തിരുവനന്തപുരം മണ്ണന്തല പ്രവർത്തിക്കുന്ന ഐസിഎസ്ഇടിഎസ് ഓഫീസുമായി ബന്ധപ്പെടണം.
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ പ്രവേശന പരീക്ഷയ്ക്ക് www.ccek.org എന്ന വെബ്സൈറ്റ് വഴി ഓണ്ലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ നൽകേണ്ട അവസാന തീയതി 26 ആണ്.
കൂടുതൽ വിവരങ്ങൾക്ക് www.icsets.org, www.sc dd.gov.in, www.stdd.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുകയോ, തിരുവനന്തപുരം മണ്ണന്തലയുളള ഐസിഎസ്ഇടിഎസിന്റെ ഓഫീസുമായോ, ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ, ഐടിഡിപി പ്രോജക്ട് ഓഫീസുകൾ, ട്രൈബൽ ഡവലപ്മെന്റ് ഓഫീസുകൾ എന്നിവിടങ്ങളിൽ ബന്ധപ്പെടുകയോ ചെയ്യണം.