അമ്മയാകാൻ ഒരുങ്ങാം
അമ്മയാകാൻ ഒരുങ്ങാം
Saturday, February 10, 2018 3:37 PM IST
ഗർഭിണിയാണെന്ന് അറിയുന്നത് അത്യന്തം സന്തോഷമുളവാക്കുന്ന കാര്യമാണെങ്കിലും അതോടൊപ്പംതന്നെ ഒരുപാട് ചോദ്യങ്ങൾ മനസിനെ അലട്ടിയേക്കാം. ആരോഗ്യകരമായ ഗർഭകാലത്തിന് എന്തെല്ലാം ശ്രദ്ധിക്കണം? ഗർഭസ്ഥശിശുവിെൻറ ആരോഗ്യം എങ്ങനെ ഉറപ്പുവരുത്താം? പ്രസവം, മുലയൂട്ടൽ തുടങ്ങിയവയെക്കുറിച്ചുള്ള ആകുലതകൾ സ്ത്രീകളെ അലട്ടും. അൽപമൊന്നു ശ്രദ്ധിച്ചാൽ ഗർഭകാലം ആകുലതകൾ ഇല്ലാതെയാക്കാം. ഇതു വായിക്കൂ...

ഗർഭധാരണത്തിനു മുന്പേ

ഇന്ന് പല ദന്പതിമാരും ഗർഭധാരണത്തിനു തയാറെടുക്കുന്പോൾതന്നെ ഡോക്ടറെ കണ്ട് ഉപദേശം തേടാറുണ്ട് (Pre Conceptional Counselling). ആരോഗ്യകരമായ ഒരു ഗർഭകാലം ഉറപ്പാക്കുന്നതിനുള്ള ആദ്യപടിയാണിത്.

എന്തെങ്കിലും തരത്തിൽ സങ്കീർണതകൾ (High Risk Factors) ഉണ്ടോയെന്നറിയാനും ഉണ്ടെങ്കിൽ അവ ഇല്ലാതാക്കി ഗർഭധാരണം നടത്താനും ഇത് ആവശ്യമാണ്. ഗർഭകാലത്ത് ഉണ്ടായേക്കാവുന്ന ചില ഇൻഫെക്ഷനുകൾക്ക് എതിരെയുള്ള കുത്തിവയ്പുകൾ എടുക്കാനും ഗർഭസ്ഥശിശുവിെൻറ ആരോഗ്യത്തിനുവേണ്ട വിറ്റാമിനുകൾ (ഉദാ: Folic Acid) ഗർഭധാരണത്തിനു മുന്പുതന്നെ എടുത്തുതുടങ്ങാനും ഇത് സഹായിക്കും.

ഡോക്ടറെ കാണേണ്ടതെപ്പോൾ?

ഇന്ന് മിക്കവരും വീട്ടിൽ ഇരുന്ന് ചെയ്യാവുന്ന ടെസ്റ്റ് (Home Pregnancy Test) നടത്തിയാണ് ഗർഭിണിയാണെന്ന് അറിയുന്നത്. എന്നാലും ചില സന്ദർഭങ്ങളിൽ ബ്ലഡ് ടെസ്റ്റുചെയ്ത് ഉറപ്പുവരുത്തേണ്ടത് ആവശ്യമായി വന്നേക്കാം. ഗർഭിണിയാണെന്ന് ഉറപ്പുവരുത്തിയാൽ ഉടൻ ഡോക്ടറെ കാണണം. ഗർഭകാലത്ത് സങ്കീർണതകൾ ഉണ്ടോയെന്ന് അറിയാനും ഉണ്ടെങ്കിൽ വേണ്ടതായ മുൻകരുതലുകളെടുക്കാനും ഇത് ആവശ്യമാണ്. അവസാനം ആർത്തവം വന്ന തീയതി (LMP), മുന്പ് എടുത്തിട്ടുള്ളതോ, ഇപ്പോൾ എടുക്കുന്നതോ ആയ വൈദ്യ പരിശോധന, മുന്പു ചെയ്തിട്ടുള്ള ശസ്ത്രക്രിയകളുടെ വിവരങ്ങൾ, കുടുംബത്തിലുള്ള ജനിതകപരമോ അല്ലാത്തതോ ആയ രോഗങ്ങൾ തുടങ്ങിയവ കൃത്യമായി ഡോക്ടറോടു പറയണം.


||

ഗർഭകാല ക്ലാസുകൾ

ഇന്ന് പല ആശുപത്രികളിലും ഗർഭിണികൾക്കും ബന്ധുക്കൾക്കുംവേണ്ടി ഗർഭകാല ക്ലാസുകളുണ്ട്. ഗർഭകാല പ്രശ്നങ്ങൾ, പ്രസവവേദന, പ്രസവം, പ്രസവശേഷവും ഗർഭകാലത്തും ചെയ്യേണ്ട വ്യായാമങ്ങൾ, മുലയൂട്ടൽ, നവജാതശിശുവിെൻറ ശുശ്രൂഷ തുടങ്ങി പ്രസവസമയത്ത് ആവശ്യമായ വേദനാസംഹാര മാർഗങ്ങളെക്കുറിച്ചും വളരെ വിശദമായി ഇത്തരം ക്ലാസുകളിൽ ചർച്ചചെയ്യാറുണ്ട്.

ജീവിതശൈലിയിലെ മാറ്റങ്ങൾ

ഗർഭിണിയാണെന്ന് അറിയുന്പോൾതന്നെ ശാരീരികമായും മാനസികമായും വളരെയധികം തയ്യാറെടുപ്പുകൾ നടത്തണം. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ജീവിതശൈലിയിലെ മാറ്റങ്ങൾ. പുകവലി ശീലമാക്കിയ ഭർത്താവോ ഭാര്യയോ ആണെങ്കിൽ അത് തീർച്ചയായും നിർത്തേണ്ടതാണ്. ഭർത്താവ് പുകവലിക്കുന്നതും ഗർഭസ്ഥശിശുവിെൻറ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

ശരിയായ രീതിയിൽ വേവിക്കാത്ത മത്സ്യമാംസാഹാരങ്ങൾ, ശരിയായി കഴുകാത്ത സാലഡുകൾ എന്നിവ കഴിക്കുന്നത് ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക. സമീകൃതാഹാരം ശീലമാക്കുക. ഇലക്കറികൾ, പയർ, പരിപ്പുവർഗങ്ങൾ, ഡ്രൈഫ്രൂട്സ്, പഴങ്ങൾ എന്നിവ ദിവസവും ഭക്ഷണത്തിലുൾപ്പെടുത്തുക.

ഗർഭം രോഗമല്ല

ഗർഭം ഒരു രോഗാവസ്ഥയല്ല. സങ്കീർണതകളില്ലാത്ത ഗർഭമാണെങ്കിൽ ഗർഭധാരണത്തിനുമുന്പ് എന്തെല്ലാം ജോലികളും വ്യായാമങ്ങളും സ്ഥിരമായി ചെയ്തിരുന്നുവോ അതെല്ലാം ഗർഭിണിയായിരിക്കുന്പോഴും തുടരാം. എന്നാൽ ശരീരത്തിന് അപകടമുണ്ടാക്കിയേക്കാവുന്ന വ്യായാമങ്ങൾ വേണ്ടെന്നുവയ്ക്കണം.
മാതൃത്വത്തിനു മാനസികമായി ഒരുങ്ങുകയെന്നത് വളരെ പ്രധാനപ്പെ ഒന്നാണ്. കഴിയുന്നത്ര പിരിമുറുക്കങ്ങൾ ഒഴിവാക്കി സന്തോഷവതിയായിരിക്കുവാൻ ശ്രമിക്കണം.

ഡോ.ഷമീമ അൻവർസാദത്ത്
സീനിയർ കണ്‍സൾട്ടന്‍റ് ഗൈനക്കോളജിസ്റ്റ്
ആസ്റ്റർ മെഡ്സിറ്റി, എറണാകുളം