ആത്മവിശ്വാസത്തിന്‍റെ കരുത്തിൽ വളരുന്ന ബിൽടെക്
ആത്മവിശ്വാസത്തിന്‍റെ കരുത്തിൽ  വളരുന്ന ബിൽടെക്
Thursday, March 15, 2018 3:06 PM IST
ഇടുക്കി കട്ടപ്പന സ്വദേശി കുഴുപ്പിൽ ബിനോയ് തോമസിനോട് ബിസിനസ് രംഗത്തെ വളർച്ചയ്ക്കു പിന്നിലെ രഹസ്യമെന്തെന്നു ചോദിച്ചാൽ നിറഞ്ഞ ചിരിയോടെ "അത് അത്ര വല്യ രഹസ്യമൊന്നുമല്ലന്നെ ഞാൻ അതിനെ വിളിക്കുന്നത് ആത്മവിശ്വാസം എന്നാണ്’’ എന്ന മറുപടിയാണ് കിട്ടുക.

വെറും അഞ്ചു വർഷം കൊണ്ടാണ് കേരളത്തിലെ ഇന്‍റീരിയർ, എക്സ്റ്റീരിയർ സൊലൂഷൻ മേഖലയിൽ പകരം വെക്കാനാവാത്ത പേരായി ബിനോയ് തോമസ് നേതൃത്വം നൽകുന്ന ബിൽടെക് മാറിയത്. ആ വളർച്ചയെ ആത്മവിശ്വാസം എന്നല്ലാതെ പിന്നെ എന്തു വിളിക്കും?
നിർമാണ മേഖലയിൽ ഒരു തരത്തിലുള്ള മുൻ പരിചയവുമില്ലാതെ, കുടുംബത്തിൽ നിന്നും ബിസിനസിൽ മുൻഗാമികളാരുമില്ലാതെയാണ് ബിനോയ് തോമസിന്‍റെ രംഗപ്രവേശം. ഞാൻ പഠിച്ചതും വളർന്നതുമെല്ലാം ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ. ഒരു സാധാരണ കർഷക കുടുംബത്തിലെ അംഗമായാണ്. പക്ഷേ, ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നേടണം എന്ന ലക്ഷ്യം എന്നും എന്നോടൊപ്പമുണ്ടായിരുന്നു.

അതുകൊണ്ടാണ് കട്ടപ്പന സെന്‍റ് സെബാസ്റ്റ്യൻസ് കോളജിൽ നിന്നും ബി.കോം നേടിയതിനുശേഷം തിരുവനന്തപുരത്ത് പോയി ജോലിയോടൊപ്പം തന്നെ എംബിഎ നേടിയത്. എംബിഎ പഠനത്തിനുശേഷം മികച്ച കന്പനികളിൽ തന്നെ ജോലി നേടിയതും ഈ ലക്ഷ്യത്തിന്‍റെ പൂർത്തീകരണത്തിനുവേണ്ടിയായിരുന്നു.

സ്വന്തം സംരംഭം വിടാതെ പിടികൂടിയ ആഗ്രഹം

വിദ്യാഭ്യാസ രംഗത്തെ ഒരു മൾട്ടിനാഷണൽ കന്പനിയുടെ ദക്ഷിണേന്ത്യയിലെ മാനേജരായി ജോലി ചെയ്യുന്പോഴും സ്വന്തമായിട്ട് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം വിടാതെ പിടികൂടാൻ തുടങ്ങിയപ്പോഴാണ് ബിനോയ് ജോലി രാജി വെച്ചത്. പിന്നെ ആറുമാസം വിവിധ സംരംഭ മേഖലകളെക്കുറിച്ചുള്ള അന്വേഷണത്തിലായി.അങ്ങനെ 2013 ൽ കൊച്ചിയിൽ സ്വന്തം സംരംഭത്തിന് തുടക്കം കുറിച്ചു. ഏറ്റവും ആസ്വാദ്യകരമായി മുന്നോട്ടു പൊയ്ക്കേണ്ടിരുന്ന പ്രൊഫഷണൽ ജീവിതത്തിന് അതോടെ വിരാമമായി പിന്നെ പുതിയ സംരംഭമായ ബിൽടെകിനെ വളർത്താനുള്ള ഓട്ടത്തിലായി എന്ന് ബിനോയ് പറയുന്നു.

2013 ജനുവരി 22 ന് പുതിയ സംരംഭം ആരംഭിച്ചപ്പോൾ ബ്രാൻഡിംഗിനായിരുന്നു പ്രാധാന്യം നൽകിയിരുന്നത്. എപ്പോഴും ബ്രാൻഡിന്‍റെ പേരാണ് ഓരോ കന്പനികളുടെയും അപ്രമാദിത്യം നിലനിർത്തുന്നത്. ആദ്യ കാലങ്ങളിൽ കഷ്ടപ്പെട്ടതിന്‍റെ പ്രതിഫലം ഇപ്പോൾ ലഭിക്കുന്നുണ്ട്. പേരെടുത്ത ഒരു ബ്രാൻഡായി ഇന്ന് ബിൽടെക് മാറിക്കഴിഞ്ഞിരിക്കുന്നു.

പരസ്യം കൊണ്ടു മാത്രം വിശ്വാസ്യത വളർത്താൻ കഴിയില്ല. അതിനൊപ്പം ആത്മവിശ്വാസവും വിശ്വാസ്യതയും വേണം. കൃത്യമായ ഒരു അടിസ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിനു മുകളിലാണ് ഇപ്പോഴത്തെ യാത്ര. കൃത്യമായതും എല്ലാവർക്കും താങ്ങാനാവുന്നതുമായ നിരക്കിലാണ് പണികൾ എറ്റെടുക്കാറ്. സ്വന്തം പദ്ധതികളാണെന്നുള്ള തോന്നൽ ഓരോ ജോലിക്കാർക്കുമുണ്ട്. ആ ബോധ്യത്തോടെയാണ് ഓരോരുത്തരും ജോലികൾ ചെയ്യുന്നത്. ഒരു നിശ്ചിത നിരക്കിന് ഒരു പദ്ധതി ഏറ്റെടുത്തു കഴിഞ്ഞാൽ പിന്നെ ആ നിരക്കിൽ മാറ്റം വരുത്താറില്ല. നഷ്ടമാണെങ്കിൽ കൂടി അത് അംഗീകരിച്ചാണ് ബിൽടെക് മുന്നേറുന്നത്. ക്രിസ്റ്റൽ ക്ലിയറായിട്ടാണ് ഓരോ കാര്യങ്ങളെയും മുന്നോട്ടു കൊണ്ടു പോകുന്നത്: ബിനോയ് ആത്മവിശ്വാസം ഒട്ടും ചോരാതെ തന്‍റെ യാത്രയെക്കുറിച്ച് വിവരിച്ചു.

പ്രീമിയം പ്രോജക്റ്റുകളാണ് കൂടുതലായും ചെയ്യുന്നത്. ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് നല്ലൊരു സൊലൂഷനാണ് ഞങ്ങൾ തയ്യാറാക്കി നൽകുന്നതെന്ന് ബിനോയ് പറുന്നു. ഗ്രീൻ ഹോം, ഉൗർജ സംരംക്ഷണം എന്നിങ്ങനെയുള്ള സവിശേഷതകൾ നിർമാണ പ്രവർത്തനങ്ങളിലെല്ലാം കൊണ്ടു വരാൻ ശ്രദ്ധിക്കാറുണ്ട്. ഗ്രീൻ ഹോം എന്ന ആശയമുണ്ടെങ്കിൽ കൂടി അത് പൂർണമായിട്ടും ചെയ്യുന്നവർ കുറവാണ്. അതുകൊണ്ടു തന്നെ അനുഭവ സന്പത്തുള്ള ആർകിടെക്റ്റുമാരാണ് കൂടെയുള്ളത്. ഡൽഹി, ഇറ്റലി എന്നിവിടങ്ങളിൽ നിന്നു അനുഭവം നേടിയിട്ടുള്ളവരാണ് ഈ പ്രൊഫഷണൽസ്. അതുകൊണ്ടു തന്നെ തീർത്തും പ്രൊഫഷണലായി രീതിയിൽ തന്നെയാണ് ഓരോ പ്രോജക്റ്റും ഏറ്റെടുക്കുന്നതും പൂർത്തിയാക്കുന്നതും. ഉപഭോക്താക്കൾ പറയുന്ന റേറ്റിന് അവരാഗ്രഹിക്കുന്ന രീതിയൽ പ്രോജക്റ്റുകൾ പൂർത്തീകരിച്ചു നൽകാൻ സാധിക്കുന്നുണ്ട്. ഈ സവിശേഷതയാണ് ബിൽടെകിന്‍റെ വളർച്ചയിലേക്കുള്ള മുതൽക്കൂട്ടും.

ഓരോ പ്രോജകറ്റ് ലഭിക്കുന്പോഴും നന്നായി പഠിച്ച് എത്ര തുക ആവുമെന്നു കണക്കുകൂട്ടി ഉപഭോക്താക്കളെ അറിയിക്കും. ഉപഭോക്താക്കളുടെ സന്തോഷത്തിനും സംതൃപ്തിക്കുമണ് എന്നും പ്രാധാന്യം. ഇന്‍റീരിയർ ഡിവിഷൻ, സ്ട്രക്ച്ചറൽ ഡിവിഷൻ, സിവിൽ ഡിവിഷൻ എന്നിങ്ങനെ മൂന്നു ഡിവിഷനുകളി ലായാണ് നിർമാണ പ്രവർത്തനങ്ങളെ വ്യാപിപ്പിച്ചിരിക്കുന്നത്. പുതിയ പ്രോജക്ടുകളോടൊപ്പം വീടുകളുടെ പുനർ നിർമാണം കൂടി ലക്ഷ്യമാക്കി കൊണ്ടാണ് മൂന്നു ഡിവിഷനുകൾക്കും പ്രാധാന്യം കൊടുത്തിരിക്കുന്നത്.



ഓരോ പ്രോജക്റ്റും അനന്യമാണ്

കൊച്ചി മെട്രോയുടെ എം.ജി റോഡ്, മഹാരാജാസ് എന്നിവയുടെ സ്റ്റേഷനുകൾ പൂർത്തീകരിച്ചത് ബിൽടെക് ആണ്. വീടുകൾക്കു പുറമേ സർക്കാരിന്‍റെ പ്രീമിയം പ്രോജക്റ്റുകൾ, പള്ളികൾ,സ്കൂളുകൾ, ആശുപത്രികൾ എന്നിവയും നിർമിക്കാറുണ്ട്. പലപ്പോഴും ഒരു വീടോ മറ്റോ നിർമിക്കണമെങ്കിൽ അതിനായി ഒരുപാട് അലയണം. അതിനൊപ്പം ഒരുപാട് പണവും ചെലവാക്കണം. പക്ഷേ, ബിൽടെകുമായി ബന്ധപ്പെടുന്നവർക്ക് അനാവശ്യ ചെലവുകളൊന്നും നൽകേണ്ടതില്ല. കാരണം ഏറ്റവും യുണീകായ ഡിസൈൻ ഏറ്റവും പര്യാപതമായ ചെലവിൽ ചെയ്തു നൽകും. ഡിസൈൻ, എസ്റ്റിമേറ്റ് തുക എന്നിവെയല്ലാം കൃത്യമായി ഉപഭോക്താവിനെ ബോധ്യപ്പെടുത്തും. അതിനുശേഷം മാത്രമേ നിർമാണത്തിലേക്ക് കടക്കു. വീടുകൾ ചെയ്യുന്പോൾ വലിയ വീടാണോ ചെറിയ വീടാണോ എന്നൊന്നും ശ്രദ്ധിക്കാറില്ല. ഞങ്ങളുടെ ശ്രദ്ധ ഓരോ വീടും യുണീകായി നിർമിക്കുക എന്നതിൽ മാത്രമാണ്.


സമയത്തിനുള്ളിൽ തീർത്തു നൽകും എന്നുള്ളതാണ് ബിൽടെകിന്‍റെ ഏറ്റവും വലിയ സവിശേഷത. കൃത്യ സമയത്ത് കൊടുക്കാൻ സാധിക്കാതെ വന്നാൽ പിഴ നൽകാനും തയ്യാറാണ്. ഏതൊരു പദ്ധതിക്കും ഒരു വർഷത്തിൽ താഴെയെ സമയമെ നിർമാണത്തിനായി എടുക്കു. പിന്നെ പ്രൊജക്റ്റിന്‍റെ വലുപ്പം ഫണ്ടിംഗ് എന്നിവ കൂടി ഇക്കാര്യത്തിൽ ബന്ധപ്പെട്ടിരിക്കും.
സമയം കൂടുന്തോറും ചെലവും കൂടി കൊണ്ടിരിക്കും. അതുകൊണ്ടു തന്നെ സമയബന്ധിതമായി പണികളെല്ലാം തീർക്കുക എന്നുള്ള കാര്യത്തിൽ വിട്ടു വീഴ്ച്ചകളൊന്നും വരുത്താറില്ല.

തുടക്കത്തിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അറിവുള്ളവരെ കൂടെ കൂട്ടി. ഗൾഫ് മേഖലയിലും മറ്റും ജോലി ചെയ്തിരുന്നവരാണ് ഇന്ന് കൂടെയുള്ളത്. ക്വാളിറ്റിയിൽ കോംപ്രമൈസ് ഇല്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. അസംസ്കൃത വസ്തുക്കളെല്ലാം കന്പനിയിൽ നിന്നും നേരിട്ട് വാങ്ങിക്കുകയോ കന്പനിയുടെ അംഗീകൃത ഡീലർമാരിൽ നിന്നും വാങ്ങിക്കുക്കയോ ചെയ്യാറാണ് പതിവ്.എല്ലാക്കാര്യങ്ങളും സുതാര്യമായി തന്നെയാണ് മുന്നോട്ടു കൊണ്ടു പോകുന്നത്. ഏതെങ്കിലും കാര്യത്തിൽ എന്തെങ്കിലും തരത്തിലുള്ള വിട്ടു വീഴ്ച്ച ചെയ്യുന്നുണ്ടെങ്കിൽ മാത്രം സുതാര്യതയെക്കുറിച്ച് ചിന്തിച്ചാൽ മതി. ബിനോയ് തന്‍റെ സംരംഭത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നു.

കേരളത്തിന് പുറത്തേക്ക് നിർമാണ പ്രവർത്തനങ്ങളെ വ്യാപിപ്പിക്കാനും പദ്ധതികളുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രോജക്റ്റുകൾ ചെയ്തിട്ടുണ്ട്. എറണാകുളത്തിനു പുറമേ കോട്ടയം, കോഴിക്കോട് എന്നിവടങ്ങളിൽ ഓഫീസ് തുടങ്ങാൻ ഉദ്ദേശിക്കുന്നു. പ്രീമിയം ബിൽഡർമാരുടെ പ്രോജക്ടുകളും ചെയ്തു കൊടുക്കാറുണ്ട്.

ലക്ഷ്വറി സൗകര്യങ്ങൾ എല്ലാവർക്കും

കോട്ടയത്ത് നൂറ്റിനാൽപതിലധികം വീടുകൾ നാലു സ്ഥലത്തായി പൂർണമായും പരിസ്ഥിതി സൗഹൃദമായി ബിൽ‌ടെക് ഒരുക്കികൊണ്ടിരിക്കുകയാണ്. സാധാരണക്കാർക്കും ലക്ഷ്വറി സൗകര്യങ്ങൾ ആസ്വദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്. 2200 ചതുരശ്രയടിമുതൽ 2800 ചതുരശ്രയടി വരെയുള്ള വീടുകൾ സ്വിമ്മിംഗ്പൂൾ, ഹെൽത്ത് ക്ലബ് എന്നിങ്ങനെയുള്ള സൗകര്യങ്ങളോടൊപ്പമാണ് നിർമിക്കുന്നത്. എല്ലാ സാന്പത്തിക ശ്രേണിയിലുള്ളവർക്കും ലക്ഷ്വറി സൗകര്യങ്ങൾ ആസ്വദിക്കാനുള്ള സാഹചര്യം ഒരുക്കി നൽകുകയാണ് ലക്ഷ്യമെന്ന് ബിനോയ് പറയുന്നു.
നിലവിൽ ഉപഭോക്താക്കളിലധികവും പ്രവാസികളാണ്. അവർക്ക് ഓണ്‍ലൈനായി തന്നെ പദ്ധതിയുടെ നിർമാണ പുരോഗതി വിലയിരുത്താനുള്ള അവസരം എല്ലാ ദിവസവുമുണ്ട്. ഇന്‍റീരിയർ ജോലികൾ ചെയ്തു നൽകുന്നത് ഫാക്ടറി ഉത്പന്നങ്ങൾ കൊണ്ടാണ്. ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് ത്രീഡി വിഷനിലൂടെ കണ്ട് ഇഷ്ടപ്പെടുന്നതിനനുസരിച്ചാണ് ഇന്‍റീരിയർ വർക്കുകൾ ചെയ്തു നൽകുന്നത്.

ശക്തമായ ഒരു ടീമാണ് ഏറ്റവും നല്ല പിന്തുണ. ഓരോരുത്തർക്കും അവരവരുടേതായ ഉത്തരവാദിത്തങ്ങളുണ്ട്. തോളോടു തോൾ ചേർന്നാണ് മുന്നോട്ടു പോകുന്നത്. ഓരോ പ്രോജക്റ്റും രണ്ടും മൂന്നും തവണ വിലയിരുത്തിയതിനുശേഷമാണ് നടപ്പിലാക്കുന്നത്. ഒരോ പ്രോജകറ്റ് ലഭിക്കുന്പോഴും എല്ലാക്കാര്യങ്ങളും കൃത്യമായി പരിശോധിക്കും അത് ടീമിലുള്ള എല്ലാവരും ചേർന്നാണ് ചെയ്യുന്നത്. ബിനോയ് വിശദീകരിക്കുന്നു.നിരവധി അവാർഡുകളും ബിൽടെകിനെ തേടിയെത്തിയിട്ടുണ്ട്.

കാർഷിക മേഖലയിലും സംരംഭകൻ

ബിൽടെകിനു പുറമേ അറ്റ് ലാന്‍റിക് ഇന്ത്യ ജനറൽ ട്രേഡിംഗ് എന്നൊരു കന്പനികൂടി ബിനോയിക്കുണ്ട്. ടൈലുകൾ സാനിറ്ററിവേറുകൾ, സ്പോർട്സ് സ്റ്റേഡിയങ്ങൾക്കാവശ്യമായ നിർമാണ വസ്തുക്കൾ തുടങ്ങിയവ അന്താരാഷ്ട്രതലത്തിൽ വാങ്ങി ഇന്ത്യയിൽ വിതരണം ചെയ്യുന്ന ബിസിനസാണ് അറ്റ് ലാന്‍റിക് ജനറൽ ട്രേഡിംഗ് ചെയ്യുന്നത്. കോട്ടയത്താണ് ഇന്ത്യയിലെ ഓഫീസ് സ്ഥിതിചെയ്യുന്നത്. യു.കെയിലാണ് കോർപറേറ്റ് ഓഫീസ്. മികച്ച ഗുണമേൻമ, ഈട് എന്നവയുള്ള ഉത്പന്നങ്ങൾ മധ്യവർത്തികളില്ലാതെയാണ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.

കാർഷിക കുടുംബത്തിൽ നിന്നും വന്നതുകൊണ്ട് കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ഒരു സംരംഭം ബിനോയിയു‌ടെ സ്വപ്നമായിരുന്നു.അങ്ങനെയാണ് പ്രകൃതി സ്പൈസസ് എന്ന ഓൺലൈൻ പോർട്ടലിന് തുടക്കം കുറിക്കുന്നത്. രജിസിട്രേഷൻ നടപടികൾ പൂർത്തിയാകുന്നതേയുള്ളു. കർഷകരിൽ നിന്നും സുഗന്ധവ്യജ്ഞന ഉത്പന്നങ്ങൾ നേരിട്ട് ശേഖരിച്ച് വിൽക്കുകയാണ് ലക്ഷ്യം.

കുടുംബം

നല്ല ഒരു ജോലി ഉപേക്ഷിച്ച് സ്വന്തം ബിസിനസിലേക്ക് ഇറങ്ങിയപ്പോൾ എല്ലാം പിന്തുണയും നൽകി ബിനോയിക്ക് ഒപ്പമുണ്ടായിരുന്നത് ഭാര്യ റോസ് ബിനോയിയായിരുന്നു. റോസ് ചാർട്ടേഡ് അക്കൗണ്ടന്‍റാണ്. കന്പനിയിലെ സാന്പത്തിക കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് റോസാണ്. ഇടുക്കി കട്ടപ്പന കുഴുപ്പിൽ തോമസും ഏലിയാമ്മയുമാണ് ബിനോയിയുടെ മാതാപിതാക്കൾ. ആൽബിയോണ്‍ ബിനോയ്,( രാജഗിരി സ്കൂൾ കളമശേരി),ബെൻലിൻ‍ ബിനോയ് എന്നിവരാണ് ബിനോയിയുടെയും റോസിന്‍റെയും മക്കൾ.

രാഷ്ട്ര ദീപിക ലിമിറ്റഡിന്‍റെ 2018 ലെ ബിസിനസ് ദീപിക യംഗ് ബിസിനസ്മെൻ അവാർഡിലൂടെ ബിനോയിയുടെ ആത്മവിശ്വാസത്തിന് അംഗീകരവും മുന്നോട്ടുള്ള യാത്രക്ക് പ്രചോദനവും നൽകുകയാണ്.