നിക്ഷേപങ്ങളെ നേട്ടത്തിനൊപ്പം സുരക്ഷിതമാക്കാം
നിക്ഷേപങ്ങളെ നേട്ടത്തിനൊപ്പം സുരക്ഷിതമാക്കാം
Monday, July 9, 2018 4:53 PM IST
നിക്ഷേപകർ പലപ്പോഴും നിക്ഷേപത്തിൽ നിന്നു ലഭിക്കുന്ന നേട്ടത്തെക്കുറിച്ചുമാത്രമായിരിക്കും ശ്രദ്ധിക്കുക. സുരക്ഷിതമായ കൈകളിലാണോ നിക്ഷേപങ്ങൾ ഏൽപ്പിക്കുന്നത് എന്നു പോലും ചിന്തിക്കില്ല. ബാങ്കുകൾ നൽകുന്നതിനെക്കാൾ പലിശ കൂടി ലഭിക്കുന്പോൾ തീർച്ചയായും നിക്ഷേപകർക്ക് താൽപര്യം ആ വഴിയെ നീങ്ങാനായിരിക്കും. പക്ഷേ, നിക്ഷേപം നടത്തി കുറച്ചു നാളു കഴിയുന്പോഴായിരിക്കും എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകു ന്നതും നിക്ഷേപിച്ച തുക പോലും നഷ്ടപ്പെടുന്ന സ്ഥിതിയിലെത്തുന്നതും. ബാങ്കിംഗേതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നാണ് നിക്ഷേപകർക്ക് പ്രധാനമായും ഇത്തരം മോശം അനുഭവങ്ങളുണ്ടാകുന്നത്.

നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വം

സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ നിക്ഷേപം സൂക്ഷിക്കാൻ ആരും പൊതുവേ താൽപര്യപ്പെടാറില്ല. സ്വന്തം നാട്ടിൽ നല്ല പരിചയമുള്ള ഒരാൾ ഒരു ധനകാര്യ സ്ഥാപനം ആരംഭിക്കുന്നു. പലിശ നിരക്കാണെങ്കിൽ ബാങ്കു നൽകുന്നതിനെക്കാൾ കൂടുതൽ. അതിൽ നിക്ഷേപം നടത്തിയാൽ കുഴപ്പമൊന്നുമില്ല എന്ന ചിന്തയായിരിക്കും പലർക്കും.

ഓർക്കുക ബാങ്ക് നിക്ഷേപങ്ങളാണ് എപ്പോഴും സുരക്ഷിതം. കാരണം അവയിലെ ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് ഇൻഷുറൻസ് പരിരക്ഷയുണ്ട്. എന്നാൽ ബാങ്കിംഗേതര ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയില്ല.

ബാങ്കുകളെപ്പോലെ നിക്ഷേപം സ്വീകരിക്കാൻ എല്ലാ ബാങ്കിംഗേതര ധനകാര്യ സ്ഥാപനങ്ങൾക്കും അംഗീകാരമില്ല. റിസർവ് ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും ആർബിഐ അംഗീകരിച്ചിട്ടുള്ളതും ഇൻവസ്റ്റ്മെന്‍റ് ഗാരന്‍റി ക്രെഡിറ്റ് റേറ്റിംഗുള്ളതുമായ എൻബിഎഫ്സി കൾക്കെ നിക്ഷേപം സ്വീകരിക്കാൻ അനുമതിയുള്ളു.

ഇതിനു പുറമേ പലിശ നിരക്ക്, നിക്ഷേപ കാലാവധി എന്നിവയെക്കുറിച്ചും ആർബിഐ ചില നിയന്ത്രണങ്ങൾ വെച്ചിട്ടുണ്ട്. നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശ നിരക്ക് 12.5 ശതമാനമാണ്. അത് ഓരോ മാസവും കണക്കുകൂട്ടുകയും ചെയ്യണം. നിക്ഷേപങ്ങൾ കുറഞ്ഞത് 12 മാസം കൂടിയത് 60 മാസം എന്ന കാലയളവിലേക്കെ സ്വീകരിക്കാൻ പാടുള്ളു. നിക്ഷേപകർക്ക് സമ്മാനങ്ങളോ ഇൻസെന്‍റീവുകളോ നൽകാൻ പാടുള്ളതല്ല.

പ്രശ്ന പരിഹാരത്തിന് ഓംബുഡ്സ്മാൻ

ഏതെങ്കലും സ്ഥാപനം നിക്ഷേപ തുക തിരിച്ചു തരാതിരിക്കുകയോ എന്തെങ്കിലും തരത്തിൽ നിക്ഷേപകനെ കബളിപ്പിക്കുകയോ ചെയ്താൽ നിക്ഷേപകന് കന്പനി ലോ ട്രൈബ്യൂണൽ, കണ്‍സ്യൂമർ ഫോറം, സിവിൽ കോടതി ഇവയിൽ എവിടെയെങ്കിലും ഒരു പരാതി നൽകുവാനേ സാധിക്കു. അതിൽ തീരുമാനമുണ്ടാകാൻ കാലതാമസമുണ്ടാകും.


എന്നാൽ എൻബിഎഫ്സിയിലെ ഇത്തരം പരാതികളിൽ കുറച്ചു കൂടി ഉപഭോകതൃ സൗഹൃദമാക്കുവാൻ ആർബിഐ ഫെബ്രുവരിയിൽ ഒരു ഓംബുഡ്സ്മാനെ നിയമിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ ആർബിഐയുടെ റീജണൽ ഓഫീസുകളിലാണ് ഓംബുഡ്സ്മാൻ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.
പലിശ നൽകാതിരിക്കുക, അല്ലെങ്കിൽ കാലതാമസം വരുത്തുക, നിക്ഷേപത്തുക തിരിച്ചു നൽകാതിരിക്കുക തുടങ്ങിയ പരാതികളുമായി ഓംബുഡ്സ്മാനെ സമീപിക്കാവുന്നതാണ്. വായ്പകൾ സംബന്ധിച്ച പരാതികളുണ്ടെങ്കിലും ഓംബുഡ്സ്മാനെ സമീപിക്കാം.
പരാതിക്കാരന് നേരിട്ടോ അല്ലെങ്കിൽ അഡ്വക്കേറ്റുമാരൊഴികെ അംഗീകരമുള്ള പ്രതിനിധികൾ വഴിയോ ഓംബുഡ്സ്മാന് പരാതി സമർപ്പിക്കാം. പരാതിയിൽ പരാതിക്കാരന്‍റെ പേരും വിലാസവും അതോടൊപ്പം സ്ഥാപനത്തിന്‍റെ വ്യക്തമായ വിവരങ്ങൾ, പരാതി നൽകാനുള്ള കാരണം, പരാതി നൽകാനിടയാക്കിയ സാഹചര്യം. നഷ്ടപരിഹാരം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഉണ്ടായിരിക്കണം.

ഓംബുഡ്സ്മാൻ അനുരജ്ഞനം വഴിയോ അല്ലെങ്കിൽ നഷ്ടപരിഹാരം അനുവദിച്ചോ പ്രശ്നം പരിഹരിക്കും.

എന്നാൽ നഷ്ടപരിഹാര തുകയ്ക്ക് മൂല്യം ലഭിക്കണമെങ്കിൽ പരാതിക്കാരൻ അല്ലെങ്കിൽ നിക്ഷേപകൻ നഷ്ടപരിഹാരത്തിന്‍റെ കോപ്പി ലഭിച്ച് മുപ്പതു ദിവസത്തിനുള്ളിൽ ധനകാര്യ സ്ഥാപനത്തെയും ഓംബുഡ്സാമാനെയും നഷ്ടപരിഹാരത്തുക സ്വീകരിച്ച് പരാതിയിൽ തീർപ്പു കൽപ്പിക്കുന്നു എന്നുള്ള ലെറ്റർ ഓഫ് അക്സപ്റ്റൻസ് നൽകണം.

നിക്ഷേപകന് നഷ്ടം വന്ന തുക അല്ലെങ്കിൽ 10 ലക്ഷം രൂപ ഇതിൽ ഏതാണോ കുറവ് അത്രയും തുകയെ നഷ്ടപരിഹാരമായി അനുവദിക്കാൻ ഓംബുഡ്സ്മാന് അധികാരമുള്ളു. പീഡനം, മാനസിക പീഡനം, സമയനഷ്ടം എന്നിവയ്ക്കുള്ള നഷ്ടപരിഹാരം ഒരു ലക്ഷം രൂപയിൽ കൂടാനും പാടില്ല.

ഓർമിക്കാൻ

കോർപറേറ്റ് സ്ഥാപനങ്ങളുടെയും ഹൗസിംഗ് ഫിനാൻസ് കന്പനികളുടെയും നിയന്ത്രണം കോർപറേറ്റ് അഫയേഴ്സ് ആൻഡ് നാഷണൽ ഹൗസിംഗ് ബാങ്ക് മന്ത്രാലയത്തിനു കീഴിലാണ് വരുന്നത്. എൻബിഎഫ്സി നിക്ഷേപങ്ങൾ മാത്രമാണ് ആർബിഐയുടെ നിയന്ത്രണത്തിനു കീഴിൽ വരുന്നത്.