സ്വർണത്തിൽ നിക്ഷേപിക്കാം
സ്വർണത്തിൽ നിക്ഷേപിക്കാം
Wednesday, August 31, 2016 4:43 AM IST
‘ചത്ത നിക്ഷേപ’മെന്നാണ് പല പ്രമുഖ നിക്ഷേപക വിദഗ്ധരും സ്വർണത്തെ വിശേഷിപ്പിക്കുന്നത്. ഒരിക്കൽ വാങ്ങിയാൽ അതു ആഭരണരൂപത്തിലാണെങ്കിൽ പെട്ടിയിലും ശരീരത്തിലും വെറുതെ കിടക്കും. സ്വർണക്കട്ടി, നാണയം തുടങ്ങിയ രൂപത്തിലാണെങ്കിൽ മറ്റാർക്കും ഉപയോഗപ്പെടാതെ ബാങ്കുകളിലെ ലോക്കറിലോ അലമാരിയിലോ സൂക്ഷിക്കും.

പലപ്പോഴും നീണ്ട കാലത്തോളം ഇതിൽനിന്നു റിട്ടേൺ ഒന്നുമുണ്ടാകാറില്ല. എങ്കിലും ചില സമയങ്ങളിൽ സ്വർണം ഇൻഷുറൻസ് പോലെ പ്രവർത്തിക്കുന്നുണ്ട്. ലോകം അനിശ്ചിതത്വത്തിലേക്കു നീങ്ങുമ്പോൾ, അല്ലെങ്കിൽ രാജ്യത്തെ പണപ്പെരുപ്പം വർധിക്കുമ്പോൾ... എന്നിങ്ങനെ തുടങ്ങിയ ചില അവസരങ്ങളിൽ സ്വർണം മികച്ച പ്രകടനം നടത്തിപ്പോരുന്നു.

അങ്ങനെയൊരു അനിശ്ചിതത്വത്തിന്റെ വർഷമായിരുന്നു 2016. ബ്രെക്സിറ്റ് ഉൾപ്പെടെയുള്ള അനിശ്ചിതത്വം. അതുകൊണ്ടുതന്നെ 2016–ൽ ഏറ്റവും നേട്ടം നൽകിയ ആസ്തികളിലൊന്നാണ് സ്വർണം.
ലോക സാമ്പത്തിക ക്രമത്തിലെ അനിശ്ചിതത്വം കണക്കിലെടുത്ത് പല നിക്ഷേപ വിദഗ്ധരും നിക്ഷേപത്തിന്റെ ചെറിയൊരു ശതമാനം സ്വർണത്തിൽ നിക്ഷേപിക്കാൻ ഉപദേശം നൽകുന്നുണ്ട്. ഇപ്പോഴത്തെ ബാങ്ക് നിക്ഷേപത്തേക്കാൾ മെച്ചപ്പെട്ട റിട്ടേൺ കിട്ടാൻ ഇതു സഹായിക്കുമെന്നും അവർ കൂട്ടിച്ചേർക്കുന്നു.

ലോകം വീണ്ടുമൊരു സാമ്പത്തിക മാന്ദ്യത്തിലേക്കു പോകുകയാണെന്ന സന്ദേഹം എല്ലായിടത്തും ഉയരുന്നുണ്ട്. ബ്രെക്സിറ്റ് സംഭവിച്ചതോടെ ഈ ആശങ്കയ്ക്ക് കട്ടി കൂട്ടിയിട്ടുണ്ട്. ചൈന നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളും ക്രൂഡോയിൽ വിലത്തകർച്ചയും യുഎസ് ഒഴികെയുള്ള ലോകത്തിലെ മുഖ്യ സമ്പദ്ഘടനകൾ പ്രതിസന്ധി നേരിടുന്നതുമൊക്കെ 2008–ലെ സാമ്പത്തിക പ്രതിസന്ധിയെ ഓർമിപ്പിക്കുന്നു.
ബ്രെക്സിറ്റിനെത്തുടർന്ന് ഐഎംഎഫ് ആഗോള സാമ്പത്തിക വളർച്ച 2016–ലും 2017–ലും കുറയുമെന്നു പ്രവചിച്ചിരിക്കുകയാണ്. 2016–ൽ 3.1 ശതമാനം ആഗോള സാമ്പത്തിക വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം 3.4 ശതമാനവും. ഇവയാകട്ടെ നേരത്തെ കണക്കാക്കിയിരുന്നതിനേക്കാൾ 0.1 ശതമാനം വീതം കുറവാണ്. ആഗോള രാഷ്ട്രീയ പ്രതിസന്ധി, ഉയരുന്ന പ്രൊട്ടക്ഷനിസം, ഭീകരാക്രമണം തുടങ്ങിയവയൊക്കെ വളർച്ചയെ ഇതിലും താഴേയ്ക്കു കൊണ്ടുപോകുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നൽകുന്നു.

ഈ അനിശ്ചിതാവസ്‌ഥയാണ് സ്വർണത്തിനു തുണയായിട്ടുള്ളത്. അനിശ്ചിതാവസ്‌ഥയ്ക്കെതിരേയുള്ള ഹെഡ്ജിംഗ് ആണ് സ്വർണനിക്ഷേപം. മറ്റൊന്ന് സ്വർണാഭരണ ഡിമാണ്ടാണ്. ഇന്ത്യക്കാരുടെ വരുമാന വർധനയും രാജ്യത്ത് സ്വർണവില മെച്ചപ്പെട്ടു നിൽക്കുവാൻ കാരണമാണ്.
2016–ൽ ജനുവരി ഒന്നിന് രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ വില ഔൺസിന് 10861 ഡോളറായിരുന്നു. ഇന്ന് (ജൂലൈ 22–ന്) 1322.1 ഡോളറാണ്. അതായത് സ്വർണം ഈ വർഷം നൽകിയ റിട്ടേൺ വാർഷികാടിസ്‌ഥാനത്തിൽ 14.35 ശതമാനമാണ്. പല ഗോൾഡ് ഇടിഎഫ് ഫണ്ടുകളും 18 ശതമാനത്തിലേറെ റിട്ടേൺ നൽകിയിട്ടുണ്ട്.

എന്നാൽ ദീർഘകാലയളവിലേക്കു സൂക്ഷിക്കുമ്പോൾ ഇതിന്റെ റിട്ടേൺ പണപ്പെരുപ്പത്തെ പരാജയപ്പെടുത്താൻ പലപ്പോഴും സഹായിക്കുന്നില്ല എന്നതാണ് വസ്തുത. 2007–08 കാലയളവിൽ തുടങ്ങിയ കൈവിരലിൽ എണ്ണാവുന്ന ഫണ്ടുകൾക്കു മാത്രമാണ് 12 ശതമാനത്തിനു ചുറ്റളവിൽ വാർഷിക റിട്ടേൺ നൽകാൻ സാധിച്ചിട്ടുള്ളത്. 2001 ജനുവരി ഒന്നിന് 268 ഡോളറായിരുന്നു ഔൺസിന്. ഇന്നത് 1322 ഡോളറായി ഉയർന്നു. വാർഷിക റിട്ടേൺ 10.85 ശതമാനം.

<യ> സ്വർണത്തിൽ നിക്ഷേപം എങ്ങനെ

സാമ്പത്തിക ദുരന്തങ്ങൾക്കെതിരേയുള്ള ഇൻഷുറൻസായിട്ടാണ് സ്വർണത്തെ കാണുന്നത്. സ്വർണത്തിൽ നിക്ഷേപിക്കാൻ നിരവധി വഴികളുണ്ട്. ഭൗതിക സ്വർണം മുതൽ ഇ– ഗോൾഡ് വരെയുള്ള നിക്ഷേപ വഴികളുണ്ട്. ഓരോന്നിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. സ്വർണാഭരണങ്ങൾ വാങ്ങിക്കുക, ഗോൾഡ് ഇടിഎഫ്, ഗോൾഡ് ഫണ്ടുകൾ എന്നിങ്ങനെയുള്ള സ്വർണ നിക്ഷേപ മാർഗങ്ങളെ പരിചയപ്പെടുത്തുകയാണിവിടെ.

<യ> സ്വർണാഭരണങ്ങൾ വാങ്ങുക

ഇന്ത്യക്കാർ പുരാതന കാലം തന്നെ സ്വർണം അണിഞ്ഞു നടക്കുവാൻ ആഗ്രഹിക്കുന്നവരാണ്. ഇതിൽ പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ല. പ്രത്യേകിച്ചു സ്ത്രീകൾ. സ്ത്രീകളുടെ സ്വത്തിന്റെ ഭാഗമായിട്ടുകൂടിയാണ് അവർ സ്വർണത്തെ കാണുന്നത്. ഇന്ത്യൻ സ്ത്രീകളുടെ കഴുത്തിലും കാതിലും കൈയിലും വീടുകളിലെ അലമാരികളിലുമായി ഏതാണ്ട് 20,000 ടണ്ണോളം സ്വർണമിരിപ്പുണ്ടെന്നാണ് കണക്കാക്കുന്നത്.

ചുരുക്കത്തിൽ സ്വർണാഭരണങ്ങൾ വാങ്ങുക എന്നുള്ളത് ഇന്ത്യക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ്. അൽപ്പം പണം കയ്യിൽ വന്നു ചേർന്നാൽ സാധാരണക്കാർ കൂടുതലും സ്വർണം വാങ്ങിക്കാനായാണ് അതുപയോഗിക്കുക. സ്‌ഥിരമായി അണിയുന്നതിനൊപ്പം ആവശ്യം വന്നാൽ പണയം വച്ചോ വിറ്റോ പണമാക്കി മാറ്റുവാൻ എളുപ്പമാണെന്നതുമാണ് സ്വർണാഭരണം വാങ്ങുന്നതിനുള്ള കാരണം.

പക്ഷേ സ്വർണാഭരണങ്ങൾ വാങ്ങിക്കുമ്പോൾ പണിക്കൂലി മുതലായവ നൽകേണ്ടതായി വരുന്നു. ഇനി തിരികെ നൽകുമ്പോഴാകട്ടെ ഇതു കിഴിക്കുകയും ചെയ്യുന്നു. കൂടാതെ സൂക്ഷിക്കുവാൻ ലോക്കറും മറ്റു എടുക്കേണ്ടതായി വരുന്നു. കള്ളന്മാരുടെ ഭീഷണി വേറെ. ഇതുമൂലം സ്വർണം വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള ചെലവു കൂടുതലാണ്.

<യ> സ്വർണ നാണയങ്ങൾ, ബാറുകൾ എന്നിവ വാങ്ങുക

സ്വർണാഭരണങ്ങൾ വാങ്ങിക്കുക എന്നതു പോലെ തന്നെ മികച്ചൊരു മാർഗമാണ് സ്വർണ നാണയങ്ങളും ബാറുകളും വാങ്ങിക്കുക എന്നുള്ളത്. നിക്ഷേപം ലക്ഷ്യമാക്കിയുള്ളവരാണ് ഈ രീതിയിൽ സ്വർണം വാങ്ങുക.

ജ്വല്ലറികളും ബാങ്കുകളും സ്വർണ ബാറുകൾ വിൽക്കുന്നുണ്ടെങ്കിലും വാങ്ങിക്കുമ്പോൾ അത് ജ്വല്ലറികളിൽനിന്നു തന്നെ വാങ്ങിക്കാൻ ശ്രദ്ധിക്കണം കാരണം ബാങ്കുകൾ അവ തിരിച്ചു വാങ്ങിക്കാറില്ല എന്നതോർക്കുക.

<യ> ഗോൾഡ് ഇടിഎഫ്

സ്വർണം ഡീമാറ്റ് രൂപത്തിൽ നിക്ഷേപിക്കുന്നതിനുള്ള അവസരമാണ് ഗോൾഡ് ഇടിഎഫ് ഒരുക്കുന്നത്. സ്വർണം ഭൗതിക രൂപത്തിൽ നിക്ഷേപിക്കുമ്പോഴുള്ള ന്യൂനതകൾ മറികടക്കാൻ ഗോൾഡ് ഇടിഎഫുകൾ സഹായിക്കുന്നു. പേപ്പർ ഗോൾഡ് എന്നും ഇതറിയിപ്പെടുന്നു.


ഒരു തരം മ്യൂച്വൽ ഫണ്ട് തന്നെയാണ് ഗോൾഡ് എക്സ്ചേഞ്ച് ട്രേഡ് ഫണ്ട് എന്നു പറയുന്നത്. മ്യൂച്വൽ ഫണ്ടുകളാണ് ഗോൾഡ് ഇടിഎഫുകൾ പുറത്തിറക്കിയിട്ടുള്ളത്. മ്യൂച്വൽ ഫണ്ടുകൾക്കു നിക്ഷേപകൻ നൽകുന്ന പണം ഓഹരിക്കു പകരം സ്വർണം നിക്ഷേപിക്കുന്നു.

ഒരു ഗ്രാം സ്വർണത്തിനു തുല്യമായ യൂണിറ്റാണ് നിക്ഷേപകന് ഗോൾഡ് ഇടിഎഫിലൂടെ വാങ്ങാൻ സാധിക്കുക. നിക്ഷേപകൻ ഒരു യൂണിറ്റു വാങ്ങുമ്പോൾ ഗോൾഡ് ഇടിഎഫ് അതിനു തുല്യമായ സ്വർണം വാങ്ങി സൂക്ഷിക്കുന്നു. ഏതെങ്കിലും ബ്രോക്കിംഗ് കമ്പനിയിൽ ഡീമാറ്റ് അക്കൗണ്ട് ഉണ്ടെങ്കിൽ ഡീമാറ്റ് രൂപത്തിൽ ഗോൾഡ് ഇടിഎഫ് വാങ്ങാൻ സാധിക്കുന്നു.

സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ളതിനാൽ ഏതു സമയത്തും വിറ്റഴിക്കുവാനും സാധിക്കുന്നു. ഇലക്ട്രോണിക് രൂപത്തിലായതിനാൽ കള്ളന്മാരെ പേടിക്കുകയും വേണ്ട. സൂക്ഷിക്കുവാൻ ചെലവേ ഇല്ല.

നിക്ഷേപം നടത്താനുള്ള ചെലവും കുറവാണ്. എക്സിറ്റ് ലോഡോ എൻട്രി ലോഡോ ഇല്ല. എക്സ്ചേഞ്ചിൽനിന്നു വാങ്ങുമ്പോൾ ബ്രോക്കറേജ് നൽകണമെന്നു മാത്രം. ഇടിഎഫിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 5,000 രൂപയാണ്.

സ്വർണാഭരണം വാങ്ങുമ്പോൾ പണിക്കൂലി, പണിക്കുറവ് തുടങ്ങിയവ നൽകുന്നതുപോലെ ഒന്നും നൽകേണ്ടതില്ല. സ്വർണ്ണനാണയം, സ്വർണബാർ തുടങ്ങിയവ വാങ്ങുമ്പോൾ നൽകുന്ന പ്രീമിയം ഇടിഎഫിന് നൽകേണ്ടതില്ല. ചുരുക്കത്തിൽ ഏറ്റവും കുറഞ്ഞ ചെലവിൽ സ്വർണത്തിൽ നിക്ഷേപിക്കാനുള്ള വഴിയാണ് ഗോൾഡ് ഇടിഎഫുകൾ.

മറ്റൊന്ന് ഭൗതിക സ്വർണത്തേക്കാൾ ടാക്സ് എഫിഷ്യന്റ് ആണ്. ഗോൾഡ് ഇടിഎഫിലുണ്ടാകുന്ന ദീർഘകാലമൂലധന വളർച്ചയ്ക്ക് 20 ശതമാനം നികുതി നൽകണം. മൂന്നു വർഷത്തിനു മുകളിൽ നിക്ഷേപം നടത്തുന്നതിനെയാണ് ദീർഘകാല നിക്ഷേപമായി കണക്കാക്കുന്നത്. എന്നാൽ ഇൻഡെക്സേഷൻ ഉപയോഗപ്പെടുത്താം.

മൂന്നുവർഷത്തിൽ താഴെയുള്ള കാലയളവിൽ വിൽക്കുകയും മൂലധന വളർച്ച ഉണ്ടാവുകയും ചെയ്താൽ ഹ്രസ്വകാല മൂലധന വളർച്ചാ നികുതി നൽകണം. ഏതു നികുതി സ്ലാബിൽ വരുന്നുവോ ആ നിരക്കിലാണ് നികുതി നൽകേണ്ടത്. സ്വത്തു നികുതിയുമില്ല.

<യ> ഇ–ഗോൾഡ്

ഓഹരികളിൽ നിക്ഷേപിക്കുന്ന രീതിയിലുള്ള സ്വർണ നിക്ഷേപങ്ങളാണ് ഇ–ഗോൾഡ് എന്നറിയപ്പെടുന്നത്. ഇലകട്രോണിക് രീതിയിലോ, ഡീമാറ്റ് രീതിയിലോ ഇ– ഗോൾഡിൽ നിക്ഷേപം നടത്താം. നാഷണൽ സ്പോട്ട് എക്സ്ചേഞ്ച് ലിമിറ്റഡിൽനിന്നാണ് ഇ– ഗോൾഡ് വാങ്ങുവാനും വിൽക്കുവാനും സാധിക്കുക.

ഓഹരിയിലെന്നതുപോലെ സ്വർണവും ഡീമാറ്റിലാണ് സൂക്ഷിക്കുക. ഇതിനായി നിക്ഷേപകൻ എൻഎസ്ഇഎല്ലിന്റെ ഏതെങ്കിലും ഡിപ്പോസിറ്ററി പാർട്ടിസിപ്പിന്റെ അടുത്ത് ഡീമാറ്റ് അക്കൗണ്ട് തുറക്കണം. ഓഹരിക്കും കമോഡിറ്റിക്കും പ്രത്യേകം പ്രത്യേകം ഡീമാറ്റ് അക്കൗണ്ടുകളാണ് വേണ്ടത്.

ഒരു ഗ്രാം, രണ്ടു ഗ്രാം സ്വർണ യൂണിറ്റുകൾ ഓൺലൈനായി വിൽക്കുകയും വാങ്ങുകയും ചെയ്യാമെന്നതാണ് ഏറ്റവും വലിയ നേട്ടം. ഇടപാടു പൂർത്തിയായിക്കഴിഞ്ഞാൽ ഡീമാറ്റ് അക്കൗണ്ടിൽ സ്വർണയൂണിറ്റ് ക്രെഡിറ്റ് ചെയ്യുന്നു. ഇന്ത്യൻ വിപണിയെ അടിസ്‌ഥാനമാക്കിയാണ് എൻഎസ്ഇയിൽ വ്യാപാരം നടക്കുന്നത്. പ്രത്യേകിച്ച് ഹോൾഡിംഗ് ചാർജുകൾ ഒന്നും നൽകേണ്ട. ഇടിഎഫുമായി താരതമ്യപ്പെടുത്തുമ്പോൾ ഇ– ഗോൾഡ് വാങ്ങുവാനും വിൽക്കുവാനുമുള്ള ചെലവ് കുറവാണ്.
ഗോൾഡ് ഇടിഎഫിലെന്നതുപോലെ ഏതു സമയത്തും വിറ്റു പണമാക്കാൻ സാധിക്കും.

<യ> ഗോൾഡ് ഫണ്ട് ഓഫ് ഫണ്ട്

ഗോൾഡ് ഇടിഎഫ് ഫണ്ടുകളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാണിത്. ഇത്തരം നിക്ഷേപങ്ങൾക്ക് നിങ്ങൾക്ക് ഒരു ഡിമാറ്റ് അക്കൗണ്ടിന്റെ ആവശ്യം വരുന്നില്ല. സാധാരണ മ്യൂച്ചൽ ഫണ്ടുകൾ, എസ്ഐപി എന്നിവയിൽ നിക്ഷേപം നടത്തുന്നതു പോലെ തന്നെ ഇവയിലും നിക്ഷേപം നടത്താവുന്നതാണ്.

<യ> ഇക്വിറ്റി അടിസ്‌ഥാനമാക്കിയുള്ള ഗോൾഡ് ഫണ്ടുകൾ

ഇത്തരം നിക്ഷേപങ്ങളിൽ നേരിട്ട് സ്വർണത്തിലേക്കല്ല നിക്ഷേപം നടത്തുന്നത്. മറിച്ച് സ്വർണഖനനം, സ്വർണക്കച്ചവടം എന്നിവ നടത്തുന്ന കമ്പനികളിലാണ് നിക്ഷേപിക്കുന്നത്.

ഇത്തരം കമ്പനികളുടെ പ്രകടനവുമായി ബന്ധപ്പെട്ടാണ് ഈ ഫണ്ടുകളുടെ പ്രകടനം. ഉയർന്ന റിസ്ക്കുള്ള നിക്ഷേപ രീതിയാണിത്.

<യ> സോവറിൻ ഗോൾഡ് ബോണ്ട്

ഇന്ത്യ ഗവൺമെന്റ് കഴിഞ്ഞ വർഷം ആരംഭിച്ചതാണ് സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതി. ഭൗതിക രൂപത്തിൽ സ്വർണം വാങ്ങാതെ സ്വർണത്തിൽ നിക്ഷേപിക്കാനുള്ള അവസരമാണ് ഇതു വഴി ലഭ്യമാക്കുന്നത്. ഇടിഎഫിലേതുപോലെ ഫണ്ട് മാനേജ്മെന്റ് ചാർജൊന്നും സ്വർണബോണ്ടിനു നൽകേണ്ടതില്ല. മാത്രമല്ല നിക്ഷേപത്തിനു പലിശയും ലഭിക്കുന്നു. എട്ടുവർഷത്തേക്കാണ് ഗോൾഡ് ബോണ്ടിന്റെ കാലാവധി.

കൂടാതെ ഈ ബോണ്ടിനെ വായ്പകൾക്കു ഈടു വയ്ക്കാൻ ഉപയോഗിക്കാം. സ്വർണം കൈവശം വയ്ക്കാതെ തന്നെ സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പു വരുത്തുവാൻ സാധിക്കുന്നു.

ഇപ്പോൾ നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തിട്ടുള്ളതിനാൽ ഓഹരിപോലെതന്നെ സ്വർണബോണ്ടു വാങ്ങുകയും വിൽക്കുകയും ചെയ്യാം. ഇതു വഴി എപ്പോൾ വേണമെങ്കിലും ബോണ്ട് വിൽക്കാനും വാങ്ങാനും അവസരമുണ്ടായിരിക്കുകയാണ്.

2015 നവംബറിലാണ് സോവറിൻ ഗോൾഡ് ബോണ്ട് ആരംഭിക്കുന്നത്. ആദ്യ ബോണ്ടിലെ നിക്ഷേപകർക്കു ലഭിച്ച മൂലധന വളർച്ച 13.21 ശതമാനമാണ്. കൂടാതെ പലിശയ്ക്കും അർഹരാണ്. ഇപ്പോൾ 2.75 ശതമാനമാണ് പലിശ. ഓരോ ആറു മാസത്തിലും പലിശ ലഭിക്കും.

ഗോൾഡ് ഇടിഎഫിലേതുപോലെതന്നെയാണ് ഇതിനും നികുതി. അഞ്ചുവർഷത്തിനുശേഷം വിൽക്കുമ്പോൾ ലഭിക്കുന്ന മൂലധന വളർച്ചയ്ക്കു നികുതി നൽകേണ്ടതില്ല. മൂന്നു വർഷത്തിനു മുമ്പ് വിറ്റ് മൂലധന വളർച്ചയുണ്ടായാൽ ഷോർട് ടേം മൂലധന വളർച്ചാ നികുതി നൽകണം. നികുതിദായകൻ ഏതു സ്ലാബിൽ വരുന്നുവോ അതിലെ നിരക്കാണ് നൽകേണ്ടത്. 3–5 വർഷക്കാലയളവിൽ വിറ്റാൽ ഇൻഡെക്സേഷനോടുകൂടി 20 ശതമാനം നിരക്കിൽ നികുതി നൽകണം.