ജൂഡിനു ചിലതു പറയാനുണ്ട്
ജൂഡിനു ചിലതു പറയാനുണ്ട്
Tuesday, December 6, 2016 6:19 AM IST
ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രീതിയും സംസ്‌ഥാന പുരസ്കാരവും നേടിയ സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. സംവിധാനത്തിനൊപ്പം അഭിനയത്തിലേക്കും തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഈ പ്രതിഭ. സിനിമയെന്ന ചട്ടക്കൂടിനകത്തുമാത്രം ഒതുങ്ങി നിൽക്കാതെ എന്നും സാധാരണക്കാരുമായി സംവദിക്കാനും പക്ഷം നോക്കാതെ അഭിപായം പറയാനും ജൂഡ് ശ്രദ്ധിച്ചിരുന്നു. വിമർശനങ്ങളെ അതിന്റെ ഭാവത്തോടെ തന്നെ സ്വീകരിക്കാനും ധൈര്യത്തോടെ അഭിപ്രായങ്ങൾ പറയാനും എന്നും ജൂഡിനു കഴിഞ്ഞു. ഈ ഓണക്കാലത്തു പ്രേക്ഷകരിലേക്കൊരു സന്ദേശം പകർന്നു കൊണ്ട് ഒരു മുത്തൾി ഗദ എന്ന ചിത്രവുമായി ജൂഡ് വീണ്ടുമെത്തി. ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷം പങ്കു വെയ്ക്കുകയാണ്. ഒപ്പം തന്റെ സിനിമ അനുഭവങ്ങളും.

ഓം ശാന്തി ഓശാന പോലൊരു സിനിമയ്ക്കു ശേഷം വളരെ വ്യത്യസ്ത പ്രമേയം കൈ കാര്യം ചെയ്ത ഒരു മുത്തൾി ഗദയുമായി എത്താൻ കാരണം?

ഓം ശാന്തി ഓശാനയ്ക്കു ശേഷം നിരവധി കഥകൾ ഞാൻ കേട്ടിരുന്നു. പക്ഷെ ഒരു സിനിമ ചെയ്യണം എന്നു തോന്നിക്കുന്ന ഒന്നും എന്നെ ആകർഷിച്ചില്ല. ഓം ശാന്തി ഓശാനയക്കു മുമ്പ് നിവിൻ പോളിയുടെ വീട്ടിൽ ഞാൻ ഇരിക്കുന്ന സമയത്ത് അവിടെ രണ്ട് അമ്മൂമ്മമാരെ കണ്ടു. നിവിന്റെ അപ്പയുടേയും അമ്മയുടേയും അമ്മമാരാണ്. രണ്ടു പേരുടേയും സ്വഭാവം രണ്ടു തരമാണ്. പ്രാർത്ഥിക്കുന്ന സമയത്ത് ഒരാൾ പതുക്കെ ചൊല്ലുമ്പോൾ മറ്റേയാൾ വളരെ വേഗത്തിൽ ഉറക്കെ ചൊല്ലും എന്നും അവൻ പറഞ്ഞു. എന്നാൽ രണ്ടുപേരും നല്ല കൂട്ടുമാണ്. ഇതു നിവിൻ പറഞ്ഞപ്പോൾ അതിൽ ഒരു സിനിമയ്ക്കുള്ളതുണ്ടല്ലൊ എന്നു ഞാൻ ഓർത്തിരുന്നു.

ഓം ശാന്തി ഓശാന സിനിമ ചെയ്തതിനു ശേഷം ഈ സിനിമയിലേക്കെത്തിയപ്പോൾ പലരും എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഒരു സ്റ്റാറിനെ വെച്ചു മാസ് സിനിമ ചെയ്താൽ പോരെ എന്നും ചോദിച്ചിട്ടുണ്ട്. പക്ഷെ എന്റെ ഉള്ളിൽ ഇതു കിടക്കുകയാണ്. എഴുതിത്തുടങ്ങിയിരുന്നില്ല, പക്ഷെ സിനിമയുടെ ഏകദേശരൂപം എന്റെ മനസിൽ ഉണ്ടായിരുന്നു. ആ ഇടയ്ക്കാണ് ഒരു ഓൾഡ് ഏജ് ഹോമിലെ ഓണം പരിപാടിയിലേക്കു കുറേ കുട്ടികൾ എന്നെ ക്ഷണിക്കുന്നത്. അവിടെ വെച്ചാണ് എന്റെ സിനിമയുടെ ക്ലൈമാക്സ് എനിക്കു കിട്ടുന്നത്. ഓരോ മാസവും അവിടെയുള്ള ഓരോരുത്തരുടെയും ആഗ്രഹം സഫലമാക്കാൻ ശ്രമിക്കുന്ന ‘മുത്തൾി ഗദ’ എന്ന ക്ലൈമാക്സ് അങ്ങനെയാണ് ഉണ്ടാകുന്നത്. പിന്നെ ഇത്തരം രീതിയിലൊരു കഥയായതു കൊണ്ടു തന്നെ ചിത്രത്തിന്റെ നിർമാതാവിനു നഷ്ടം ഉണ്ടാകാനും പാടില്ല. ചിത്രം തിയറ്ററിൽ എത്തുന്നതിനു മുമ്പേ തന്നെ മുടക്കു മുതലിൽ അധികം തിരിച്ചു കിട്ടാനുള്ള വഴികളും നോക്കിയിരുന്നു. രജനികാന്ത് സാറിനെ കൊണ്ടു ചിത്രത്തിന്റെ പബ്ലിസിറ്റി ചെയ്യിക്കനുള്ള ഒരു പദ്ധതിയായിരുന്നു ആദ്യം മനസിൽ. പക്ഷെ അതു നടന്നില്ല. എങ്കിലും ചിത്രം തിയറ്ററിലെത്തിയപ്പോൾ അതു പ്രേക്ഷകർ ഏറ്റെടുത്തു.

ചിത്രം തിയറ്ററിലെത്തിയപ്പോൾ പ്രതീക്ഷിച്ച സംതൃപ്തി കിട്ടിയോ?

തീർച്ചയായും. സിനിമ കണ്ടവർക്ക് ഇഷ്ടപ്പെട്ടു എന്നതു സത്യമാണ്. പക്ഷെ കൂടുതൽ ആൾക്കാർ ഈ ചിത്രം കണ്ടിരുന്നില്ല. മാർക്കറ്റിംഗിൽ കുറച്ചു പിന്നിലായിപ്പോയി. പിന്നെ ഓരോ ചിത്രങ്ങളും ഓരോ പാഠമാണ്. കഴിഞ്ഞ ചിത്രത്തിൽ ഒരു സിനിമ ചെലവു കുറഞ്ഞ രീതിയിൽ നിർമിച്ചെടുക്കാം എന്നു പഠിച്ചപ്പോൾ ഈ ചിത്രത്തിൽ മാർക്കറ്റിംഗ് എങ്ങനെ എന്നുള്ളത് മനസിലാക്കി.



നിവിൻ, വിനീത് അടങ്ങുന്ന വലിയൊരു കൂട്ടായ്മയുടെ പിന്തുണ ചിത്രത്തിനു വിജയത്തെ സ്വാധീനിച്ചുവോ?

ഒറ്റയ്ക്കൊരാൾ സിനിമ ചെയ്യുന്നതിലും നല്ലത് ഒരു കൂട്ടായ്മയുടെ പിൻബലമുള്ളതാണ്. എനിക്കു സിനിമയ്ക്കകത്തും പുറത്തുമായി സുഹൃത്തുക്കളുണ്ട്. അവരുടെ പിന്തുണ ഓരോ സിനിമയിലും വലുതാണ്. കഴിഞ്ഞ സിനിമയിൽ നിവിനു വിനീതും അജുവും ഒന്നിച്ചുള്ള ഒരു വലിയ കൂട്ടുകെട്ടിന്റെ പിൻബലമുണ്ടായിരുന്നു. അതിനു ശേഷം ഓരോരുത്തരുടേയും തിരക്കുകൾ വർധിച്ചു. സിനിമയ്ക്കു പുറത്തുള്ള സൗഹൃദമായിരുന്നു ഈ സിനിമയുടെ രചന വേളയിലും മറ്റും ഏറെ സഹായകമായത്.

ഒരു സ്റ്റാർ ഇല്ലാതെ കഥ പ്രാധാന്യമർഹിക്കുന്ന സിനിമയായി മാറിയപ്പോൾ അതൊരു വെല്ലുവിളിയായിരുന്നില്ലേ?

കഴിഞ്ഞ സിനിമയിൽ നിവിനും നസ്രിയയും ഉണ്ടായതു കൊണ്ടു സിനിമയുടെ വിജയഘടകമായി എന്നു ചിലർ പറഞ്ഞിരുന്നു. ഇത്തവണ കഥയാണ് താരം. അവിടെ കഥാപാത്രങ്ങൾ രണ്ടാമത്തേതാണ്. സിനിമ വിജയമായാലും പരാജയമായാലും അതിൽ അവസാനത്തേക്കു ഞാൻ സൂക്ഷിച്ചത് പ്രേക്ഷകർക്കു കിട്ടും. അതായിരുന്നു എന്റെ ലക്ഷ്യവും. അപ്പോൾ അതൊരു വെല്ലുവിളി എന്നതിനേക്കാൾ ഒരു വാശിയായിരുന്നു.

സംവിധാനത്തിനൊപ്പം അഭിനയത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയാണോ?

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സിനിമയിൽ അഭിനയിക്കുക എന്നതായിരുന്നു. പക്ഷെ എന്റെ രൂപം സിനിമയിൽ പറ്റില്ലെന്നു തോന്നി. അപ്പോഴാണ് ദിലീപേട്ടന്റെ കഥ വായിക്കുന്നത്. അങ്ങനെയാണ് സഹസംവിധായകനാകുന്നത്. പിന്നെ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹമായി. അതിനു കഴിഞ്ഞു. പിന്നെ ഒരു സംവിധായകൻ എന്നതിനുപരി ഒരു അഭിനേതാവാകാനാണ് എനിക്കിഷ്ടം. അൽ ഫോൺസ് പുത്രന്റ സിനിമകളിലൂടെയാണ് ഞാൻ ആദ്യമായി അഭിനയിച്ചു തുടങ്ങുന്നത്. പ്രേമത്തിലെ ഡാൻസർ ഡിക്രൂസ് ശ്രദ്ധിക്കപ്പെട്ടു. എന്റെ ലക്ഷ്യവും ഞാൻ അഭിനയിക്കുമെന്നത് അറിയിക്കുക എന്നതാണ്. അതിനു ശേഷമാണ് എബ്രിഡ് ഷൈനിന്റെ ആക്ഷൻ ബീറോ ബിജുവിൽ അഭിനയിക്കുന്നത്. പ്രേമത്തിൽ ബോറായിരുന്നെങ്കിലും ഈ ചിത്രത്തിലൂടെ നന്നായിരുന്നു എന്ന് പലരും വിളിച്ചു അഭിപ്രായം പറഞ്ഞിരുന്നു. അതിനു ശേഷമാണ് ബോണി ആന്റണി ചേട്ടൻ മമ്മുക്കയുടെ തോപ്പിൽ ജോപ്പനിലേക്കു വിളിച്ചത്. ഒരു മുത്തൾി ഗദയുടെ ഷൂട്ടിംഗ് സമയത്താണ് ഇതിന്റെയും ഷൂട്ടിംഗ് നടക്കുന്നത്. മംമ്തയോടൊപ്പമുള്ള ഭാഗത്താണ് എന്റ സീൻ സിനിമയിലുള്ളത്. ഭാഗ്യത്തിന് എന്റെ സിനിമയുടെ ഷൂട്ടു കഴിഞ്ഞതിന്റെ തൊട്ടുത്ത ദിവസമായിരുന്നു ജോപ്പനിലേക്കു വിളിച്ചത്. അവിടെ മമ്മുക്ക നല്ല സപ്പോർട്ടായിരുന്നു. സ്‌ഥിരമായി അഭിനയിക്കുന്ന ആളിനോടൊന്നപോലെയാണ് എന്നോട് പെരുമാറിയിരുന്നത്. അത്ര കൂളാണ് മമ്മുക്ക.


അതിനു ശേഷം ദിലീപേട്ടൻരെ പുതിയ ചിത്രം ജോർജേട്ടൻസ് പൂരത്തിലേക്ക് ഒരു മുഴുനീള വേഷം ചെയ്യാൻ എന്നെ വിളിച്ചിരുന്നു. പക്ഷെ ആ സമയത്ത് എന്റെ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കു നടക്കുകയായിരുന്നു. അതുകൊണ്ട് അതു കമ്മിറ്റ് ചെയ്തില്ല.



പുത്തൻ സിനിമകളുടെ ഒപ്പം വളർന്ന കലാകാരൻ എന്ന നിലയ്ക്കു മലയാള സിനിമയുടെ മാറ്റത്തെ എങ്ങനെ കാണുന്നു?

സിനിമയ്ക്കു വലിയ മാറ്റങ്ങൾ ഒരിക്കലും സംഭവിക്കില്ല. കാരണം അതു പ്രേക്ഷകരെ രസിപ്പിക്കുന്ന കലയാണ്. പിന്നെ കാലത്തിനനുസരിച്ച് പരീക്ഷണങ്ങളും പുതുമകളുമാണ് സംഭവിക്കുന്നത്. ചെറുപ്പകാലത്തു ഞാൻ തിയറ്ററിൽ പോയി ആവേശത്തോടെ സിനിമ കണ്ടിരുന്ന വ്യക്‌തിയാണ്. പുലിമുരുകൻ കാണാൻ ചെന്നപ്പോൾ പുതിയ തലമുറയിലെ കുട്ടികളിലും അതേ ആവേശമാണ് കണ്ടത്. ഇന്ന് ഒരു നല്ല സിനിമ പരാജയപ്പെടുന്നുവെങ്കിൽ അതിനു കാരണം മാർക്കറ്റിംഗിലെ പോരായ്മയാകാം. എല്ലാ കാലത്തും നല്ല സിനിമകൾ പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളതാണ്. പ്രേക്ഷകർക്കു വേണ്ടി സിനിമ ഒരുക്കാതെ നമ്മുടെ സിനിമയെ പ്രേക്ഷകർക്കു കൊടുക്കുമ്പോഴാണ് സിനിമ വിജയിക്കുന്നത്. പ്രേക്ഷകർ ഒരിക്കലും മാറുന്നില്ല. ഒരു സിനിമ വിജയിക്കാതെ വരുമ്പോൾ പ്രേക്ഷകരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

സമൂഹമാധ്യമങ്ങളിൽ എപ്പോഴും ആക്ടീവാണ് താങ്കൾ. അവിടെ വരുന്ന വിമർശനങ്ങളോട്, അഭിപ്രായങ്ങളോട് എങ്ങനെ സമീപിക്കുന്നു?

സോഷ്യൽ മീഡിയയിലെ വിമർശനങ്ങളെ ഞാൻ ശ്രദ്ധിക്കാറുണ്ട്. അതിനെ പോസിറ്റീവായി കാണാറുമുണ്ട്. പിന്നെ നമ്മൾ ജനങ്ങളോട് സംവദിക്കുമ്പോൾ അവർക്കും അതു സന്തോഷമാണ് നൽകുന്നത്. അതിനായി സമയം കിട്ടാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ എല്ലാത്തരം ആൾക്കാരുമായി ഇടപെടാനാകുന്നു എന്നതാണ് മറ്റൊരു കാര്യം. പിന്നെ ഞാൻ പറയുന്നതല്ലാം ശരിയാണ് എന്നല്ല. സമൂഹത്തിൽ കാണുന്ന കാര്യങ്ങളെപ്പറ്റി അഭിപായം പറയാൻ ശ്രമിക്കുന്നു എന്നു മാത്രം. അതിലെ തെറ്റു കാണിച്ചു തരുമ്പോൾ സന്തോഷത്തോടെ സ്വീകരിക്കാറുണ്ട്. കാണുന്ന സിനിമകൾ മികച്ചതാണെങ്കിൽ മാത്രമാണ് അതിനെ സപ്പോർട്ട് ചെയ്തു പോസ്റ്റ് ഇടാറുള്ളത്.

പ്രേക്ഷകന്റെ പ്രതികരണം എങ്ങനെ കാണുന്നു?

ഓം ശാന്തി ഓശാനയ്ക്കു മികച്ച പിന്തുണ നൽകിയവരാണ് നമ്മുടെ പ്രേക്ഷകർ. എന്നാൽ മുത്തൾി ഗദയിൽ സംഭവിച്ച ചില പാളിച്ചകളെ അവർ തന്നെ ചൂണ്ടിക്കാണിച്ചു തന്നിട്ടുമുണ്ട്. അടുത്ത ഒരു സിനിമയുടെ എഴുത്തിലേക്കെത്തുമ്പോൾ ഞാൻ അതു ശ്രദ്ധിക്കും. കാരണം പ്രേക്ഷകന്റെ പിന്തുണയാണ് നമ്മുടെ ശക്‌തി.

പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണോ?

പുതിയ സിനിമയുടെ ഒരു ഐഡിയയും ഇപ്പോൾ മനസിലില്ല. ഇനി ചെയ്യാൻ പോകുന്നത് ഹിറ്റ് ചിത്രങ്ങൾ നിർമിച്ചിട്ടുള്ള ശാന്താ മുരളീധരനു വേണ്ടിയാണ്. അതിനെപ്പറ്റി ഇനി ചിന്തിച്ചു തുടങ്ങണം.

മറ്റു സംവിധായകർക്കു വേണ്ടി തിരക്കഥാ രചയിതാവായും എത്തുന്നുണ്ടല്ലോ?

ഓം ശാന്തി ഓശാനയ്ക്കു മുമ്പ് ഞാൻ എഴുതിയ തിരക്കഥ ഉണ്ടായിരുന്നു. ഒരു കോളജും കുറേ വിദ്യാർഥികളും എത്തുന്ന കഥയായിരുന്നു. ഒരു മെക്സിക്കൻ അപാരത എന്നു പേരും തയ്യാറാക്കി. എങ്കിലും ഞാൻ അതു ചെയ്യുന്നില്ല എന്നു കരുതിയിരുന്നു. അപ്പോഴാണ് എന്റെ കയ്യിൽ നിന്നും ടോം ഇമ്മട്ടി ആ തിരക്കഥ വാങ്ങുന്നത്. ആ കഥയ്ക്കു കുറച്ചേറെ മാറ്റങ്ങൾ വരുത്തിയാണ് ഇപ്പോൾ സിനിമ ചെയ്യുന്നത്.

–ലിജിൻ കെ. ഈപ്പൻ