ക്രിസ്മസ് രുചി
തൂമഞ്ഞിൻ തണുപ്പു പൊഴിയുന്ന ഡിസംബർ രുചിയുടെ കാലം കൂടിയാണ്. നക്ഷത്ര വിളക്കും പുൽക്കൂടും ദേവാലയ ശുശ്രൂഷകളും വിരുന്നെത്തുന്ന അതിഥികളും സുഹൃത്തുക്കളും ചേർന്നു സന്തോഷത്തിന്റെ പൂത്തിരി കത്തിക്കുന്നവയാണ് ക്രിസ്മസ് രാവുകൾ.

ക്രിസ്മസ് ദിനത്തിൽ മസാല വറുക്കുന്നതിന്റെയും മസാലയിൽ ഇറച്ചിവിഭവങ്ങൾ വെന്തുപാകമാകുന്നതിന്റെയും സുഗന്ധത്തിൽ വീടകത്തളങ്ങൾ നിറയും. എല്ലാവരെയും സന്തോഷിപ്പിക്കുന്ന രുചിവിഭവങ്ങൾ അടുക്കളയിൽ തയാറായിക്കൊണ്ടിരിക്കും. ചിലപ്പോഴെങ്കിലും ക്രിസ്മസ് ഓർമിക്കപ്പെടുന്നത് ആ വർഷം കഴിച്ച സവിശേഷമായ രുചിയുടെ പേരിലാകും.

മധ്യ തിരുവിതാംകൂറിലെ ക്രൈസ്തവ അടുക്കളയിലെ രുചിപ്പെരുമയാണ് ഇത്തവണ സ്ത്രീധനം മാസിക അവതരിപ്പിക്കുന്നത്. വിഭവങ്ങൾ തയാറാക്കിയിരിക്കുന്നത് പ്രമുഖ പാചകവിദഗ്ധയും ഗൂർമെ വേൾഡ് കുക്ക് ബുക്ക് അവാർഡ് ജേതാവുമായ നിമി സുനിൽകുമാറാണ്.

പാലപ്പം

ആവശ്യമുള്ള സാധനങ്ങൾ

പച്ചരി– കാൽ കിലോ
ചോറ്– മൂന്ന് ടേബിൾ സ്പൂൺ
യീസ്റ്റ്– ഒരു ടേബിൾ സ്പൂൺ
(രണ്ട് ടേബിൾ സ്പൂൺ ചൂടുവെള്ളത്തിൽ അലിയിച്ചത്)
പഞ്ചസാര– ഒരു ടേബിൾ സ്പൂൺ
ഉപ്പ്– ആവശ്യത്തിന്

അരയ്ക്കാൻ വേണ്ടത്
തേങ്ങ ചിരണ്ടിയത്– അര കപ്പ്
ജീരകം– അര ടീസ്പൂൺ
ചുവന്നുള്ളി– അര കപ്പ്
വെളുത്തുള്ളി– രണ്ട് അല്ലി.

തയാറാക്കുന്ന വിധം
കഴുകിയ പച്ചരി അഞ്ചു മണിക്കൂർ വെള്ളത്തിലിട്ടു കുതിരാൻ വയ്ക്കുക. കുതിർന്നശേഷം മിക്സിയിൽ നന്നായി അരക്കുക. മാവ് കുറുകി വരാൻ ആവശ്യത്തിന് വെള്ളം ചേർക്കണം.
പാത്രത്തിൽ അവശേഷിക്കുന്ന മാവ് കലക്കി അത് അടുപ്പത്ത് വച്ച് ചെറുതീയിൽ ചൂൂടാക്കുക. ഇതിലേക്ക് ഈസ്റ്റ് ചേർക്കണം.ഈ മാവ് പുളിക്കാനായി 6–8 മണിക്കൂർ വേണ്ടിവരും. പിറ്റേദിവസം ഈ മാവിലേക്ക് തേങ്ങ, ചുവന്നുള്ളി, ജീരകം, വെളുത്തുളഅളി എന്നിവ അരച്ചു ചേർക്കുക. ഒരു മണിക്കൂറിന് ശേഷം അപ്പച്ചട്ടിയിൽ ഈ മാവ് ഒഴിച്ച് അപ്പം ചുട്ടെടുക്കാം. രുചികരമായ പാലപ്പം റെഡി.മട്ടൻ സ്റ്റ്യൂ

ആവശ്യമുള്ള സാധനങ്ങൾ

ആട്ടിറച്ചി(കഴുകി വൃത്തിയാക്കി
കഷണങ്ങളാക്കിയത്)– 1/2 കിലോ
ഉരുളക്കിഴങ്ങ്
(കഷണങ്ങളാക്കിയത്)– രണ്ട് എണ്ണം
സവാള(അരിഞ്ഞത്)– രണ്ട് എണ്ണം
പച്ചമുളക്
(നീളത്തിൽ കീറിയത്)–ഏഴ് എണ്ണം
ഗരംമസാല– ഒരു ടീസ്പൂൺ
ഏലക്കായ– മൂന്ന് എണ്ണം
ഗ്രാമ്പൂ– നാല് എണ്ണം
കറുവാപ്പട്ട–രണ്ടു കഷണം
ഇഞ്ചി (ചതച്ചത്)– ഒരു കഷണം
വെളുത്തുള്ളി (ചതച്ചത്)– അഞ്ച് അല്ലി
കുരുമുളക് (ചതച്ചത്)– രണ്ട് ടീ സ്പൂൺ
തലപ്പാൽ– ഒരു കപ്പ്
രണ്ടാം പാൽ– അര കപ്പ്
വെളിച്ചെണ്ണ– 3 ടേബിൾസ്പൂൺ
കറിവേപ്പില– ആവശ്യത്തിന്
മല്ലിയില– ആവശ്യത്തിന്
ഉപ്പ്– ആവശ്യത്തിന്

തയാറാക്കുന്ന വിധം
പ്രഷർ കുക്കറിൽ മൂന്ന് ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് ചൂടാക്കുക. ഏലയ്ക്കായ, ഗ്രാമ്പു, കറുവാപ്പട്ട, കുരുമുളക്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ ഇതിലിട്ട് വഴറ്റുക. അവശേഷിക്കുന്ന എണ്ണയിലേക്ക് മൂന്നു ടീസ്പൂൺ മൈദ ചെറുതീയിൽ ചൂടാക്കുക. ഇതുകുറുക്കി ഇറച്ചിയിൽ ചേർക്കണം. അല്പം എണ്ണയിൽ ഗരംമസാലപ്പൊടി ചൂടാക്കി ചേർക്ക ണം. ഇതിലേക്ക് ആട്ടിറച്ചി കഷണങ്ങളും നേരത്തെ വറുത്തു വച്ചിരിക്കുന്നവയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് തേങ്ങയുടെ രണ്ടാംപാൽ ഒഴിച്ച് ഇളക്കിയ ശേഷം പ്രഷർ കുക്കർ അടച്ച് വേവിക്കുക. ഇറച്ചി വെന്തു കഴിയുമ്പോൾ തലപ്പാൽ ഒഴിച്ച് ഗ്രേവി ആകുന്നതുവരെ വേവിക്കുക. അതിലേക്ക് കറിവേപ്പില, മല്ലിയില എന്നിവ ചേർത്തശേഷം അടുപ്പിൽ നിന്നു വാങ്ങുക. മട്ടൺ സ്റ്റ്യൂ റെഡി. പാലപ്പത്തിനൊപ്പം കഴിക്കാം.

നാടൻ കോഴിക്കറി

ആവശ്യമുള്ള സാധനങ്ങൾ

കോഴിയിറച്ചി
(കഷണങ്ങളാക്കിയത്)– അര കിലോ
ഉരുളക്കിഴങ്ങ്
(കഷണങ്ങളാക്കിയത്)– മൂന്നെണ്ണം
സവാള(അരിഞ്ഞത്)– ഒരു കപ്പ്
വെളുത്തുള്ളി– 8 അല്ലി
ഇഞ്ചി– അര ഇഞ്ച് നീളത്തിൽ
പെരുംജീരകം– ഒരു ടീസ്പൂൺ
കാഷ്മീരി മുളകുപൊടി– ഒന്നര ടേബിൾ സ്പൂൺ
മല്ലിപ്പൊടി– ഒന്നര ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി– അര ടേബൾ സ്പൂൺ
കുരുമുളകുപൊടി– 1/8 ടീസ്പൂൺ
ഗരം മസാല– ഒരു ടേബിൾ സ്പൂൺ
കടുക്– ഒരു ടേബിൾ സ്പൂൺ
തക്കാളി(അരിഞ്ഞത്)– ഒരെണ്ണം
വിന്നാഗിരി– ഒരു ടേബിൾ സ്പൂൺ
വെളിച്ചെണ്ണ– മൂന്ന് ടേബിൾ സ്പൂൺ
പച്ചമുളക്(കനം കുറച്ച്
നീളത്തിൽ അരിഞ്ഞത്)– മൂന്നെണ്ണം
തേങ്ങാപ്പാൽ(തലപ്പാൽ)– അര കപ്പ്

വെളിച്ചെണ്ണ– രണ്ടു കപ്പ്

മസാലക്കൂട്ടിന്
വെളിച്ചെണ്ണ– രണ്ടു ടേബിൾ സ്പൂൺ
ചുവന്നുള്ളി(അരിഞ്ഞത്)– ആറ് എണ്ണം
കറിവേപ്പില– ആവശ്യത്തിന്.

തയാറാക്കുന്ന വിധം
മല്ലിപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല എന്നിവ അൽപം വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇഞ്ചിയും പെരുംജീരകവും വെളുത്തുള്ളിയും ചതച്ചെടുക്കുക.
പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച ശേഷം കടുകു പൊട്ടിക്കുക. ഇതിലേക്ക് ഇഞ്ചി–വെളുത്തുള്ളി– പെരുംജീരകം – പച്ചമുളക് എന്നിവ ഇടുക. അരിഞ്ഞു വച്ചിരിക്കുന്ന ചുവന്നുള്ളിയും തക്കാളിയും ഇതിലേക്കിട്ട് നന്നായി വഴറ്റുക. ഇതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന പൊടിക്കൂട്ട് ഇട്ട് വിനാഗിരിയും ചേർത്ത ശേഷം നന്നായി ഇളക്കുക. തീ കുറച്ചു വച്ച് എണ്ണ വറ്റുന്നതുവരെ ഇളക്കണം.
കോഴിയിറച്ചി കഷണങ്ങളും അരിഞ്ഞുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ഈ മസാലക്കൂട്ടിലേക്ക് ഇട്ട് തേങ്ങാപ്പാലും ആവശ്യത്തിന് ഉപ്പും ഇട്ടശേഷം പാത്രം അടച്ചു വെച്ച് വേവിക്കുക. കോഴിക്കഷണങ്ങൾ വെന്തു വരുമ്പോൾ തലപ്പാൽ ചേർത്തു കുറുകുന്നതുവരെ വേവിക്കണം.
മറ്റൊരു പാനിൽ എണ്ണ ചൂടാക്കിയ ശേഷം ചുവന്നുള്ളി ഇട്ട് സ്വർണ നിറമാകുന്നതുവരെ വഴറ്റുക, ഇതിലേക്ക് കറിവേപ്പില കൂടി ചേർക്കണം. ഈ കൂട്ട് വേവിച്ചു വച്ചിരിക്കുന്ന ഇറച്ചിക്കറിയിലേക്ക് ചേർത്ത് വിളമ്പാം. പാലപ്പത്തിനൊപ്പം ഇത് കഴിക്കാം.വട്ടയപ്പം

ആവശ്യമുള്ള സാധനങ്ങൾ
പച്ചരി– 1/4 കിലോ
ചോറ്– മൂന്ന് ടേബിൾ സ്പൂൺ
യീസ്റ്റ്–ഒരു ടേബിൾ സ്പൂൺ
(രണ്ട് ടേബിൾ സ്പൂൺ ചൂടുവെള്ളത്തിൽ അലിയിച്ചത്)
പഞ്ചസാര– ഒരു ടേബിൾ സ്പൂൺ
ഉപ്പ്– ആവശ്യത്തിന്

അരയ്ക്കാൻ വേണ്ടത്
തേങ്ങ ചിരണ്ടിയത്– അര കപ്പ്
ജീരകം– അര ടീസ്പൂൺ
ചുവന്നുള്ളി– അര കപ്പ്
വെളുത്തുള്ളി– രണ്ട് അല്ലി

തയാറാക്കുന്ന വിധം
പച്ചരി കഴുകി അഞ്ചു മണിക്കൂർ വെള്ളത്തിലിട്ടു കുതിരാൻ വയ്ക്കുക. കുതിർന്നശേഷം വെള്ളം കളഞ്ഞ് എല്ലാ ചേരുവകളും ചേർത്ത് മിക്സിയിൽ നന്നായി അരയ്ക്കുക. മാവ് കുറുകി വരാൻ ആവശ്യത്തിന് വെള്ളം ചേർക്കണം.
അൽപം അരിപ്പൊടി വെള്ളമൊഴിച്ചു കലക്കി അടുപ്പിൽ വച്ച് ഇളക്കി കുറുക്കു പരുവം ആകുന്നതുവരെ വേവിക്കുക. ഇതു(കപ്പി കാച്ചിയത്) തണുക്കുമ്പോൾ അരച്ചു വച്ചിരിക്കുന്ന മാവിൽ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം).
6–8 മണിക്കൂർ മാവ് പുളിക്കാൻ വേണ്ടി വരും. തലേ ദിവസം തന്നെ മാവു തയാറാക്കി വയ്ക്കണം.
അതിനുശേഷം ഒരു പാത്രത്തിൽ നെയ്യ് തടവിയശേഷം അതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന മാവ് ഒഴിക്കുക. ഇത് 15 മിനിറ്റ് ആവിയിൽ വേവിക്കുക. വെന്തു കഴിയുമ്പോൾ തണുക്കാൻ വച്ചശേഷം ഉപയോഗിക്കാം.

ബീഫ് ഉലർത്തിയത്

ആവശ്യമുള്ള സാധനങ്ങൾ

ബീഫ്
(കഷണങ്ങളാക്കിയത്)– ഒരു കിലോ
ചുവന്നുള്ളി(അരിഞ്ഞത്)– അര കിലോ
തേങ്ങാക്കൊത്ത്– അര കപ്പ്
ഇഞ്ചി– ഒരിഞ്ച് നീളത്തിൽ
വെളുത്തുള്ളി– ആറ് അല്ലി
പച്ചമുളക്– അഞ്ച് എണ്ണം
പെരുംഞ്ചീരകം– ഒരു ടീ സ്പൂൺ
കാഷ്മീരി മുളകുപൊടി– ഒരു ടേബിൾ സ്പൂൺ
മല്ലിപ്പൊടി– ഒന്നര ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി– അര ടേബിൾ സ്പൂൺ
കുരുമുളകുപൊടി– ഒരു ടേബിൾ സ്പൂൺ
ഗരം മസാലപ്പൊടി– ഒരു ടേബിൾ സ്പൂൺ
തക്കാളി(അരിഞ്ഞത്)– രണ്ടെണ്ണം
വെളിച്ചെണ്ണ– നാല് ടേബിൾ സ്പൂൺ
കറിവേപ്പില– ആവശ്യത്തിന്
ഉപ്പ്– ആവശ്യത്തിന്

തയാറാക്കുന്ന വിധം
ഇഞ്ചി, വെളുത്തുള്ളി, പെരുംഞ്ചീരകം, പച്ചമുളക് എന്നിവ ചതച്ചെടുക്കുക. ഈ കൂട്ടും കാഷ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഗരംമസാലപ്പൊടി, തക്കാളി അരിഞ്ഞത്, കറിവേപ്പില, ഉപ്പ് എന്നിവയും ഒന്നിച്ച് ബീഫ് കഷണങ്ങളിലേക്ക് നന്നായി തേച്ച് പിടിപ്പിക്കുക. ഈ ഇറച്ചികഷണങ്ങൾ പ്രഷർ കുക്കറിൽ വച്ച് ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക. വെള്ളം വറ്റുന്നതുവരെ വേവിക്കണം.

ചുവടു കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച ശേഷം തേങ്ങാക്കൊത്ത് അൽപം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വറുത്തെടുക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ചുവന്നുള്ളി ഇട്ട് സ്വർണനിറമാകുന്നതുവരെ ഇളക്കുക. വറുത്തെടുത്തിരിക്കുന്ന തേങ്ങാക്കൊത്തും ചുവന്നുള്ളിയും പാകം ചെയ്തു വച്ചിരിക്കുന്ന ആട്ടിറച്ചിയിലേക്ക് ഇട്ട് നന്നായി ഇളക്കുക. ബീഫ് ഉലർത്തിയത് തയാറായി.നിമി സുനിൽകുമാർ