കുട്ടികളിലെ പോഷകാഹാരക്കുറവ് തടയാം
കേരളത്തിൽ അഞ്ചു വയസിൽ താഴെയുള്ള കുട്ടികളിൽ 18.5 ശതമാനത്തിന് തൂക്കക്കുറവും 19.4 ശതമാനത്തിന് വളർച്ചാ മുരടിപ്പും ഉണ്ട്. ഗർഭധാരണം മുതലുള്ള ആദ്യ 1000 ദിവസങ്ങളിലാണ് വളർച്ചാ മുരടിപ്പ് ഉണ്ടാകുന്നത്. സംസ്‌ഥാനത്ത് 1992–93 ൽ പോഷകാഹാരക്കുറവിന്റെ നിരക്ക് 22 ശതമാനം ആയിരുന്നു. ഈ നിരക്ക് കേരളത്തിൽ കുറയുന്നത് വളരെ പതുക്കെയാണെന്ന് കണക്കുകൾ വ്യക്‌തമാക്കുന്നു.

പ്രത്യാഘാതങ്ങൾ

പോഷകാഹാരക്കുറവുമൂലമുള്ള പ്രത്യാഘാതങ്ങൾ ഗുരുതരവും ജീവിതകാലം മുഴുവൻ നിലനിൽക്കുന്നതും പരിഹരിക്കാനാവാത്തതുമാണ്.

* കുട്ടികളുടെ മരണനിരക്ക് : അഞ്ചു വയസിൽ താഴെയുള്ള 45 ശതമാനം കുട്ടികളുടെയും മരണത്തിന് മൂലകാരണം പോഷകാഹാരക്കുറവാണ്.

* ഐക്യുവിലുണ്ടാകുന്ന കുറവ് : ബുദ്ധിവികാസം, വിദ്യാഭ്യാസം എന്നിവയെ വളർച്ചാ മുരടിപ്പ് ദോഷകരമായി ബാധിക്കും. ഉദാസീനത, മന്ദത, കളികളിലും മറ്റു പ്രവൃത്തികളിലും ഏർപ്പെടാനുള്ള താൽപര്യക്കുറവ് എന്നിവയ്ക്ക് ഇതു കാരണമാകുന്നു. പോഷകാഹാരക്കുറവുമൂലം കുട്ടികളിൽ ബുദ്ധിയുടെ അളവ് (ഐക്യു) 10 മുതൽ 15 പോയിന്റുവരെ കുറയുമെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നേരത്തെ പ്രതിപാദിച്ചതുപോലെ 12 മുതൽ 36 മാസങ്ങൾക്കുള്ളിലെ വളർച്ചാ മുരടിപ്പ് കുട്ടികളെ പഠനത്തിൽ പിന്നിലാക്കുന്നു.

* വരുമാനത്തിൽ ഉണ്ടാകുന്ന നഷ്‌ടം : വളർച്ചാ മുരടിപ്പുണ്ടായ കുട്ടികൾ വലുതാകുമ്പോൾ അവരുടെ വരുമാനത്തിൽ 22 ശതമാനം നഷ്‌ടമുള്ളവരാക്കും.

* ജിഡിപിയിലുണ്ടാകുന്ന നഷ്‌ടം : പോഷകാഹാരക്കുറവ് സംസ്‌ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) ആറു ശതമാനത്തോളം നഷ്‌ടമുണ്ടാക്കുന്നു. പോഷകാഹാരക്കുറവുമൂലമുള്ള രോഗങ്ങൾ കാരണം ആളുകൾക്ക് ജോലി ചെയ്യാനാകാത്തതും ഉത്പാദനക്ഷമത കുറയുന്നതുമാണ് ഇതിന്റെ കാരണങ്ങൾ.

* രോഗങ്ങൾ : വളർച്ചാമുരടിപ്പ് ഉള്ളയാൾക്ക് പൊണ്ണത്തടി, പ്രമേഹം, ഹൈപ്പർടെൻഷൻ എന്നിവയടക്കമുള്ള രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്.

പോഷകാഹാരക്കുറവ് സംബന്ധിച്ച തെറ്റിദ്ധാരണകൾ

രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ ചൂണ്ടിക്കാട്ടുന്ന ദാരിദ്ര്യവും ഭക്ഷണമില്ലായ്മയുമാണ് പോഷകാഹാരക്കുറവിന്റെ മുഖ്യകാരണമെന്ന തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട്. ക്ഷാമകാലത്തും മറ്റു അടിയന്തിര സാഹചര്യങ്ങളിലുമൊഴികെ ദാരിദ്ര്യവും ഭക്ഷണമില്ലായ്മയും പോഷകാഹാരക്കുറവിന്റെ മുഖ്യകാരണങ്ങളാകുന്നില്ല.

ആവശ്യത്തിന് ഭക്ഷണ ലഭ്യതയുണ്ടെങ്കിലും മുലയൂട്ടൽ, പോഷകാഹാരം നൽകൽ, കുഞ്ഞിനെ പരിപാലിക്കൽ എന്നിവയിലെ വീഴ്ചകൾ, ചികിത്സാ സൗകര്യങ്ങൾ ലഭിക്കാതിരിക്കൽ, ശുദ്ധജലം കിട്ടാത്ത അവസ്‌ഥ, വൃത്തിക്കുറവ് എന്നിവ പോഷകാഹാരക്കുറവിന് കാരണമാകുന്നതായി വിവിധ പഠനങ്ങൾ വ്യക്‌തമാക്കുന്നു.


വേണ്ടത്ര ഭക്ഷ്യലഭ്യത ഉള്ള പ്രദേശങ്ങളിലും കുടുംബങ്ങളിലും വരെ ഉയർന്ന പോഷകാഹാരക്കുറവ് ഉണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ അഞ്ചു വയസിൽ താഴെയുള്ള കുട്ടികളിൽ 26 ശതമാനത്തിന് തൂക്കക്കുറവും 64 ശതമാനത്തിന് അനീമിയയുമുണ്ട്. ഇതിൽ സമ്പന്നരുടെ കുട്ടികളും ഉൾപ്പെടുന്നു.

സാമ്പത്തിക വികസനത്തിലൂടെയും ദാരിദ്ര്യം ഇല്ലാതാക്കുന്നതിലൂടെയും മാത്രമേ പോഷകാഹാരക്കുറവ് പരിഹരിക്കാനാവൂ എന്നതാണ് മറ്റൊരു തെറ്റിദ്ധാരണ. സാമ്പത്തിക വികസനം പോഷകനില മെച്ചപ്പെടുത്തുമെങ്കിലും മുലയൂട്ടൽ, കുഞ്ഞുങ്ങളുടെ മികച്ച പരിപാലനം, ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും ചികിത്സ ലഭ്യമാക്കൽ, ശുദ്ധജലം, ശുചിത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണ് പോഷകാഹാരക്കുറവ് തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം.

പോഷകാഹാരക്കുറവിന്റെ കാരണങ്ങൾ

* മുലയൂട്ടൽ, പോഷകാഹാരം നൽകൽ, കുഞ്ഞിനെ പരിപാലിക്കൽ എന്നിവയിലെ വീഴ്ചകൾ.

* രോഗങ്ങൾ, വിരബാധ.

* അമ്മമാരുടെ പോഷകാഹാരക്കുറവ്, അമ്മമാരിലെയും പെൺകുട്ടികളിലെയും അനീമിയ, ശരീരഭാരം കുറഞ്ഞ അവസ്‌ഥ, സമയമെത്താതെയുള്ള പ്രസവം, നവജാതശിശുവിന്റെ തൂക്കക്കുറവ്, ഗർഭസ്‌ഥശിശുവിന്റെ വളർച്ചക്കുറവ്.

* തുറന്ന സ്‌ഥലത്തെ വിസർജനം, സോപ്പുപയോഗിച്ച് കൈകഴുകാത്തത്, ശുദ്ധജലം കിട്ടാത്ത അവസ്‌ഥ.

* ചികിത്സാസൗകര്യങ്ങൾ ആവശ്യത്തിന് ലഭിക്കാത്തത്

* ദാരിദ്ര്യം, ഭക്ഷണമില്ലായ്മ, നിരക്ഷരത.

കുട്ടികളിലെ വളർച്ചാമുരടിപ്പിന്റെ കാരണങ്ങളിലൊന്ന് ചെറുകുടലിനുണ്ടാകുന്ന ഒരു അസുഖമാണ്. "Environmental Enteropathy EE എന്നാണ് ഇത് അറിയപ്പെടുന്നത്. ഭക്ഷണം ആഗിരണം ചെയ്യുന്നതിനെ ഇത് ദോഷകരമായി ബാധിക്കും. മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്യങ്ങൾ ശിശുക്കളുടെയും കുട്ടികളുടെയും വയറ്റിലെത്താതെ തടയുന്നതിലൂടെ ഇത് പ്രതിരോധിക്കാനാവും.

മുലയൂട്ടൽ, കുഞ്ഞിന് പോഷകാഹാരം നൽകൽ, അമ്മമാരിലെ അനീമിയ കുറയ്ക്കൽ, കുഞ്ഞുങ്ങളിലെ രോഗപ്രതിരോധം, മുഴുവൻ പ്രതിരോധ കുത്തിവെപ്പു നൽകൽ, സോപ്പിട്ട് കൈകഴുകൾ എന്നിവയിലൂടെ കേരളത്തിലെ കുട്ടികളിലെ പോഷകാഹാരക്കുറവ് കുറച്ചുകൊണ്ടുവരാനാകും.

കുഞ്ഞിന്റെ കുറഞ്ഞ തൂക്കവും ഉയരവും

കുഞ്ഞിന്റെ പോഷക നിലയും മനുഷ്യശേഷിയുടെ ഗുണനിലവാരവും വ്യക്‌തമാക്കുന്ന രണ്ടു സുപ്രധാന സൂചകങ്ങളാണ് ഉയരവും തൂക്കവും.

–സീമ മോഹൻലാൽ