പലിശ കുറയ്ക്കലിന്‍റെ കാലം അവസാനിക്കുന്നു
റിസർവ് ബാങ്കിന്‍റെ പണനയ കമ്മിറ്റി റീപോ നിരക്കിൽ മാറ്റം വരുത്തിയില്ല. ഭൂരിപക്ഷം സാമ്പത്തിക വിദഗ്ധരും അനലിസ്റ്റുകളും ഗവൺമെൻറും പലിശനിരക്കു കുറയ്ക്കുമെന്നു തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്.

ഏതാണ്ട് തൃപ്തികരമായ വിധത്തിൽ ധനകമ്മി പിടിച്ചു നിർത്താൻ ഗവണ്മെൻറിനു സാധിച്ചതും ചില്ലറവില അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പം താഴ്ന്നു നിൽക്കുന്നതും സാമ്പത്തിക വളർച്ച കുറഞ്ഞതും പലിശ നിരക്കു കുറയ്ക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിക്കുമെന്നാണ് പൊതുവേ കരുതിയിരുന്നത്.

പക്ഷേ വാർത്ത അതല്ല.

പലിശ കുറയ്ക്കലിെൻറ കാലം കഴിഞ്ഞുവെന്ന് റിസർവ് ബാങ്ക് നൽകിയ സൂചനയാണ് വാർത്ത. ഇനി വരാനിരിക്കുന്നത് പലിശ മുകളിലേക്ക് കയറുന്ന കാലമാണ്. അതിെൻറ തുടക്കം എന്നാണെന്നു മാത്രമേ അറിയേണ്ടതുള്ളു.

പണനയകമ്മിറ്റിയുടെ വിലയിരുത്തൽ ചുരുക്കത്തിൽ ഇതാണ്: പണപ്പെരുപ്പം നാലു ശതമാനത്തിൽ നിർത്താൻ റിസർവ് ബാങ്ക് പ്രതിജ്‌ഞാബദ്ധമാണ്. രാജ്യാന്തര ക്രൂഡോയിൽ വിലയിലെ വർധന, ആഗോള ധനകാര്യ വിപണിയിലെ പ്രശ്നങ്ങൾ മൂലം കറൻസി എക്സ്ചേഞ്ച് നിരക്കിലുണ്ടാകുന്ന വന്യമായ വ്യതിയാനം തുടങ്ങിയ ആഭ്യന്തര പണപ്പെരുപ്പം ഉയരാൻ സമ്മർദ്ദമാവുകയാണ്. ഏഴാം ശമ്പളക്കീഷൻ നടപ്പാക്കിയതും എച്ച് ആർഎ അലവൻസ് അനുവദിച്ചതിന്‍റെ ഫലവും പൂർണമായും ഇതുവരെ അടിസ്‌ഥാന പണപ്പെരുപ്പത്തിൽ പ്രതിഫലിച്ചിട്ടില്ല. അതിനാൽ അയഞ്ഞ മനോഭാവം സ്വീകരിക്കാൻ സാധിക്കുകയില്ല. നിതാന്ത ജാഗ്രത ആവശ്യമാണ്. അതിനാൽ കരുതലോടെ നീങ്ങുന്നു....

ചില്ലറവില അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറിൽ 3.41 ശതമാനമാണ്. മധ്യകാലത്തിൽ ഇത് 4 ശതമാനത്തിനു ചുറ്റളവിൽ നിർത്താനാണ് റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്.

സമ്പദ്ഘടനയ്ക്ക്് ഊർജം നൽകുവാൻ ചില നടപടികളൊക്കെ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചുവെങ്കിലും അതൊന്നും നോട്ട് പിൻവലിക്കലിന്‍റെറ പ്രത്യാഘാതത്തെ മറികടക്കാൻ സഹായകമായിട്ടില്ല. അസംഘടിത മേഖലയിൽ നോട്ട് പിൻവലിക്കൽ ഉണ്ടാക്കിയ ആഘാതം വളരെ വലുതാണ്. നോട്ട് പിൻവലിക്കൽ 60 ശതമാനത്തേയും പ്രതികൂലമായി ബാധിച്ചുവെന്നാണ് സർവേകൾ പറയുന്നത്.

സാമ്പത്തിക സർവേ അനുസരിച്ച് നോട്ട് പിൻവലിക്കൽ പുതിയ സാമ്പത്തികവർഷത്തിലെ വളർച്ചയെ 0.250.5 ശതമാനം കുറയ്ക്കുമെന്നാണ് കണക്കാക്കുന്നത്.

കറൻസി റദ്ദാക്കിയത് സാമ്പത്തിക വളർച്ചയെ സാരമായി ഉലച്ചെന്ന് റിസർവ് ബാങ്ക് വിലയിരുത്തുന്നു. നടപ്പുവർഷം 6.9 ശതമാനം വളർച്ചയാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്. ഡിസംബറിലെ പണനയത്തിൽ 7.1 ശതമാനമായിരുന്നു വളർച്ചാ പ്രതീക്ഷ.

റിസർവ് ബാങ്ക് 2015 ജനുവരി മുതൽ ഇതുവരെ റീപോ നിരക്കിൽ 1.75 ശതമാനം കുറവു വരുത്തിയെങ്കിലും ബാങ്കുകൾ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് വായ്പാ പലിശയിൽ കുറവു വരുത്തിയത്. ഇനിയും ബാങ്കുകൾക്കു പലിശ കുറയ്ക്കാനുള്ള ഇടമുണ്ടെന്നു റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ കരുതുന്നു.


കറൻസി നോട്ട് പിൻവലിച്ചതുവഴി വളരെയധികം തുക ബാങ്കിലേക്ക് എത്തിയിട്ടുണ്ട്. ഇതു ബാങ്കുകളുടെ മാർജിനൽ കോസ്റ്റ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് നിരക്ക് കുറയ്ക്കാൻ സഹായിച്ചിട്ടുണ്ടെന്നും അതുവഴി വായ്പാ പലിശ നിരക്കു ഇനിയും ബാങ്കുകൾക്കാകുമെന്നും പട്ടേൽ വ്യക്‌തമാക്കുന്നു. പലിശ കുറയ്ക്കാതെ തന്നെ വായ്പാ പലിശ നിരക്കു കുറയാനുള്ള അന്തരീക്ഷമാണുള്ളത്.

സാമ്പത്തിക വളർച്ചയ്ക്കു പലിശ കുറയ്ക്കൽ മാത്രമല്ല ഗവൺമെൻറ് ഭാഗത്തുനിന്നുമുള്ള ശക്‌തമായ പരിഷ്കരണ നടപടികളാണ് വേണ്ടതെന്ന സന്ദേശവുമാണ് ഇതിലൂടെ റിസർവ് ബാങ്ക് നൽകിയിട്ടുള്ളത്. രാജ്യത്തെ നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ചുമതല ഗവൺമെൻറിനാണുള്ളത്. അതു മെച്ചപ്പെട്ടാൽ മാത്രമേ, വ്യവസായ വായ്പയിൽ വളർച്ചയുണ്ടാവുകയുള്ളു. ആവശ്യത്തിനനുസരിച്ച് പണലഭ്യത വർധിപ്പിക്കുവാനുള്ള നടപടികൾ സ്വീകരിക്കുമെന്നും റിസർവ് ബാങ്ക് വ്യക്‌തമാക്കിയിുണ്ട്.

ധനകമ്മി നേരത്തെ കണക്കാക്കിയിരുന്നതുപോലെ 3.5 ശതമാനത്തിൽ ഒതുക്കി നിർത്താൻ ധനമന്ത്രിക്കു കഴിഞ്ഞിട്ടുണ്ട്. പുതിയ സാമ്പത്തിക വർഷത്തിൽ ഇതു 3.3 ശതമാനമായിരിക്കുമെന്നും കണക്കാക്കുന്നു. ഗവൺമെൻറിെൻറ കടമെടുപ്പു കുറയുന്നതു പലിശ കുറയാൻ ഇടയാക്കുമെന്നും റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നു.

യു എസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉയർത്തുമെന്ന ഭയമാണ് പലിശനിരക്കിൽ മാറ്റം വരുത്തുവാൻ റിസർവ് ബാങ്കിനെ പിന്നോട്ട് വലിക്കുന്ന ഒരു കാരണം. അതു സംഭവിച്ചാൽ ഡോളർ കരുത്തു നേടും. രൂപയുൾപ്പെടെയുള്ള നവോദയ കറൻസികൾ കൂടുതൽ ദുർബലമാകും. ഇതു ഇന്ത്യയുടെ കറൻറ് അക്കൗണ്ട് കിയിൽ സർദ്ദമുണ്ടാക്കുമെന്നു മാത്രമല്ല പുറത്തേക്കു മൂലധനമൊഴുക്കുണ്ടാവുകയും ചെയ്യും. ഇതും റിസർവ് ബാങ്കിനെ പ്രതിരോധത്തിലാക്കുന്നു.

തുടർച്ചയായ രണ്ടാമത്തെ പ്രാവശ്യവും നിരക്ക് മാറ്റമില്ലാതെ 6.25 ശതമാനത്തിൽ നിലനിർത്തുകയാണ് പണനയകമ്മിറ്റി ചെയ്തത്. പണനയകമ്മിറ്റി വന്നതിനുശേഷമുള്ള മൂന്നാമത്തേതും ഊർജിത് പട്ടേൽ റിസർവ് ബാങ്ക് ഗവർണർ ആയതിനുശേഷമുള്ള രണ്ടാമത്തേതും പണനയമാണിത്.

2015 ജനുവരിയിലെ എട്ടു ശതമാനത്തിൽനിന്നു 6.25 ശതമാനത്തിലേക്ക് റീപോ നിരക്ക് രണ്ടു വർഷംകൊണ്ട് കുറഞ്ഞിരിക്കുകയാണ്. ഇനി കുറയ്ക്കുന്നതിനുള്ള ഇടം ഏതാണ്ട് ഇല്ലാതായിരിക്കുന്നു.