ആദ്യശന്പളം മുതൽ ആസൂത്രണം തുടങ്ങാം
ആദ്യശന്പളം മുതൽ  ആസൂത്രണം തുടങ്ങാം
Wednesday, June 14, 2017 5:00 AM IST
ആദ്യത്തെ ശന്പളം കിട്ടുന്നതിനു തലേന്നു രാത്രി പലർക്കും ഉറക്കമില്ലാത്ത രാത്രിയാണ്. ആദ്യത്തെ ശന്പളം കയ്യിൽ കിട്ടുന്നതിന്‍റെ സന്തോഷം അത് എന്തു ചെയ്യണമെന്നുള്ള ആലോചനകൾ, വീട്ടുകാർക്കും കൂട്ടുകാർക്കും ട്രീറ്റ് നൽകുന്നതിനെക്കുറിച്ചുള്ള ചിന്തകൾ.... അങ്ങനെ അങ്ങനെ പലകാര്യങ്ങൾ മനസിലൂടെ കടന്നു പോകുന്പോൾ എങ്ങനെ ഉറങ്ങുമല്ലെ.

ജീവിതത്തിൽ ആദ്യമായി സ്വന്തമായ അദ്ധ്വാനത്തിന് ഒരു മൂല്യം ലഭിക്കുന്പോൾ അത് സന്തോഷകരം തന്നെ. അതു ചെലവഴിക്കുവാൻ തോന്നുക സ്വഭാവികംതന്നെ. അതുപയോഗിച്ച് ആവശ്യമുള്ളതും ഇല്ലാത്തതുമൊക്കെ വാങ്ങാൻ തോന്നും. ഒന്നുമില്ലാത്തതിൽനിന്നു കൈനിറയെ കാശെത്തിയ സമയമാണല്ലോ? കൂടുതൽ ശ്രദ്ധിച്ചില്ലെങ്കിൽ വരും മാസങ്ങളിലും ചെലവു ചെയ്യാനുള്ള പ്രവണത വർധിച്ചുവരും. പ്രത്യേകിച്ചു പീ്ർ ഗ്രൂപ്പ് സമ്മർദ്ദം വർധിക്കുന്പോൾ. അതിനാൽ ആദ്യ ശന്പളം മുതൽതന്നെ പ്ലാൻ ചെയ്തു ചെലവു ചെയ്യാം; സന്പാദിക്കാം; നിക്ഷേപിക്കാം.

തുടക്കത്തിൽത്തന്നെ ചെലവാക്കലും നിക്ഷേപവും വിവേകത്തോടെയാകുന്പോൾ അതു വർഷം മുഴുവൻ ഒരാളുടെ നിക്ഷേപശേഖരത്തെ മെച്ചപ്പെടുത്തുന്നു.

ആസ്തിയും സന്പത്തും സൃഷ്ടിക്കാനുള്ള ഏറ്റവും മികച്ച വഴിയാണ് ഏറ്റവും നേരത്തെ നിക്ഷേപം ആരംഭിക്കുകയും അതു സ്ഥിരതയോടെ തുടർന്നുകൊണ്ടുപോവുകയെന്നതും.

ആസൂത്രണം നടത്താം:

ഏതൊരു കാര്യവും വിജയിക്കണമെങ്കിൽ വ്യക്തമായ പ്ലാനിംഗ് കൂടിയെ തീരു. ശന്പളത്തെ എങ്ങനെ ചെലവാക്കണമെന്ന കാര്യത്തിലും വേണം ഈ പ്ലാനിംഗ്. സ്വന്തം അദ്ധ്വാനത്തിന്‍റെ മൂല്യമാണിത് എന്നോർത്തു വേണം ചെലവാക്കാൻ. പലരും തുടക്കത്തിൽ വലിയ ആസൂത്രണമൊക്കെ നടത്തും പിന്നീട് പതിയെ പതിയെ ആ ശീലത്തെ ഒഴിവാക്കും. അങ്ങനെ പാടില്ല. ജീവിത കാലം മുഴുവൻ കൃത്യമായ പ്ലാനിംഗ് സൂക്ഷിച്ചാൽ മാത്രമേ മുന്നോട്ടുള്ള യാത്ര സുഗമമാകു.ചെലവുകൾ പ്ലാൻ ചെയ്യുന്പോൾ ഭക്ഷണം, വസ്ത്രം തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്ക് മുൻഗണന നൽകാം.

പ്ലാനിംഗ് കാഷ് ഫ്ളോ മനസിലാക്കാനും സഹായിക്കും. എ്ല്ലാ മാസവും ഓരോ ബജറ്റു തയ്യാറാക്കാം. ചില മാസങ്ങളിൽ ആഘോഷങ്ങൾ, ഉത്സവങ്ങൾ, കല്യാണം, പിറന്നാൾ എന്നിവയൊക്കെ വരുന്പോൾ ചെലവു കൂടാം അതിനാലാണ് എല്ലാ മാസവും ബജറ്റ ്തയ്യാറാക്കേണ്ടി വരുന്നത്. നിക്ഷേപത്തിനുള്ള വകയിരുത്തൽ എല്ലാ മാസത്തിലും നിശ്ചയമായും ഉണ്ടായിരിക്കണം. ചെലവു കൂടി വരുന്ന മാസങ്ങളിൽ നിക്ഷേപത്തിനുള്ള തുകയിൽ അൽപം കുറവു വരുത്താം. പക്ഷേ ചെലവു കുറഞ്ഞ മാസങ്ങളിൽ നിക്ഷേപത്തിൽ കൂടുതൽ ശ്രദ്ധിക്കാം.

കടങ്ങൾ അടച്ചു തീർക്കാം:

ബജറ്റ് പ്ലാൻ ചെയ്യുന്പോൾ കടങ്ങൾ അടച്ചു തീർക്കുന്നതിനും പ്രാധാന്യം നൽകണം. അടുത്ത കൂട്ടുകാരിൽ നിന്ന്, സഹോദരങ്ങളിൽ നിന്ന് ആയിരിക്കാം കടം വാങ്ങിച്ചിട്ടുണ്ടാവുക. അവർ വേണ്ട എന്നു പറഞ്ഞാലും അത് തിരികെ നൽകുക. പിന്നീട് ഒരു അത്യാവശ്യം വരുന്പോൾ വീണ്ടും പണം ചോദിക്കാനുള്ളതും. അവർക്ക് ഒരാവശ്യം വന്നാൽ സഹായിക്കാൻ നമ്മളുണ്ടെന്നുള്ള തോന്നലിനും അത് ഉപകരിക്കും. അവരും അദ്ധ്വാനിച്ച് ഉണ്ടാക്കുന്ന പണമാണ്. സമാധാന പൂർണമായ ജീവിതത്തിന് കടങ്ങൾ, പ്രത്യേകിച്ചും ചീത്തക്കടങ്ങളെ ഒഴിവാക്കി നിർത്തിയെ പറ്റു.

ശന്പളക്കാരനാകുന്പോൾ വെറുതെ കടങ്ങളെക്കുറിച്ച് ഒന്നാലോചിക്കുക. കോളേജ് കാന്‍റീനിലെ കടങ്ങൾ മുതൽ വായ്പകൾ, ക്രെഡിറ്റ് കാർഡിന്‍റെ അടവുകൾ മുതലായവ അടച്ചു തീർക്കുക.

ആഗ്രഹങ്ങൾ അമിതമാകരുത്:

സ്വന്തമായി സന്പാദിക്കാൻ തുടങ്ങുന്പോൾ നേടിയെടുക്കാനായി മാറ്റിവെച്ച ആഗ്രഹങ്ങൾ നിരവധിയുണ്ടാകാം. പക്ഷേ, എല്ലാ ആഗ്രഹങ്ങളും ശന്പളം കിട്ടി തുടങ്ങുന്ന നാളുകളിലെ നേടിയെടുക്കാൻ ശ്രമിക്കരുത്. ഏറ്റവും അത്യാവശ്യമായ ആഗ്രഹങ്ങൾ ആദ്യം സാധിക്കുക. ഇല്ലെങ്കിൽ അത് വലിയ സാന്പത്തിക ഞെരുക്കങ്ങളിലേക്ക്് നയിക്കും. ആഗ്രഹങ്ങളുടെ ഗ്രാവിറ്റി അനുസരിച്ച് കാലയളവു നിശ്ചയിച്ചാൽ ഞെരുക്കമില്ലാതെ അതുനേടിയെടുക്കാം.

കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം സന്തോഷം പങ്കിടാം:

ആദ്യം കിട്ടുന്ന ശന്പളം കൊണ്ട് ചെയ്തു തീർക്കാൻ നിരവധി കാര്യങ്ങളുണ്ടാകും പക്ഷേ, അതിൽ നിന്ന് ഒരു ചെറിയ പങ്കെടുത്ത്് കൂട്ടുകാരോടും കുടുബത്തോടും സന്തോഷം പങ്കിടണം. കാരണം അവരും ആ സന്തോഷത്തിൽ പങ്കുചേരാൻ അർഹരാണ്. ഒരുപാട് വലിയ സമ്മാനങ്ങളൊന്നും അവർക്കു നൽകിയില്ലെങ്കിലും ചെറിയ സമ്മാനം അവർക്കായി നൽകണം. ജോലി കിട്ടുന്നതുവരെയുള്ള കാലയളവിൽ സഹായിച്ച നിരവധി പേരുണ്ടാകാം.അവരിൽ പ്രാധാന്യമർഹിക്കുന്നവർക്കും സന്തോഷത്തിന്‍റെ ഒരു പങ്ക് നൽകാം. ഒരു നന്ദി പറച്ചിലിനോടൊപ്പം അൽപ്പം മധുരം അവർക്കും നൽകാം.

മറ്റുള്ളവരെ സഹായിക്കാം:

ശന്പളം കിട്ടി, ഇത്രയും നാളും നീട്ടിവെച്ച ആഗ്രഹങ്ങൾ സാധിച്ചൂ, നല്ല ഭക്ഷണം കഴിച്ചു, കൂട്ടുകാർക്കും വീട്ടുകാർക്കും ട്രീറ്റ് നൽകി അങ്ങനെ സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കുന്ന തിരക്കിലായിരിക്കും പലരും. പക്ഷേ, ജീവിതത്തിൽ ഒരിക്കൽ പോലും നല്ല വസ്ത്രമോ, ഭക്ഷണമോ ലഭിച്ചിട്ടില്ലാത്ത നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. അവരെക്കൂടി നമ്മുടെ സന്തോഷങ്ങളിലേക്ക് പങ്കുചേർക്കാൻ സാധിക്കണം. ഒരു നേരത്തെ ഭക്ഷണമോ മറ്റോ നൽകി അവരെക്കൂടി സന്തോഷത്തിൽ പങ്കുകാരാക്കാം.

സ്വയം സന്തോഷിപ്പിക്കാം:

പഠനം, ജോലിക്കായുള്ള അന്വേഷണം എന്നിങ്ങനെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഒരുപാട് ക്ഷീണിച്ചിട്ടുണ്ടാകും പലരും. അങ്ങനെയുള്ളവർക്ക് സ്വയം സന്തോഷിപ്പിക്കാനായി ഒരു യാത്ര പോകാം. ആദ്യത്തെ ശന്പളം കിട്ടുന്പോൾ തന്നെ പോയില്ലെങ്കിലും അതു കഴിഞ്ഞു വരുന്ന മാസങ്ങളൊന്നിൽ കൂട്ടുകാരോടൊപ്പമോ കുടുംബത്തോടൊപ്പമോ ഒരു യാത്രപോകാം.

കരുതലോടെ കൈകാര്യം ചെയ്യാം

ഇത്രയുമൊക്കെ ആദ്യത്തെ ശന്പളം കിട്ടിയതിന്‍റെ പുതുമോടിയിൽ വരുന്ന കാര്യങ്ങളാണ്. എല്ലാ മാസവും ഇതേ രീതിയിലാണ് പോക്ക് എങ്കിൽ കുറച്ചു നാളു കഴിയുന്പോൾ കിട്ടുന്ന ശന്പളം ഒന്നിനും തികയാത്ത സാഹചര്യത്തിലേക്ക് എത്തും. ഇവിടെ കരുതലോടെ മുന്നോട്ടു പോകാം.


ധനകാര്യ ലക്ഷ്യം നിശ്ചയിക്കാം

നിലവിൽ കൈവശമുള്ള ആസ്തികളുടെ കണക്ക് എടുക്കാം. കാര്യമായി ഒന്നുമുണ്ടാവില്ല.
തുടർന്ന് ജീവിതത്തിലെ ആഗ്രഹങ്ങളുടെ ലിസ്റ്റ് തയാറാക്കാം. ചെറിയവിനോദയാത്ര മുതൽ റിട്ടയർമെന്‍റ് വരെയുള്ള സംഗതികൾ അതിലുണ്ടായിരിക്കണം. ഹൃസ്വകാലത്തിലും ദീർഘകാലത്തിലും നേടാനാഗ്രഹിക്കുന്ന കാര്യങ്ങൾ ഉണ്ടായിരിക്കണം.
ഓരോ ലക്ഷ്യത്തിനുവേണ്ടിയും നടത്താൻ കഴിയുന്ന നിക്ഷേപവും എഴുതുക.

നേരത്തെ സന്പാദിക്കാം:

സന്പാദ്യത്തിന്‍റെ ആവശ്യം ഇപ്പോഴുണ്ടോ എന്ന് പലരും ചിന്തിക്കും. ഇപ്പോഴുണ്ടാകില്ല പക്ഷേ, ഭാവിയിലേക്ക് അത് കൂടിയെ തീരു. അതിനാൽ സന്പാദ്യ ശീലവും ആദ്യത്തെ ശന്പളത്തോടൊപ്പം തന്നെ ആരംഭിക്കണം.

നേരത്തെ സൂചിപ്പിച്ചതുപോലെ ആസ്തിയും സന്പത്തും സൃഷ്ടിക്കാനുള്ള ഏറ്റവും മികച്ച വഴിയാണ് ഏറ്റവും നേരത്തെ നിക്ഷേപം ആരംഭിക്കുകയും അതു സ്ഥിരതയോടെ തുടർന്നുകൊണ്ടുപോവുകയെന്നതും.

നിക്ഷേപം മാറ്റി വെയ്ക്കരുത്:

ഈ മാസം അധിക ചെലവാണ് അതിനാൽ അടുത്ത മാസം തുടങ്ങാം നിക്ഷേപം എന്നൊക്കെ പലരും ചിന്തിക്കും. അങ്ങനെ മാസങ്ങൾ കടന്നു പോകുന്നതകല്ലാതെ നിക്ഷേപം തുടങ്ങുകയുമില്ല. അതാനാൽ ആദ്യ മാസം തന്നെ നിക്ഷേപം ആരംഭിക്കുക. അതു തുടർന്നുകൊണ്ടുപോവുകയും ചെയ്യുക.

നികുതി പ്ലാൻ ചെയ്യുക:

പുതിയ ശന്പളക്കമ്മീഷൻ റിപ്പോർട്ടു നടപ്പാക്കിയതോടെ ജോലിയുള്ള മിക്കവരും നികുതി ബ്രാക്കറ്റിലായിട്ടുണ്ട്. സന്പാദ്യശീലം വളർത്തുവാനായി നിരവധി നികുതിലാഭ നിക്ഷേപങ്ങൾ ഗവണ്മെന്‍റ് നൽകുന്നുമുണ്ട്.

മാർച്ച് അവസാനം ആവശ്യമില്ലാത്ത ഇൻഷുറൻസ് പദ്ധതികൾ ( ഓർമിക്കുക, ഇൻഷുറൻസ് ഒരു നിക്ഷേപമല്ല, ചെലവാണ്) വാങ്ങി നികുതി ലാഭിക്കുന്നതുനു പകരം ദീർഘകാലത്തിൽ തനിക്കുവേണ്ടി സന്പത്തു സൃഷ്ടിക്കുന്ന ഉപകരണങ്ങൾ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുക.

ഇൻഷുറൻസ് കവറേജ്:

ജോലി ചെയ്യുന്ന കന്പനികൾ ആരോഗ്യ പോളിസികൾ, അപകട ഇൻഷുറൻസ് തുടങ്ങിയവ നൽകാറുണ്ട്. പലപ്പോഴും ഇവ വളരെ കുറഞ്ഞ കവറേജായിരിക്കും. അതിനാൽ ആവശ്യമുള്ള കവറേജ് കണക്കാക്കി ശേഷിച്ച ആവശ്യമുള്ള ഇൻഷുറൻസ് എടുക്കുക.
എന്നാൽ ടേം ഇൻഷുറൻസ്, അപകട ഇൻഷുറൻസ്, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയ പ്ലാൻ ചെയ്ത് കുടുംബത്തിന്‍റെ സാന്പത്തിക സുരക്ഷ ഉറപ്പാക്കാം. ഈ ഇൻഷുറൻസുകൾ ചെറുപ്പത്തിലെ എടുത്താൽ കുറഞ്ഞ പ്രീമിയം മതി. ആ പ്രീമിയത്തിനു നികുതിയിളവും കിട്ടുകയുംചെയ്യും.

എന്നാൽ ഇൻഷുറൻസും നക്ഷപേവും കൂട്ടിക്കുഴയ്ക്കാതിരിക്കുക. അവ രണ്ടും രണ്ടാണ്.
റിട്ടയർമെന്‍റിനായി നിക്ഷേപം തുടങ്ങാം:

സന്പത്തു കാലത്ത് തൈ പത്തു വെച്ചാൽ ആപത്തു കാലത്തു കാ പത്തു തിന്നാം എന്നാണല്ലോ ചൊല്ല്. ജോലി കിട്ടുന്ന ആദ്യ നാളുകളിൽ തന്നെ റിട്ടയർമെന്‍റ് കാലത്തേക്കുള്ള നിക്ഷേപവും ആരംഭിക്കണം. ഇത് സെക് ഷൻ 80 സി പ്രാകരമുള്ള ആദായ നികുതിയിളവ് നേടി തരുന്നതോടൊപ്പം തന്നെ പ്രായമാകുന്പോഴേക്കും ഒരു സഞ്ചിത നിധി മാറുകയും ചെയ്യും. ദീർഘനാളുള്ളതിനാൽ ചെറിയ തുകയടച്ചുകൊണ്ടു ലക്ഷ്യം നേടുകയും ചെയ്യാം.

വ്യത്യസ്തമായ മേഖലകളിൽ നിക്ഷേപം നടത്തുക:

ഒരു മേഖലയിൽ മാത്രമായിരിക്കരുത് നിക്ഷേപം. അതിനായി വിവിധ ഉപകരണങ്ങളെ കണ്ടെത്താം. ഓഹരി,മ്യൂച്ചൽഫണ്ട്, സ്വർണം, റിയൽ എസ്റ്റേറ്റ് എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിൽ നിക്ഷേപം നടത്താം. ഓഹരി ദീർഘകാലത്തിൽ മികച്ച റിട്ടേണ്‍ നേടിത്തരുന്പോൾ മറ്റു പല ആസ്തികളും പണപ്പെരുപ്പത്തെ കഷ്ടിച്ചു നേരിടുവാൻ സഹായിക്കുകയേയുള്ളു. നിക്ഷേപത്തിനും സന്പാദ്യത്തിനും മുൻ തൂക്കം നൽകി കൊണ്ടായിരിക്കണം എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്യേണ്ടത് അല്ലെങ്കിൽ ശന്പളമില്ലാതിരുന്ന കാലത്തേക്കാൾ മോശമാകും കാര്യങ്ങൾ.

നിക്ഷേപ ഉപകരണങ്ങൾ തെരഞ്ഞെടുക്കുന്പോൾ

* ആദായ നികുതി വകുപ്പ് സെക് ഷൻ 80 സി ക്കു കീഴിൽ വരുന്ന നികുതിയിളവു ലഭിക്കുന്ന ഉപകരണങ്ങൾ നികുതി ലാഭത്തിനായി ഉപയോഗപ്പെടുത്തുക. നികുതിയാസൂത്രണം ഏപ്രിൽ മുതൽതന്നെ ആരംഭിക്കുക.
* ഏപ്രിൽ മുതൽ ആറുമാസത്തിനുളളിലോ അതിനുശേഷമോ പ്രീമിയം അടയ്ക്കേണ്ട മെഡിക്ലെയിമുകൾ തെരഞ്ഞെടുക്കുക
* ഒരു നിക്ഷേപം നിർബന്ധമായും ഏതെങ്കിലുമൊരു റിട്ടയർമെന്‍റ് ഫണ്ടിലായിരിക്കണം. റിട്ടയർമെന്‍റ് നിക്ഷേപം ഒരിക്കലും ഭാവി തീയിതിയിലേക്ക് മാറ്റി വയ്ക്കരുത്. മ്യൂച്വൽ ഫണ്ട്, പിപിഎഫ് തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം. ഇപിഎഫ് ഉള്ളതിനാൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടിന് മുൻഗണന നൽകുക. എൻപിഎസ് തെരഞ്ഞെടുക്കുന്നതുവഴി 50000 രൂപയുടെ അധികനികുതിയിളവും കൂടി നേടാൻ സഹായിക്കും.
* ഏതെങ്കിലും ക്രെഡിറ്റ് കാർഡ് അടവുകൾ മുടങ്ങി കിടക്കുന്നുണ്ടെങ്കിൽ അത് അടച്ചു തീർക്കുക. ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ക്രെഡിറ്റ് സ്കോർ കുറയ്ക്കുവാനിടയുണ്ട്. കഴിയുമെങ്കിൽ ഒരു ക്രെഡിറ്റ് കാർഡിൽ ആവശ്യം ഒതുക്കുക.
* അവധിക്കാലം ആഘോഷിക്കാനായി ഒരു തുക മാറ്റി വെയ്ക്കുക
* നിക്ഷേപിക്കുന്ന തുക നിലവിലുള്ള ഏതെങ്കിലും വായ്പ തിരിച്ചടവിനായി ഉപയോഗിക്കരുത്
* ആവശ്യമില്ലാത്ത വില കൂടിയ വസ്തുക്കൾ വാങ്ങാതിരിക്കുക
* ഏപ്രിൽ മാസത്തെ ശന്പളത്തെ അടിസ്ഥാനമാക്കി ഇഎംഐ ആയി ഒന്നും വാങ്ങാതിരിക്കുക. ടിഡിഎസ് കിഴിവ് കഴിയുന്പോൾ പൊതുവെ ഏപ്രിൽ മാസത്തെ ശന്പളം കുറവായിരിക്കും.
* കുടുംബത്തിൽ പ്രായപൂർത്തിയാകാത്തവരുടെ പേരിലും നിക്ഷേപം നടത്താം. അത് അവർക്ക് പണം കൈകാര്യം ചെയ്യേണ്ടതിനെക്കുറിച്ച് അവബോധം ഉണ്ടാക്കുവാൻ സഹായിക്കും.

നൊമിനിറ്റ ജോസ്