സത്യത്തിൽ ആരും ആഗ്രഹിക്കുന്ന സെഡാൻ "ഡിസയർ’
മാരുതി സുസൂക്കിയുടെ എൻട്രി ലെവൽ സെഡാനായ എസ്റ്റീമിനു പകരക്കാരനായാണ് ഡിസയർ വിപണിയിലെത്തിയത്. ഹാച്ച്ബാക്കായ ഇൻഡിക്കയ്ക്ക് വാലു പിടിപ്പിച്ച് ഇൻഡിഗോ സെഡാനായി മാറ്റിയ ടാറ്റയുടെ തന്ത്രമാണ് മാരുതിയും പിന്തുടർന്നത്. അങ്ങനെ 2008 ൽ സ്വിഫ്ടിനു ഡിക്കി ഘടിപ്പിച്ച് സ്വിഫ്ട് ഡിസയർ എന്ന പേരിൽ വിപണിയിലിറക്കി. കന്പനി പോലും പ്രതീക്ഷിക്കാത്തത്ര വിൽപ്പന വിജയമാണ് ഡിസയർ സ്വന്തമാക്കിയത്.

സർക്കാർ നാല് മീറ്ററിൽ താഴെ നീളമുള്ള കാറുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ചതോടെ 2012-ൽ നീളം കുറഞ്ഞ ഡിസയർ പുറത്തിറക്കി. വാസ്തവത്തിൽ ആദ്യ മോഡലിനെ അപേക്ഷിച്ച് ഭംഗിക്കുറവായിരുന്നു പിൻഗാമിയ്ക്ക്. ഏച്ചുകെട്ടിയതുപോലെ ബൂട്ട് ഘടിപ്പിച്ച രൂപം. ഡിക്കി സ്പേസും കുറവ്. ഇതൊക്കെയാണെങ്കിലും ഡിസയറിന്‍റെ ജനപ്രീതിക്ക് കുറവുണ്ടായില്ല. എൻട്രിലെവൽ സെഡാൻ വിഭാഗത്തിൽ ഹ്യുണ്ടായി, ഹോണ്ട, ഫോക്സ് വാഗൻ , ഫോഡ് കന്പനികളുടെ മോഡലുകൾ എത്തിയെങ്കിലും ഡിസയറിനെ പിന്തള്ളാനായില്ല. ഏറ്റവും വിൽപ്പനയുള്ള എൻട്രി ലെവൽ സെഡാനായി ഡിസയർ വിലസി. ഇതിനോടകം 13.80 ലക്ഷത്തിലേറെ ഡിസയറുകളാണ് നിരത്തിലിറങ്ങിയത്.

കാലാനുസൃതമായ മാറ്റങ്ങളുമായി ഇപ്പോൾ മൂന്നാം തലമുറ ഡിസയർ വിപണിയിലെത്തിയിരിക്കുകയാണ്. പഴയ മോഡലിന്‍റെ കുറവുകൾ പരിഹരിച്ച് അധിക രൂപഭംഗിയോടെ എത്തിയ ഡിസയറിന് ഏറ്റവും മൈലേജുള്ള ഡീസൽ കാർ എന്ന സവിശേഷതയുമുണ്ട്.

രൂപകൽപ്പന

ബലേനോയ്ക്ക് ഉപയോഗിക്കുന്ന ഹാർട്ട്ടെക്ട് എന്ന പുത്തൻ പ്ലാറ്റ്ഫോമിലാണ് മൂന്നാം തലമുറ ഡിസയറിന്‍റെ നിർമിതി. ഭാരം കുറവുള്ളതും എന്നാൽ കൂടുതൽ ബലവത്തായതുമാണ് ഈ പ്ലാറ്റ്ഫോം. എൻജിൻ ഒഴികെ ഒന്നും പഴയ ഡിസയറുമായി പങ്കുവയ്ക്കുന്നില്ല. സ്വിഫ്ട് ഡിസയർ എന്നായിരുന്ന പേര് പുതിയതിൽ ഡിസയർ എന്നു ചുരുക്കിയിട്ടുണ്ട്.

കാഴ്ചയ്ക്ക് ഏറെ മനോഹരമാണ് പുതിയ ഡിസയർ . ഹാച്ച്ബാക്കിന് ഡിക്കി കൂട്ടിച്ചേർത്തപോലെ തോന്നുകയേ ഇല്ല. നീളം പഴയതുപോലെ 3995 മില്ലി മീറ്റർ ആണെങ്കിലും വീൽബേസ് 20 മില്ലി മീറ്റർ കൂടിയിട്ടുണ്ട്. ഇത് മുൻസീറ്റിനും പിൻസീറ്റിനും അധിക ലെഗ്റൂം നൽകുന്നു. പിൻസീറ്റിന്‍റെ ലെഗ്റൂം 55 മില്ലി മീറ്റർ വർധിച്ചെന്ന് മാരുതി അവകാശപ്പെടുന്നു. വീതി 40 മില്ലി മീറ്റർ വർധിപ്പിച്ചു, 1735 മില്ലി മീറ്റർ. എന്നാൽ ഉയരം 40 മില്ലി മീറ്റർ കുറച്ചിട്ടുണ്ട്, 1515 മില്ലി മീറ്റർ. ക്രോം ലൈനിംഗുള്ള തള്ളിനിൽക്കുന്ന ഗ്രില്ലാണ് പുതിയ ഡിസയറിന്. ഗ്രില്ലിന്‍റെ ആകൃതി മിനി കൂപ്പറിനെ ഓർമിപ്പിക്കും. ഡേ ടൈം റണ്ണിംഗ് ലാംപുകളോടുകൂടിയ എൽഇഡി പ്രൊജക്ടർ ഹെഡ്ലാംപുകൾ ഓട്ടോമാറ്റിക്കാണ്. നിർഭാഗ്യവശാൽ ഈ ഹെഡ്ലാംപുകൾ മുന്തിയ വകഭേദത്തിനു മാത്രമേയുള്ളൂ. അല്ലാത്തവയ്ക്ക് റിഫ്ളക്ടർ ഹെഡ്ലാംപ് യൂണിറ്റാണ്.

എൻജിൻ കംപാർട്ട്മെന്‍റിന്‍റെ നീളം കുറച്ചിരിക്കുന്നു. ഇത് ഇന്‍റീരിയറിനും ബൂട്ടിനും കൂടുതൽ വിസ്താരം നൽകാൻ സഹായിച്ചിട്ടുണ്ട്. ബൂട്ട് സ്പേസ് 62 ലിറ്റർ വർധിച്ച് 378 ലിറ്ററായി. സെഡ് , സെഡ് പ്ലസ് എന്നീ മുന്തിയ വകഭേദങ്ങൾക്ക് 15 ഇഞ്ച് ടൂ ടോണ്‍ അലോയ് വീലുകളാണ്. ടെയ്ൽ ലാംപുകൾ എൽഇഡി ടൈപ്പാണ്. എല്ലാ വകഭേദങ്ങൾക്കും ഇതുതന്നെ. ഗ്രൌണ്ട് ക്ലിയറൻസ് ഏഴ് മിമീ കുറഞ്ഞ് 163 മില്ലീമീറ്റർ ആയി. സ്പീഡ് ബ്രേക്കറുകളെ അടിതട്ടാതെ മറികടക്കാൻ ഇത് പര്യാപ്തമാണെങ്കിലും കുത്തനെയുള്ള ചെരിവുകളിൽ നിന്ന് നിരപ്പിലേയ്ക്കിറങ്ങുന്പോൾ മുൻഭാഗം നിലത്തു തട്ടാതെ ശ്രദ്ധിച്ച് എടുക്കണം.

ഡാഷ്ബോർഡ് പൂർണ്ണമായും പുതിയതാണ്. പ്ലാസ്റ്റിക് നിലവാരം മെച്ചപ്പെടുത്തിയിച്ചുണ്ട്. ബ്ലാക്ക് ബിജ് നിറത്തിലുള്ള ഇന്‍റീരിയറിൽ സാറ്റിൻ ക്രോം , ഫോക്സ് വുഡ് എന്നിവകൊണ്ടുള്ള അലങ്കാരങ്ങളുണ്ട്. ഡാഷ്ബോർഡിന്‍റ നടുക്കുള്ള ഏഴിഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റത്തിൽ ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, നാവിഗേഷൻ സിസ്റ്റം എന്നിവയുണ്ട്. പിൻസീറ്റിനായി റിയർ എസി വെന്‍റ് നൽകിയതും പുതുമയാണ്. ഇതിൽ 12 വോൾട്ട് പവർ ഒൗട്ട്ലെറ്റും രണ്ട് കപ്പ് ഹോൾഡറുകളും നൽകിയത് ഉപകാരപ്രദമാണ്. ഓട്ടോമാറ്റിക് എസി മുന്തിയ വകഭേദങ്ങൾക്കുണ്ട്.


ഇന്‍റീരിയറിൽ മുന്നിലും പിന്നിലും വീതി കൂടിയിട്ടുണ്ട്. നടുവിനും തുടകൾക്കും വേണ്ടപോലെ താങ്ങേകുന്നതാണ് പിന്നിലെ സീറ്റ്. സ്റ്റിയറിംഗ് വീൽ ശ്രദ്ധിക്കുക. ചുവട് ഭാഗം പരന്ന പുതിയ സ്റ്റിയറിംഗിന് ഭംഗിയും പ്രായോഗികതയുണ്ട്. ആറടി പൊക്കമുള്ളയാൾ ്രെഡെവിംഗ് സീറ്റിലിരിക്കുന്പോഴും പിന്നിൽ ഇഷ്ടംപോലെ ലെഗ്റൂമുണ്ട്. എന്നാൽ ഉയരക്കാരെ സംബന്ധിച്ചിടത്തോളം പിൻസീറ്റിൽ ഹെഡ്റൂം അൽപ്പം കുറവാണ്. പിൻസീറ്റിലിരിക്കുന്നവർ ചെറുതായൊന്നു അഡ്ജസ്റ്റ് ചെയ്താൽ നടുക്ക് ഒരാളെ ഇരുത്താം.
സുരക്ഷയുടെ കാര്യത്തിലും പുതിയ ഡിസയർ മുന്നിട്ടുനിൽക്കുന്നു. കൂടുതൽ ബലവത്തായ ബോഡിയുള്ള ഡിസയറിന്‍റെ അടിസ്ഥാന വകഭേദത്തിനും എബിഎസ് ഇബിഡി , രണ്ട് എയർബാഗുകൾ , ചൈൽഡ് സീറ്റ് ഉറപ്പിക്കാനുള്ള സംവിധാനം എന്നിവയുണ്ട്.

എൻജിൻ ഡ്രൈവ്

എൻജിനു മാറ്റമില്ല. 1.2 ലിറ്റർ , 82 ബിഎച്ച്പി , കെ സീരീസ് പെട്രോൾ , 1.3 ലിറ്റർ , 74 ബിഎച്ച്പി, ഡിഡിഐഎസ് ഡീസൽ എൻജിൻ വകഭേദങ്ങളുണ്ട്. അഞ്ച് സ്പീഡ് മാന്വൽ ഗീയർബോക്സാണ് സ്റ്റാൻഡേർഡ്. പഴയ ഡിസയറിന് ഡീസൽ വകഭേദത്തിനു മാത്രമായിരുന്ന അഞ്ച് സ്പീഡ് എഎംടി ലഭ്യമായിരുന്നതെങ്കിൽ പുതിയതിന് പെട്രോൾ വകഭേദത്തിലും അത് ലഭ്യമാണ്.

മൈലേജ്

പെട്രോൾ മാന്വൽ: ലിറ്ററിന് 22.00 കിലോമീറ്റർ. ഡീസൽ മാന്വൽ: ലിറ്ററിന് 28.40 കിലോമീറ്റർ.
കൂടുതൽ ആവശ്യക്കാരുള്ള ഡീസൽ ഡിസയറാണ് ടെസ്റ്റ് ്രെഡെവ് ചെയ്തത്. പഴയതിലും 105 കിലോഗ്രാം ബോഡി ഭാരം കുറവുള്ളതുകൊണ്ടുതന്നെ ഡിസയറിന്‍റെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്. നവീകരിച്ച സസ്പെൻഷൻ യാത്ര കൂടുതൽ സുഖകരമാക്കുന്നു. 2000 ആർപിഎമ്മിൽ എത്തുന്നതുവരെ ടർബോ ലാഗുണ്ട്. യഥാസമയം ഗീയർ മാറി ഓടിക്കാൻ ശീലമാകുന്പോൾ ഇതൊരു പോരായ്മയായി തോന്നില്ല. ഫോഡ് ആസ്പയറിന്‍റെ യും ഫോക്സ്വാഗൻ അമിയോയുടെയും ഡീസൽ വകഭേദം നൽകുന്ന പെർഫോമൻസ് ഡിസയറിൽ പ്രതീക്ഷിക്കേണ്ട. ഒരു സാധാരണ ഉപഭോക്താവിനെ തൃപ്തിപ്പെടുത്താൻ വേണ്ടത് ഡിസയർ നൽകും. കട്ടി കുറഞ്ഞ ക്ലച്ചും ചെറുതായി തട്ടി നീക്കാവുന്ന ഗീയറുകളും ്രെഡെവിംഗ് സുഖകരമാക്കുന്നു. ഉയർന്ന വേഗത്തിൽ സ്റ്റിയറിംഗിന് കട്ടി കുറയുന്നു എന്നത് പോരായ്മ.

വില

ഹ്യുണ്ടായി എക്സന്‍റ് , ഹോണ്ട അമെയ്സ് , ടാറ്റ ടീഗോർ, ഫോഡ് ആസ്പയർ മോഡലുകളുമായാണ് ഡിസയർ മത്സരിക്കുന്നത്. ബലേനോയുമായി താരതമ്യപ്പെടുത്തുന്പോൾ 20,000 രൂപ മുതൽ 60,000 രൂപ വരെ അധികമാണ് ഡിസയറിന്‍റെ വിവിധ വകഭേദങ്ങളുടെ വില.

അവസാനവാക്ക്

ഇടത്തരക്കാർക്ക് യോജിച്ച ഒന്നാന്തരം ഫാമിലി കാറാണ് ഡിസയർ. ഡിക്കി സ്പേസ്, ഫീച്ചറുകൾ , രൂപഭംഗി എന്നിവയിലുള്ള പോരായ്മകളെല്ലാം പുതിയ ഡിസയർ പരിഹരിക്കുന്നു. ഉയർന്ന മൈലേജിനൊപ്പം ഓട്ടോമാറ്റിക് കാറുകളുടെ കൈകാര്യക്ഷമതയും നൽകുന്ന എഎംടി പെട്രോൾ വകഭേദത്തിലും ലഭ്യമാക്കിയത് ഡിസയറിന്‍റെ വിൽപ്പനയിൽ വീണ്ടും വർധനയുണ്ടാക്കും.

ടെസ്റ്റ്് ഡ്രൈവ് വാഹനത്തിനു കടപ്പാട് : എവിജി മോട്ടോർസ് , കോട്ടയം. ഫോണ്‍ : 98470 53915/20.

ഐപ് കുര്യന്‍