സുരക്ഷയ്ക്കു പ്രാധാന്യം നൽകാം
സുരക്ഷയ്ക്കു പ്രാധാന്യം നൽകാം
Thursday, January 18, 2018 2:40 PM IST
പുതു വർഷത്തിൽ സന്പാദ്യത്തിനും നിക്ഷേപത്തിനും പ്രാധാന്യം കൊടുക്കുന്നതിനൊപ്പം തന്നെ സുരക്ഷയ്ക്കും പ്രാധാന്യം നൽകണം. കുടംബത്തിലെ വരുമാനമുണ്ടാക്കുന്നയാൾക്ക് പെട്ടന്ന് എന്തെങ്കിലും സംഭവിച്ചാൽ മാനസികമായി തളരുന്നതിനൊപ്പം സാന്പത്തികമായ പ്രതിസന്ധിയിലേക്കു കുടംബം നീങ്ങുന്നതിനും ഇത് കാരണമാകും. തങ്ങളുടെ പ്രിയപ്പെട്ടവർ തന്‍റെ അഭാവത്തിലും സുരക്ഷിതമായി ജീവിക്കുന്നുവെന്നു ഉറപ്പുവരുത്താൻ സഹായിക്കുന്നതാണ് ഇൻഷുറൻസ്.

അതുകൊണ്ട് വരുമാനം ഉണ്ടാക്കിത്തുടങ്ങുന്പോൾ തന്നെ തങ്ങളുടെ ആശ്രിതരുടെ സുരക്ഷയ്ക്കായി സംരക്ഷണം തീർക്കുവാൻ ശ്രദ്ധിക്കണം.

ടേം പ്ലാൻ, എൻഡോവ്മെന്‍റ് പ്ലാൻ, യുലിപ്, വൈവിധ്യമാർന്ന ഇൻഷുറൻസ് പ്ലാനുകൾ കന്പനികൾ ലഭ്യമാക്കിയിട്ടുണ്ട്. നിക്ഷേപകന്‍റെ വിവിധ ആവശ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ വിവിധ ഇൻഷുറൻസ് കന്പനികൾ വിവിധ തരത്തിലുള്ള ഇൻഷുറൻസ് പോളിസികൾ നൽകുന്നുണ്ട്. അവയെ പരിചയപ്പെടാം. ഓരോരുത്തർക്കും യോജിച്ച പദ്ധതികൾ ആരംഭിക്കുകയും ചെയ്യാം.

1. ടേം പ്ലാൻ

ശുദ്ധമായ ഇൻഷുറൻസ് പദ്ധതിയാണ്. അപ്രതീക്ഷിതമായി സംഭവിച്ചാൽ അതിനു സംരംക്ഷണം നൽകുന്നു. ടേം പ്ലാൻ പേരു പോലെ തന്നെ ഒരു നിശ്ചിത കാലയളവിൽ സുരക്ഷിതത്വം നൽകുന്നവയാണ്. പക്ഷേ ചെറിയ തുകയ്ക്ക് വലിയൊരു കവറേജ് നിക്ഷേപകന് നൽകുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകത.

വരുമാനം, ബാധ്യതകൾ തുടങ്ങിയവയെല്ലാം ഇതുപയോഗിച്ചു കവർ ചെയ്യാം. ചെലവു കുറഞ്ഞതും അതോടൊപ്പം എളുപ്പമുള്ളതും മനലസിലാക്കാവുന്നതുമാണ് ടേം ഇൻഷുറൻസ് പ്ലാനുകൾ. ഇത് ഓണ്‍ലൈനിലും ലഭ്യമാണ്. ഇത്തരം പ്ലാനുകൾ മച്യൂരിറ്റി ബെനഫിറ്റോ സറണ്ടർ ബെനഫിറ്റോ നൽകുന്നതല്ല.

എന്നാൽ ടേം ഇൻഷുറൻസിനൊപ്പം ഹെൽത്ത് കവറേജ് നൽകുന്ന പോളിസികളുണ്ട്. ഇതിന് അധിക തുക പ്രീമിയമായി നൽകണം. ടേം ഇൻഷുറൻസിനൊപ്പം ടോപ് അപ് ചെയ്താണ് ഈ സൗകര്യം ലഭ്യമാക്കുന്നത്.

2. ഹോൾ ലൈഫ് ഇൻഷുറൻസ്

ജീവിതകാലം മുഴുവൻ കവറേജ് നൽകുന്നവയാണ് ഹോൾ ലൈഫ് ഇൻഷുറൻസ് പ്ലാനുകൾ. സുരക്ഷ നൽകുന്നതിനൊപ്പം തന്നെ അസറ്റ് ഉണ്ടാക്കുകയും ചെയ്യുന്നവയാണിവ. ഉയർന്ന പ്രീമിയം നൽകണം. റിട്ടേണ്‍ പണപ്പെരുപ്പത്തിനനുസരിച്ചു ലഭിക്കുന്നില്ല താനും.

3. എൻഡോവ്മെന്‍റ് പോളിസി

കൃത്യമായ കാലയളവിലേക്ക് ഇൻഷുറൻസ് പോളിസിയാണ് എൻഡോവ്മെന്‍റ് പോളിസി. ഇത് സേവിംഗ്സുമായി ലിങ്ക് ചെയ്തിട്ടുള്ളതാണ്. ഇത് രണ്ടു തരത്തിലുള്ള നേട്ടം നൽകുന്നുണ്ട്. ബെനഫിഷറി മരിക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താൽ നിശ്ചിത തുക ലഭിക്കും.

4. മണി ബാക്ക് പ്ലാൻ/കാഷ് ബാക്ക് പ്ലാൻ

മുൻകൂട്ടി നിശ്ചയിച്ച ഒരു സമയത്ത് ഒരു നിശ്ചിത തുക തിരികെ നൽകുന്നതാണ് മണി ബാക്ക് അല്ലെങ്കിൽ കാഷ് ബാക്ക് പോളിസി. ബാക്കിയുള്ള തുകയുടെ നേട്ടം ടേമിന്‍റെ കാലാവധി കഴിയുന്പോൾ ലഭ്യമാകും.

5. യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പോളിസി

യുലിപ് ഇൻഷുറൻസ് കവറേജിനൊപ്പം നിക്ഷേപ അവസരവും നൽകുന്ന പ്ലാനുകളാണ്. അടയ്ക്കുന്ന പ്രീമിയത്തിന്‍റെ ഒരു ഭാഗം ഇൻഷുറൻസിലേക്കും ഒരു ഭാഗം നിക്ഷേപ ഉപകരണങ്ങളായ ഓഹരി, ഗവണ്‍മെന്‍റ് ബോണ്ടുകൾ, കോർപറേറ്റ് ബോണ്ടുകൾ എന്നിവയിലേക്ക് നിക്ഷേപിക്കും. വിപണിയിലെ റിസ്കുകൾക്കനുസരിച്ച് നിക്ഷേപത്തെ മാറ്റാനും റൈഡർ, ടോപ്അപ്, ഇടയ്ക്കുള്ള പിൻവലിക്കൽ എന്നിവയ്ക്കുള്ള അവസരവും യുലിപ് നൽകുന്നുണ്ട്.


6. ചൈൽഡ് പ്ലാൻ

കുട്ടികളുടെ ഭാവിയിലേക്കുള്ള സുരക്ഷയ്ക്കായി ഉപകരിക്കുന്നവയാണ് ചൈൽഡ് പ്ലാനുകൾ. ഇ്ത്തരം പ്ലാനുകളിൽ ഇൻഷുറൻസ് എടുക്കുന്നത് മാതാപിതാക്കളാണെങ്കിലും നേട്ടം ലഭിക്കുന്നത് കുട്ടികൾക്കാണ്. നിശ്ചിത കാലാവധിയിലേക്ക് അടയ്ക്കുന്ന തുക കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, ബിസിനസ് തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. മാതാപിതാക്കൾ മരിച്ചു പോയാൽ കുട്ടികൾക്ക് പ്രീമിയം നൽകുന്നതാണ്.

7. ആന്വയിറ്റി/പെൻഷൻ പ്ലാനുകൾ

ആന്വയിറ്റി അല്ലെങ്കിൽ പെൻഷൻ പ്ലാനുകൾ പ്രായമാകുന്പോൾ അല്ലെങ്കിൽ റിട്ടയർമെന്‍റിനുശേഷം ഒരു നിശ്ചിത തുക പോളിസി ഉടമയ്ക്ക് ലഭ്യമാകും.

രണ്ടു തരത്തിലുള്ള ആന്വയിറ്റി പ്ലാനുകളുണ്ട്.

1. ഇമ്മീഡിയറ്റ് ആന്വയിറ്റി: ഇത് പേരു പോലെ തന്നെ പെട്ടന്നു തന്നെ ആന്വയിറ്റി പേമെന്‍റ് ആരംഭിക്കാവുന്നതാണ്. ഇവിടെ പ്രീമിയം അടയ്ക്കേണ്ടത് ലംപ് സം തുകയായാണ്.
2. ഡെഫേർഡ് ആന്വയിറ്റി: ഇതിൽ റെഗുലറായി പ്രീമിയം അടയ്ക്കാവുന്നതാണ് അല്ലെങ്കിൽ ലംപ്സം തുകയായും നിക്ഷേപിക്കാം. ഇതിന്‍റെ മൂന്നിലൊരു ഭാഗം കാലാവധി പൂർത്തിയായാൽ പിൻവലിക്കാവുന്നതാണ്. ബാക്കിയുള്ള മൂന്നിൽ രണ്ടു ഭാഗം തുക പെൻഷനായി ലഭിക്കും.
പരന്പരാഗത ഇൻഷുറൻസ് കന്പനികളും ഇത്തരത്തിലുള്ള പ്ലാൻ നൽകുന്നുണ്ട്.
ഇൻഷുറൻസ് പ്ലാനുകൾ സുരക്ഷയ്ക്കൊപ്പം നികുതി നേട്ടവും ലഭ്യമാക്കുന്നുണ്ട്.

8. ഹെൽത്ത് ഇൻഷുറൻസ് പോളിസി

ലൈഫ് ഇൻഷുറൻസ് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ആരോഗ്യ ഇൻഷുറൻസ് പോളിസി. ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ വർധനയുണ്ടാകുന്നത് ( മെഡിക്കൽ ഇൻഫ്ളേഷൻ) ചികിത്സാച്ചെലവിലാണ്. ചിലപ്പോൾ സന്പാദ്യം പൂർണമായിത്തന്നെ ഇല്ലാതായെന്നു വരാം.
ഈ സാഹചര്യം ഒഴിവാക്കാൻ ആരോഗ്യ പോളിസി നിർബന്ധമായും എടുത്തിരിക്കണം. ആശ്രിതർ ഉണ്ടെങ്കിൽ അവർക്കു കൂടി കവറേജ് ലഭിക്കുന്ന ഫ്ളോട്ടർ പോളിസികൾ എടുക്കാം.

കാഷ് പോളിസികൾ എടുക്കുന്നതിനു ശ്രമിക്കുക.

ഏറ്റവും നേരത്തെ ആരോഗ്യ പോളിസി എടുക്കുകയും അതു മുടക്കം കൂടാതെ ജീവിതാവസാനത്തോളം പുതുക്കുകയും ചെയ്യുക. ആരോഗ്യ നിലനിർത്തുന്നതിന് സഹായകമായ നല്ല ശീലങ്ങൾ ( പുകവലി ഒഴിവാക്കുക, ക്രമമായി എക്സർസൈസുകൾ ചെയ്യുക തുടങ്ങയിവ...) പുലർത്തുക. ഇത് ആരോഗ്യം മെച്ചപ്പെടുത്തുമെന്നു മാത്രമ്ലല, രോഗങ്ങളെ മാറ്റി നിർത്തുകയും ചെയ്യും. ഒപ്പം സാന്പത്തികാരോഗ്യവും മെച്ചപ്പെടുത്തും.

വാൽക്കഷണം

1. രണ്ടു പോളിസികൾ നിർബന്ധമായും എല്ലാവരും എടുത്തിരിക്കണം. ലൈഫ് കവറേജ് തരുന്ന ടേം ഇൻഷുറൻസും ചികിത്സയ്ക്കു കവറേജ് നൽകുന്ന ആരോഗ്യ ഇൻഷുറൻസും.്
2. നിക്ഷേപത്തേയും സംരക്ഷണത്തേയും രണ്ടായി കാണുക. അതായത് ഇൻവെസ്റ്റ്മെന്‍റും നിക്ഷേപവും കൂട്ടിക്കുഴയ്ക്കാതിരിക്കുക.