ആയുര്‍വേദത്തിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാം
ആയുര്‍വേദത്തിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാം
Tuesday, August 14, 2018 5:11 PM IST
ജീവിതശൈലീ രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് പ്രമേഹം. നിരവധിപേര്‍ ഈ മഹാവിപത്തിന്റെ പിടിയിലാണ്. നാള്‍ക്കു നാള്‍ അതിന്റെ വ്യാപ്തി വര്‍ദ്ധിച്ചു വരുന്നു.

ഹൃദ്രോഗം, കാന്‍സര്‍ എന്നിവപോലെ മാരകമായ ഒറ്റ ആക്രമണം കൊണ്ട് രോഗിയെ അപായപ്പെടുത്തുന്ന ഭീകരനല്ല പ്രമേഹം. ലോകജനസംഖ്യയുടെ ഏകദേശം നാല്‍പതോ അതിലധികമോ ശതമാനം ആളുകള്‍ പ്രമേഹബാധിതരാണ്.

വ്യായാമത്തെ കൂട്ടുപിടിക്കാം

ആയാസരഹിതമായ ജീവിതത്തിന് ഉതകുംവണ്ണം സൗകര്യങ്ങള്‍ ഏറിയതോടെയാണ് പ്രമേഹം അതിവേഗം വ്യാപിച്ചു തുടങ്ങിയത്. കേരളത്തിലെ യുവാക്കളില്‍ പൊണ്ണത്തടിയും കുടവയറും സാധാരണമായി. പ്രമേഹ രോഗം വ്യാപകമാകുന്നതിന്റെ സൂചനയായി ഇതിനെ കാണാം.

ഒരാള്‍ ദിനം പ്രതി കുടിക്കുന്ന വെള്ളത്തിന്റെയും വിസര്‍ജ്ജിക്കേണ്ടുന്ന മൂത്രത്തിന്റെയും അനുപാതത്തില്‍ കൂടുതലായി മൂത്രം പോകുക എന്നത് പ്രമേഹ രോഗത്തിന്റെ പ്രാഥമിക ലക്ഷണമാണ്. അതോടൊപ്പം തന്നെ മറ്റ് രോഗലക്ഷണങ്ങള്‍ കൂടി പ്രകടമായിരുന്നാല്‍ അയാള്‍ പ്രമേഹരോഗിയാണെന്ന് വൈദ്യശാസ്ത്രം ഉറപ്പാക്കുന്നു.

പ്രമേഹ രോഗികള്‍ക്ക് കൂടുതല്‍ ക്ഷീണമുണ്ടാകും

ആമാശയത്തോട് ചേര്‍ന്നു കിടക്കുന്ന പാന്‍ക്രിയാസ് എന്ന ഗ്രന്ഥിയിലുള്ള എൈലറ്റ്‌സ് ഓഫ് ലാംഗര്‍ഹാന്‍സിലെ ബീറ്റാകോശങ്ങളില്‍ ഉത്പാദിപ്പിക്കുന്ന ഒരു ഹോര്‍മോണ്‍ ആണ് ഇന്‍സുലിന്‍. ബീറ്റാ കോശങ്ങളില്‍ നിന്നും പുറത്തു വരുന്ന ഇന്‍സുലിന്‍ നേരിട്ട് രക്തത്തില്‍ കലരുന്നു. ഇത് രക്തം വഴി ശരീര കോശങ്ങളില്‍ എത്തിച്ചേരും. നാം കഴിക്കുന്ന ആഹാരത്തില്‍ നിന്നും മറ്റും രക്തത്തില്‍ എത്തിച്ചേരുന്ന ഗ്ലൂക്കോസ,് ഇന്‍സുലിന്റെ പ്രവര്‍ത്തന ഫലമായി കോശങ്ങളിലേക്ക് പ്രവേശിക്കുകയും ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റി കോശങ്ങളില്‍ സംഭരിച്ചു വയ്ക്കുകയും ചെയ്യുന്നു. ഈ ഗ്ലൈക്കോജനാണ് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജമായി പരിണമിക്കപ്പെടുന്നത്.

ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് കുറയുമ്പോള്‍ രക്തത്തില്‍ നിന്നും ഗ്ലൂക്കോസിന്റെ തന്മാത്രകള്‍ക്ക് കോശങ്ങളിലേക്ക് കടക്കാന്‍ കഴിയാതെ വരുന്നു. അപ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുകയും കോശങ്ങളില്‍ നിന്നും ആവശ്യത്തിന് ഊര്‍ജം കിട്ടാതെ വരുകയും ചെയ്യുമ്പോള്‍ ശരീരത്തിന് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നു. ഇതാണ് യഥാര്‍ഥത്തില്‍ പ്രമേഹരോഗത്തില്‍ ഉണ്ടാകുന്ന അവസ്ഥ. മാത്രവുമല്ല പ്രമേഹരോഗിക്ക് മൂത്രം അധികമായി പോകുന്നതിനാല്‍ ശരീരത്തില്‍ നിന്നും ജലാംശം കൂടുതല്‍ നഷ്ടപ്പെടുന്നതും ക്ഷീണത്തിന് കാരണമാകുന്നു.

പ്രമേഹ രോഗ കാരണങ്ങള്‍

ദുര്‍മേദസിനെയും കഫത്തെയും മൂത്രത്തെയും വര്‍ധിപ്പിക്കുന്ന തരം ആഹാരങ്ങളായ മധുരരസം, പുളിരസം, ഉപ്പുരസം എന്നിവ അധികമുള്ള ഭക്ഷണങ്ങളുടെ ഉപയോഗം പ്രമേഹത്തിനു കാരണമാകും. കൊഴുപ്പ് കൂടുതല്‍ അടങ്ങിയിട്ടുള്ളതും, ദഹിക്കാന്‍ പ്രയാസമുള്ളതും, ശീതസ്വഭാവം ഉള്ളതുമായ ആഹാരങ്ങളുടെ അമിതോപയോഗവും മറ്റൊരു കാരണമാണ്. പുതിയ ധാന്യങ്ങള്‍, മദ്യം, മാംസം, കരിമ്പ്, ശര്‍ക്കര, പാല്‍, തൈര് മുതലായവ അധികമായി ഉപയോഗിക്കുന്നതും പ്രമേഹരോഗസാധ്യത വര്‍ധിപ്പിക്കുന്നു. വ്യായാമത്തിന്റെ കുറവും, പകല്‍ സമയം കിടന്നുറങ്ങുന്നതും ആണ് പ്രധാനമായും പ്രമേഹത്തിന് കാരണം.

രോഗിക്ക് ക്ഷീണം മാത്രം ഉണ്ടാകുകയും പ്രകടമായ മറ്റ് ലക്ഷണങ്ങള്‍ ഒന്നും കാണാതെയും ഇരിക്കും. അപ്പോഴും രോഗം വര്‍ധിച്ചുകൊണ്ടിരിക്കും. ഒടുവില്‍ ഏതെങ്കിലും ഒരു ഉപദ്രവ വ്യാധിയുടെ രൂപത്തില്‍ രോഗം പ്രകടമാകുന്നു. അതുകൊണ്ട് പ്രമേഹത്തെ ദാരുണ രോഗം എന്നു കൂടി വിശേഷിപ്പിക്കാറുണ്ട്.

പ്രമേഹ രോഗ ചികിത്സയില്‍ ഔഷധം, ആഹാരവിഹാരങ്ങളിലെ പഥ്യം, വ്യായാമം എന്നിവയ്ക്ക് തുല്യ സ്ഥാനങ്ങളാണുള്ളത്. ഇവ മൂന്നും ഒരേപോലെ സംയോജിപ്പിച്ചു കൊണ്ട് തുടര്‍ന്നാല്‍ മാത്രമേ രോഗനിയന്ത്രണം ഫലപ്രദമാവുകയുള്ളൂ.

തുടക്കം മുതല്‍ നിയന്ത്രിച്ചു നിര്‍ത്തിയാല്‍ തന്നെയും പ്രമേഹ രോഗത്തില്‍ ചിലപ്പോള്‍ കുറച്ചു കാലം കഴിയുമ്പോള്‍ ഉപദ്രവ വ്യാധികള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഉപദ്രവങ്ങളുടെ കാഠിന്യം കുറയ്ക്കാനും ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനും തുടക്കം മുതലേ രോഗനിയന്ത്രണവും ചികിത്സയും അത്യാവശ്യമാണ്. വ്യായാമത്തിന്റെ കുറവും പകല്‍ സമയത്തെ ഉറക്കവും പ്രമേഹരോഗം കുറയാതിരിക്കാന്‍ കാരണമാകും.

ആഹാരം നിയന്ത്രിക്കാം

ദുര്‍മേദസിനെയും കഫത്തെയും മൂത്രത്തെയും വര്‍ധിപ്പിക്കുന്ന ആഹാരങ്ങളായ മധുരം, പുളി, ഉപ്പ് എന്നിവ അധികം അടങ്ങിയിരിക്കുന്നതും കൊഴുപ്പ് കൂടുതലുള്ളതും ദഹിക്കാന്‍ പ്രയാസം ഉള്ളവയും ശീതഗുണം ഉള്ളവയുമായ ആഹാരങ്ങള്‍ പ്രമേഹ രോഗികള്‍ ഉപേക്ഷിക്കണം. മദ്യം, മാംസം, കരിമ്പ്, ശര്‍ക്കര, പാട നീക്കാത്ത പാല്‍, തൈര് മുതലായവ അധികം ഉപയോഗിക്കരുത്. ഉഴുന്ന്, കിഴങ്ങ് വര്‍ഗങ്ങള്‍, കൃത്രിമ പാനീയങ്ങള്‍, വീണ്ടും വീണ്ടും ചൂടാക്കിയ ആഹാരങ്ങള്‍ എന്നിവയും പ്രമേഹരോഗികള്‍ കഴിവതും ഒഴിവാക്കണം.

പഴങ്ങളും പച്ചക്കറികളും കഴിക്കാം

നാരിന്റെ അംശം കൂടുതലായി അടങ്ങിയിുള്ള ആഹാരങ്ങള്‍, പാടമാറ്റിയ പാല്‍, മോര്, പഴങ്ങള്‍, ഇലക്കറികള്‍, പച്ചക്കറി എന്നിവയാണ് പ്രമേഹ രോഗികള്‍ക്ക് കൂടുതലും യോജ്യമായ പ്രധാന ആഹാരങ്ങള്‍. ഇവയെല്ലാം അമിതമാകാതെയും വളരെ കുറഞ്ഞു പോകാതെയും ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

സന്തുലിതാഹാരം

സന്തുലിതവും കൃത്യതയോടും കൂടിയ ആഹാരനിഷ്ഠ പ്രമേഹരോഗികളില്‍ വ്യക്തിപരമായ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായകമാകും. നമ്മുടെ കാലാവസ്ഥയ്ക്ക് അനുകൂലമായ ഇത്തരം ആഹാരപഥ്യം പ്രമേഹരോഗികള്‍ തെരഞ്ഞെടുക്കുമ്പോള്‍ കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍, കൊഴുപ്പ് എന്നിവയായിരിക്കണം അവയിലെ പ്രധാന ഘടകങ്ങള്‍. അവയില്‍ തന്നെ കാര്‍ബോഹൈഡ്രേറ്റുകള്‍ പകുതിയില്‍ കൂടുതലും, പ്രോട്ടീന്‍, കൊഴുപ്പ് എന്നിവ രണ്ടും കൂടി പകുതിയില്‍ താഴേയും എന്ന അനുപാതത്തില്‍ നിജപ്പെടുത്തി ഉപയോഗിക്കുന്നതായിരിക്കും സന്തുലിതമായ ആഹാരനിഷ്ഠയ്ക്ക് ഉത്തമം.


ഇടവേളകളില്‍ ഭക്ഷണം കഴിക്കണം

ഇത്തരത്തില്‍ കൃത്യതയോടുകൂടി ആഹാരം കഴിച്ചാല്‍ പോലും അത് കൂടുതല്‍ അളവില്‍ ആയാല്‍ ഒരു വ്യക്തിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വര്‍ധിപ്പിക്കും. ഒരുസമയം കൂടുതല്‍ അളവില്‍ ആഹാരം കഴിക്കുന്നതിനു പകരം ഒരു നിശ്ചിത ഇടവേളകളിലായി പലപ്രാവശ്യം ആഹാരം കഴിക്കാം. ഇതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതാവസ്ഥയിലാക്കാനും രോഗിക്ക് ക്ഷീണം ഉണ്ടാകാതിരിക്കാനും കഴിയും.

ധാരാളം വെള്ളം കുടിക്കുകയും, മദ്യം ഉപയോഗിക്കുന്നവര്‍ അത് ഉപേക്ഷിക്കുകയോ, പരമാവധി കുറയ്ക്കുകയോ ചെയ്യണം.

നോണ്‍ വെജിറ്റേറിയന്‍ ആഹാരം ഉപയോഗിക്കുന്നവര്‍ പൂരിതകൊഴുപ്പ് അധികം അടങ്ങിയിരിക്കുന്ന ബീഫ് പോലുള്ള റെഡ്മീറ്റുകള്‍ക്കുപകരം കോഴിയിറച്ചിയും മത്സ്യങ്ങളും ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
എന്നാല്‍ കൊളസ്‌ട്രോള്‍ അധികം ഉള്ളവരാണെങ്കില്‍ റെഡ് മീറ്റും മുട്ടയുടെ മഞ്ഞക്കരുവും തീര്‍ച്ചയായും ഒഴിവാക്കണം.

പരിപ്പുവര്‍ഗങ്ങള്‍ കഴിക്കാം

കാര്‍ബോ ഹൈഡ്രേറ്റുകള്‍ അടങ്ങിയ മറ്റ് ആഹാരങ്ങളെക്കാള്‍ പരിപ്പുവര്‍ഗങ്ങള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ കുറയ്ക്കുവാന്‍ കഴിവുള്ളതിനാല്‍ പ്രമേഹരോഗികള്‍ അവയ്ക്കു കൂടുതല്‍ പ്രാധാന്യം കൊടുക്കണം. പരിപ്പുവര്‍ഗങ്ങള്‍ തന്നെ തൊലി കളയാത്തതാണെങ്കില്‍ ഗുണം കൂടുതലാണ്.

നാരുകള്‍ കൂടുതല്‍ അടങ്ങിയിരിക്കുന്ന ഗ്രീന്‍പീസ്, ബീന്‍സ്, ബ്രൊക്കോളി, ചീരവര്‍ഗങ്ങള്‍, ഇലക്കറികള്‍ എന്നിവയ്ക്ക് രക്തത്തിലെ ഗ്ലൂക്കോസിനെ കുറയ്ക്കാന്‍ മറ്റു പച്ചക്കറികളെ അപേക്ഷിച്ച് കഴിവ് കൂടുതലാണ്.


നാരുകളടങ്ങിയ പഴങ്ങള്‍ കഴിക്കാം

പഴവര്‍ഗങ്ങളില്‍ നാരിന്റെ അംശം കൂടുതലായി അടങ്ങിയിട്ടുള്ള പപ്പായ, ആപ്പിള്‍, ഓറഞ്ച്, പേരയ്ക്ക, സബര്‍ജെലി എന്നിവ കഴിക്കാം. എന്നാല്‍ താരതമ്യേന ഗ്ലൂക്കോസിന്റെ അംശം കൂടുതല്‍ അടങ്ങിയിുള്ള മാമ്പഴം, വാഴപ്പഴം, മുന്തിരിങ്ങ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതാണ്. ഉണങ്ങിയ പഴങ്ങളുടെ ഉപയോഗവും പ്രമേഹരോഗത്തില്‍ പ്രതികൂലഫലം ഉളവാക്കും.

മുളപ്പിച്ച ധാന്യങ്ങള്‍, തവിടു കളയാത്ത ധാന്യങ്ങള്‍, ഓട്‌സ്, കടലമാവ്, ചോളം തുടങ്ങി ധാരാളം നാരിന്റെ അംശം അടങ്ങിയിരിക്കുന്ന ആഹാരങ്ങള്‍ രക്തത്തിലെ ഷുഗറിന്റെ അളവിനെ നിയന്ത്രിച്ചുനിര്‍ത്താന്‍ സഹായകമാണ്. എന്നാല്‍ നൂഡില്‍സ് പോലുള്ള ആഹാരങ്ങള്‍ ഉപയോഗിക്കുന്നവര്‍ ധാരാളം നാരിന്റെ അംശം അടങ്ങിയിരിക്കുന്ന തരം പച്ചക്കറികളോടൊപ്പം മാത്രമെ അവ ഉപയോഗിക്കാവു. അല്ലാതെയിരുന്നാല്‍ ഷുഗറിന്റെ നില വര്‍ധിപ്പിക്കാന്‍ ഇവയുടെ ഉപയോഗം കാരണമാകും.

പാലു കുടിക്കാം

പാല്‍ പ്രോട്ടീനിന്റെയും കാര്‍ബോഹൈഡ്രേറ്റിന്റെയും വിറ്റാമിനുകളുടെയും കലവറ ആയതിനാല്‍ ദിവസം രണ്ടു ഗ്ലാസ് വരെ ഉപയോഗിക്കാം. പാട നീക്കിയതിനു ശേഷമായിരിക്കണം ഉപയോഗിക്കേണ്ടത്. ഉലുവ ചതച്ചിട്ടുവച്ചിരുന്ന വെള്ളം, തക്കാളിയുടെ നീരും കുരുമുളകുപൊടിയും ചേര്‍ത്തത്, കുതിര്‍ത്തുവച്ച ബദാം പരിപ്പ് എന്നിവ പ്രമേഹരോഗത്തെ നിയന്ത്രിക്കുന്നതില്‍ ഒരു പരിധി വരെ സഹായകമാണ്.

ഒമേഗ 3 ഫാറ്റി ആസിഡ് പോലെ നല്ല കൊഴുപ്പ് അടങ്ങിയിരിക്കുന്ന ആഹാരങ്ങള്‍ പ്രമേഹരോഗിക്ക് ഗുണപ്രദമാണ്. ചെറുമത്സ്യങ്ങള്‍, കടല, കശുവണ്ടിപ്പരിപ്പ്, ബദാം പരിപ്പ്, കടുകെണ്ണ എന്നിവയില്‍ ഇവ സുലഭമായി ലഭിക്കും. ഇത്തരം കൊഴുപ്പുകള്‍ മോശം കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎലിനെ വര്‍ധിപ്പിക്കാത്തവയാണ്.

ഔഷധങ്ങളും ചികിത്സകളും

മഞ്ഞള്‍ പൊടിച്ച് നെല്ലിക്കാ നീരും തേനും ചേര്‍ത്തതില്‍ കലര്‍ത്തി രാവിലെ സേവിക്കുക. ചിറ്റമൃതിന്റെയോ നെല്ലിക്കയുടെയോ നീര് തേന്‍ ചേര്‍ത്ത് സേവിക്കുക.

വേങ്ങ, കരിങ്ങാലി മുതലായവയുടെ കാതല്‍ ചതച്ചിട്ട് തിളപ്പിച്ച വെള്ളം, ദര്‍ഭയുടെ വേര് ചതച്ചിട്ട് തിളപ്പിച്ച വെള്ളം, തേന്‍ ചേര്‍ത്ത വെള്ളം എന്നിവ കുടിക്കുക. ഇവയെല്ലാം വളരെ ലഘുവും എളുപ്പത്തില്‍ ചെയ്യാവുന്നതുമായ ഗൃഹൗഷധികളുമാകുന്നു.

ശരീരത്തില്‍ എണ്ണ, കുഴമ്പ് മുതലായവ ഉപയോഗിക്കാതെ ഔഷധ ചൂര്‍ണങ്ങള്‍ ഉപയോഗിച്ച് മേല്‍പോേയ്ക്ക് അമര്‍ത്തി തിരുമ്മുക(ഉദ്വര്‍ത്തനം), വ്യായാമം ചെയ്യുക എന്നിവ കഫത്തെയും ദുര്‍മേദസിനെയും ശമിപ്പിക്കുന്നവയാണ്.

പ്രമേഹരോഗത്തില്‍ ശ്രദ്ധിക്കേണ്ടവ

പ്രമേഹ രോഗത്തിനുള്ള ഔഷധങ്ങള്‍ ഓരോരോ അവസ്ഥകളില്‍ മാത്രം ഉപയോഗിക്കപ്പെടേണ്ടവയും, ഉപയോഗിക്കുന്നവയും ആയതിനാല്‍ സ്വയം പരീക്ഷണത്തിനു മുതിരരുത്. ഒരു ചികിത്സകന്റെ നിര്‍ദേശ പ്രകാരം മാത്രം യുക്തമായ ഔഷധങ്ങള്‍ കൊണ്ട് ചികിത്സിക്കണം.

അരി ഭക്ഷണത്തിന്റെ അളവ് പരമാവധി കുറച്ചു പകരം യവം, ഗോതമ്പ് എന്നിവ ഉപയോഗിക്കുക. പുളിരസ പ്രധാനമായ അച്ചാറുകള്‍ (നാരങ്ങ, മാങ്ങ) ഒഴിവാക്കുക.

ദിവസവും വ്യായാമം ചെയ്യണം. സൈക്കിള്‍ സവാരി ചെയ്യുക, നീന്തുക, കാര്‍ഷിക വൃത്തികളില്‍ ഏര്‍പ്പെടുക എന്നിവയില്‍ സൗകര്യപ്രദമായവ ശീലിക്കുക.

മാസത്തിലൊരിക്കലെങ്കിലും രക്തത്തിലെയും മൂത്രത്തിലെയും ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കണം. ആവശ്യമെങ്കില്‍ ട്രൈഗ്ലിസറൈഡ്, ആല്‍ബുമിന്‍, അസറ്റോണ്‍, രക്തസമ്മര്‍ദ്ദം എന്നിവയും പരിശോധിക്കണം.

ഡോ.ആര്‍ രവീന്ദ്രന്‍ ബിഎഎംഎസ്
അസി. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ദി ആര്യവൈദ്യ ഫാര്‍മസി (കോയമ്പത്തൂര്‍) ലിമിറ്റഡ് ബ്രാഞ്ച് സിഎംഎസ് കോളജ് റോഡ്, കോട്ടയം