വരുന്നൂ...കുതിരാനിൽ വിപ്ലവം
വരുന്നൂ...കുതിരാനിൽ വിപ്ലവം
വടക്കഞ്ചേരി–മണ്ണുത്തി ആറുവരിപ്പാത നിർമാണം യാഥാർഥ്യമാകുന്നതോടെ യാത്രക്കാരുടെ പേടിസ്വപ്നമായ കുതിരാൻ വളവുകളും കുപ്പിക്കഴുത്തുപോലെയുള്ള ഇരുമ്പുപാലവും ചരിത്രമാകും.

ഇവിടെ മറ്റു സമാന്തര പാതകളില്ലാത്തതിനാൽ രണ്ടു കിലോമീറ്റർ വരുന്ന കുതിരാനിലെ കുരുക്കുകൾ ഏറെ പ്രസിദ്ധമാണ്. അതിവർഷമുണ്ടായ 2007–ൽ കുതിരാൻ ക്ഷേത്രത്തിനുസമീപം മലയിടിഞ്ഞ് ഒരാഴ്ച ദേശീയപാതയിൽ വാഹനഗതാഗതം തടസപ്പെട്ടതോടെയാണ് കുതിരാനിലെ ദുർഘടയാത്ര അന്യസംസ്‌ഥാനക്കാർക്കും ഭീതിജനകമായത്. അന്ന് ചരക്കുലോറികൾ ദിവസങ്ങളോളം കുടുങ്ങി കിടന്നു. ഇപ്പോഴും ഒരു വാഹനം റോഡിൽ കേടുവന്നു കിട ന്നാൽ പിന്നെ അഴിയാക്കുരുക്കായി കുതിരാൻ യാത്ര മാറും.

കൊമ്പഴമുതൽ കുതിരാൻ കടന്നു വഴുക്കുംപാറ വരെയുള്ള ഭാഗം കടന്നുകിട്ടിയാൽ പിന്നെ രക്ഷപ്പെട്ടുവെന്നാണ് ഈ വഴി സ്‌ഥിരം യാത്ര ചെയ്യുന്നവർ പറയുക. മഴക്കാലമായാൽ ഈ ദുരിതയാത്രയുടെ പ്രഹരവും ഏറും.

ഭാരം താങ്ങി ഇരുമ്പുപാലവും ഇന്നു അവശതയിലാണ്. എത്രയോ തവണയാണ് ഇതിന്റെ കൈവരികൾ ഏച്ചുകെട്ടി നിർത്തിയിട്ടുള്ളത്. നന്നേ വീതികുറഞ്ഞ പാലമായതിനാൽ രണ്ടു വലിയ വാഹനം എതിർദിശകളിൽനിന്നും ഒന്നിച്ചു കയറിയാൽ പിന്നെ കൈവരികളിൽ തട്ടി ഏച്ചുകെട്ടിയഭാഗങ്ങളെല്ലാം താഴെ വീഴും. പക്ഷേ, പാലത്തിന്റെ അപ്പുറവും ഇപ്പുറവുമൊക്കെ എണ്ണിയാലൊടുങ്ങാത്ത അപകടങ്ങളും മരണങ്ങളും അരങ്ങേറിയപ്പോഴും ഇരുമ്പുപാലം ആരേയും ചതിച്ചിട്ടില്ല.

കുതിരാനിൽ തുരങ്കപ്പാതകൾ വന്നാൽ പിന്നെ ഇരുമ്പുപാലത്തിനും വിശ്രമിക്കാം. ട്വിൻട്യൂബ് ടണലുകൾ ഉൾപ്പെടെ രണ്ടുവർഷംകൊണ്ട് ആറുവരിപ്പാത നിർമാണം പൂർത്തിയാകുമെന്നാണ് പറയുന്നത്. ഇപ്പോൾ പണികൾക്കു വേഗതയും വർധിച്ചിട്ടുണ്ട്.

വേഗം കൂട്ടാൻ കൂടുതൽ വാഹനങ്ങൾ

വടക്കഞ്ചേരി–മണ്ണുത്തി ആറുവരിപ്പാത നിർമാണത്തിന് വേഗതയേറിയതോടെ റോഡുപണിക്കായി പ്രവർത്തിക്കുന്നത് ഇരുന്നൂറോളം വാഹനങ്ങൾ. ക്രെയിനുകൾ, എസ്ക്കവേറ്ററുകൾ, റോഡ് റോളറുകൾ, ജെസിബികൾ, ടിപ്പറുകൾ തുടങ്ങി മുപ്പതു കിലോമീറ്റർ ദൂരം എവിടേയും ദേശീയപാത വികസനത്തിന്റെ വാഹനങ്ങളാണ്.

ഇത്രയും വാഹനങ്ങൾ ഓരോ സ്‌ഥലത്തും വർക്ക് ചെയ്യുന്നതിനാൽ പൊള്ളുന്ന പകൽചൂടിനൊപ്പം പ്രദേശമാകെ പൊടിയും നിറയുന്നുണ്ട്. പാതയോരങ്ങളിലെ താമസക്കാരും കടക്കാരും ബസ് യാത്രക്കാരുമെല്ലാം പൊടിയിൽ മുങ്ങുന്ന സ്‌ഥിതിയാണിപ്പോൾ.

കുതിരാൻ തുരങ്കപാതയിലെ മണ്ണുനീക്കുന്നതിനു മാത്രം ഒരുഡനോളം വലിയ ജെസിബികളാണ് പ്രവർത്തിക്കുന്നത്. പാതയുടെ പലഭാഗത്തായി ചെറിയ ഇരുപതു ഡ്രില്ലിംഗ് യന്ത്രങ്ങളുമുണ്ട്.

മഴക്കാലത്തിനുമുമ്പ് പകുതിയോളം പണികളെങ്കിലും പൂർത്തിയാക്കണമെന്ന് കരാർ കമ്പനിക്ക് ധനസഹായം നല്കുന്ന ബാങ്കുകൾ കർശന നിർദേശം നല്കിയതിനെ തുടർന്നാണ് ഇടവേളയ്ക്കുശേഷം പണികൾക്ക് വേഗത വന്നിട്ടുള്ളത്.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016മുൃശഹ20ാമ3.ഷുഴ മഹശഴി=ഹലളേ>

കുതിരാനിൽ തുരങ്കത്തിലേക്കുള്ള പാലങ്ങളുടെ പണികൾക്കും വേഗത കൂടി. കുതിരാൻ ഇരുമ്പുപാലത്തിന് കിഴക്ക് പീച്ചിഡാമിന്റെ അധികജലം സംഭരിച്ചു നിർത്തുന്ന സംഭരണിക്കു മുകളിലൂടെയാണ് 430 മീറ്റർ നീളത്തിൽ രണ്ടുപാലങ്ങൾ നിർമിക്കുന്നത്. പാലങ്ങളുടെ പില്ലർ പണികൾ അന്തിമഘട്ടത്തിലായി. ഓരോ പാലത്തിനും ഒരു ഡസൻ പില്ലറുകളുണ്ട്.

ഇനിയും പണികൾക്ക് വേഗത വന്നില്ലെങ്കിൽ ധനസഹായം നല്കുന്നതിൽനിന്നും ബാങ്കുകൾ പിന്മാറുമെന്ന സ്‌ഥിതി വന്നതോടെയാണ് കരാർ കമ്പനിക്കും ചൂടുപിടിച്ചിട്ടുള്ളത്. ഇതുകൊണ്ടുതന്നെയാണ് പാറതുരപ്പൻ ബൂമർ യന്ത്രം നേരത്തെ സ്‌ഥലത്ത് ഇറക്കിയിട്ടുള്ളത്. ബൂമർ പാറതുരക്കൽ ആരംഭിച്ചാൽ മറ്റു തടസങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ എട്ടുമാസംകൊണ്ട് തുരങ്കപാതകളാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

കുതിരാനിൽ തുരങ്കപ്പാതയുടെ നിർമാണത്തിനായി പാറ തുരക്കുന്നതിനു ബൂമർയന്ത്രം എത്തിച്ചേർന്നു. ഒരാഴ്ചയ്ക്കുള്ളിൽ പണികൾ തുടങ്ങും. കുതിരാനിലെ ടണലുകൾ നിർമിക്കുന്ന പ്രഗതി എൻജിനീയറിംഗ് കമ്പനിയുടേതാണ് യന്ത്രം.

ആന്ധ്രാപ്രദേശിൽനിന്നും ട്രെയിലറിൽ മൂന്നുദിവസത്തെ യാത്രയ്ക്കുശേഷമാണ് രണ്ടാഴ്ച്ചമുമ്പ് ബൂമർ കുതിരാനിലെത്തിയത്. രണ്ടുമണിക്കൂർകൊണ്ട് തൊണ്ണൂറു ദ്വാരങ്ങളുണ്ടാക്കി ഹൈസ്പീഡിൽ പാറതുരക്കുന്ന യന്ത്രമാണിത്.

നാലുമീറ്റർ ആഴത്തിലുള്ള ദ്വാരങ്ങൾ മൂന്നു മീറ്ററിലാണ് പാറകൾ പൊളിക്കുകയെന്ന് പ്രഗതി എൻജിനീയറിംഗ് ആൻഡ് റെയിൽവേ പ്രോജക്ട് ലിമിറ്റഡ് കമ്പനി അധികൃതർ പറഞ്ഞു.

ദ്വാരങ്ങളുണ്ടാക്കി സാധാരണ കരിങ്കൽ ക്വാറികളിൽ മരുന്നുനിറച്ച് പാറപൊട്ടിക്കുന്നതു പോലെയാണ് ഇവിടെയും ചെയ്യുക. രണ്ടു ടണലുകളിൽ ഇടതുഭാഗത്തുള്ള ടണലിന്റെ പണിയാണ് ആദ്യം തുടങ്ങുന്നതെന്നും ടണലിന്റെ മറുഭാഗത്തെ പാറതുരക്കാൻ മറ്റൊരു ബൂമർയന്ത്രവും എത്തുമെന്ന് കരാർ കമ്പനിക്കാർ പറഞ്ഞു.

തുരങ്കപ്പാത നിർമാണം

ടണലുകളുടെ ഇരുഭാഗത്തും മുന്നിലായി നാല്പതു മീറ്ററിൽ സ്റ്റീൽ റിബ്സ് സ്‌ഥാപിച്ചാണ് തുരങ്കനിർമാണം. തുരങ്കങ്ങൾക്കുള്ളിൽ മണ്ണുള്ള സ്‌ഥലങ്ങളിലും ഇത്തരം സ്റ്റീൽ റിബ്്സ് സ്‌ഥാപിക്കും.

തുരങ്കപാതയ്ക്കുള്ളിൽ അപകടങ്ങളോ അത്യാഹിതങ്ങളോ ഉണ്ടായാൽ സുരക്ഷാ സംവിധാനമെന്ന നിലയിൽ രണ്ടു തുരങ്കപാതകൾ തമ്മിൽ ബന്ധിപ്പിക്കുന്ന വഴികളുണ്ടാകും. രണ്ടു തുരങ്കപാതകൾ തമ്മിൽ ഇരുപതു മീറ്ററാണ് അകലം. 915 മീറ്ററാണ് തുരങ്കപാതകളുടെ മൊത്തത്തിലുള്ള ദൂരം.

കേരളത്തിലെ ദേശീയപാതയിൽ ട്വിൻ ട്യൂബ് ടണലുള്ള ആദ്യത്തെ ആറുവരി തുരങ്കപാതയാകും കുതിരാനിലേത്. ഹിമാചൽ പ്രദേശിലെ കോൾഡാൻ പാതയിൽ പ്രഗതി കമ്പനി നിർമിച്ചിട്ടുള്ള ഇരട്ടക്കുഴൽ പാതയുടെ മാതൃകയിലാണ് ഇവിടെയും നിർമിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

ഒരു കിലോമീറ്ററോളം ദൂരം വരുന്ന രണ്ടു തുരങ്കപാതകൾക്കായി ആറുകോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. തുരങ്കം ആരംഭിക്കുന്ന ഇരുമ്പുപാലം ഭാഗത്ത് 80 മീറ്ററിൽ മണ്ണുമാറ്റിയാൽ പിന്നെ ഉറച്ച പാറയാണെന്നായിരുന്നു മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നത്. എന്നാൽ 140 മീറ്ററിൽ മണ്ണുനീക്കം ചെയ്തിട്ടും ഉറപ്പുള്ള പാറയായിട്ടില്ല. ഉറച്ച പാറയില്ലെങ്കിൽ കൂടുതൽ സ്റ്റീൽ റിബ്സുകൾ സ്‌ഥാപിക്കേണ്ടിവരും. ഇത് പാതകളും ഉറപ്പിനും ക്ഷീണമാകും.തുരങ്കം തുടങ്ങുന്ന ഇടതുഭാഗത്ത് പക്ഷെ എൺപതു മീറ്ററിൽ പാറ കണ്ടെങ്കിലും ഇതിനു മുകളിലേക്ക് തുടർച്ചയില്ല. ഇടയ്ക്ക് മണ്ണു വന്നിട്ടുണ്ട്.

ഈ പാറക്കെട്ട് ഇപ്പോൾ പൊളിച്ചു കളയുന്നില്ല. ബൂമർ പാറ തുരന്ന് കുതിക്കുമ്പോൾ ഉണ്ടാകുന്ന സ്ഫോടനത്തിന്റെ കാഠിന്യം കുറയ്ക്കാനാണ് ഈ പാറക്കൂട്ടം അവിടെ തന്നെ നിലനിർത്തുന്നത്. അതല്ലെങ്കിൽ പാറക്കല്ലുകൾ താഴേയ്ക്കു തെറിച്ച്് അപകടങ്ങളുണ്ടാകും.

ടണലുകളുടെ നിർമാണത്തിനാവശ്യമായ റിബ്സിന്റെ പണികൾ പുരോഗമിക്കുകയാണ്. ടണലുകളുടെ ഇരുഭാഗത്തും മുന്നിലായി 40 മീറ്ററിലാണ് സ്റ്റീലിന്റെയും ഇരുമ്പിന്റെയും റിബ്സുകൾ ആർച്ച് മാതൃകയിൽ സ്‌ഥാപിക്കുക.

മുംബൈ ആസ്‌ഥാനമായുള്ള ഈ കമ്പനിയാണ് മുംബൈ–പൂനെ ഹൈ സ്പീഡ് പാതയിലെ ബത്തൻ ടണൽ, ഹിമാചൽ പ്രദേശിലെ കോൾഡാൻ ട്വിൻ ട്യൂബ് ടണൽ തുടങ്ങിയവ നിർമിച്ചിട്ടുള്ളത്.

കുതിരാനിലെ തുരങ്കങ്ങളുടെ മണ്ണുള്ള സ്‌ഥലങ്ങളിൽ കൂടുതൽ സ്റ്റീൽ റിബ്സുകൾ സ്‌ഥാപിച്ചാണ് മേൽഭാഗം ഉറപ്പിക്കുന്നത്. ഇരുന്നൂറുകോടി രൂപയാണ് ഒരു കിലോമീറ്ററോളം ദൂരംവരുന്ന രണ്ടു തുരങ്കപാതകൾക്കായി ചെലവു പ്രതീക്ഷിക്കുന്നത്. അഞ്ചുവർഷംമുമ്പുള്ള എസ്റ്റിമേറ്റാണിത്. തുരങ്കങ്ങളിലേക്കുള്ള രണ്ടു പാലങ്ങളുടെ പണികൾക്കും ഇപ്പോൾ വേഗതയുണ്ട്. 29 കിലോമീറ്റർ വരുന്ന വടക്കഞ്ചേരി–മണ്ണുത്തി ആറുവരിപാതയിലെ പ്രധാന പ്രവൃത്തിയും കുതിരാനിലെ ടണലുകളുടെ നിർമാണം തന്നെയാണ്.

വടക്കഞ്ചേരി റോയൽ ജംഗ്്ഷൻ ഉൾപ്പെടെയുള്ള സ്‌ഥലങ്ങളിൽ ഫ്ളൈ ഓവറുകളുടെ പണികളും തുടങ്ങി. റോഡുവികസനത്തിന് സ്പീഡുള്ളതിനാൽ രണ്ടുവർഷത്തിനുള്ളിൽ ആറുവരിപാത സാക്ഷാത്കരിക്കാനാകുമെന്നാണ് പ്രതീക്ഷ.