വൺ, ടു, ത്രീ... ചെങ്ങന്നൂർ നടുങ്ങി
വൺ, ടു, ത്രീ... ചെങ്ങന്നൂർ നടുങ്ങി
മനസാക്ഷിയെ ഞെട്ടിച്ച മൂന്നു കൊലപാതകങ്ങൾക്ക് ചെങ്ങന്നൂർ സാക്ഷിയായി. ചാക്കോ വധം മുതൽ ജോയി വധത്തിൽ വരെ എത്തിനിൽക്കുന്നു സംഭവങ്ങൾ. മൂന്ന് കൊലപാതകങ്ങളിലും സമാനമായ ലക്ഷ്യങ്ങളായിരുന്നു പ്രതികൾക്കുണ്ടായിരുന്നതെന്നത് ഒരു വലിയ പ്രത്യേകതയാണ്.1984ൽ നടന്ന ചാക്കോ വധത്തിൽ സുകുമാരക്കുറുപ്പ് ലക്ഷ്യം വെച്ചത് തന്റെ പേരിലുള്ള ഇൻഷുറൻസ് പോളിസി തുക തട്ടിയെടുക്കുകയെന്നതായിരുന്നു. എന്നാൽ 2009ൽ നടന്ന ഭാസ്കരകാരണവർ വധത്തിലും ഇക്കഴിഞ്ഞ 25ന് നടന്ന ജോയി.പി.ജോൺ വധത്തിലും സ്വത്തുക്കൾ കൈവിട്ടുപോകുമോ എന്ന ഭയവും ഇവരോടുള്ള വെറുപ്പുമാണ് കൊലപാതകങ്ങൾക്ക് കാരണമായത്. മൂന്ന് സംഭവങ്ങളിലും പണത്തിനോ സ്വത്തിനോ വേണ്ടി നിരപരാധികളെ നിഷ്ഠൂരം കൊലചെയ്യുകയായിരുന്നു. മൂന്ന കേസിലേയും പ്രതികളുടെ പേരിന്റെ ആദ്യാക്ഷരം എസ് എന്ന ഇംഗ്ലീഷ് അക്ഷരമാണെന്നതും ഇവർ മൂവരുടേയും സാമ്യതയെ വെളിപ്പെടുത്തുന്നു. ഭാസ്കരകാരണവർ വധത്തിൽ ഷെറിനും കൂട്ടാളികളും പിടിയിലായി ജോയി.പി.ജോൺവധത്തിൽ മകനായ ഷെറിനും പിടിയിലായി. എന്നാൽ ചാക്കോ വധത്തിൽ കൂട്ടാളികൾ പിടിയിലായെങ്കിലും സുകുമാരക്കുറുപ്പ് മാത്രം എന്നും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

1984 ജനുവരി 22ന് രാവിലെ ചെങ്ങന്നൂർ ഉണരുന്നത് ചെറിയനാട്ടെ പ്രശസ്തനായ ധനികൻ സുകുമാരക്കുറുപ്പ് കാർ അപകടത്തിൽ മരിച്ചുവെന്ന വാർത്തയറിഞ്ഞാണ്. നിരവധിയാളുകൾ അവിടെ ഓടിക്കൂടി. കത്തിക്കരിഞ്ഞ മൃതദേഹവുമായി ഒരുകാർ കുന്നം കൊല്ലകടവ് പാലത്തിൽ ഇപ്പോളത്തെ ചാക്കോ റോഡിൽ വയലിലേക്കിറങ്ങി കിടക്കുന്നു. കൂടിയ ആളുകൾ കാറിന്റെ നമ്പർ നോക്കി മരിച്ചത് സുകുമാരക്കുറുപ്പെന്ന് ഉറപ്പിച്ചു. എന്നാൽ അവിടെ നിന്നു രണ്ട് ഗ്ലൗസുകളും തീപ്പെട്ടിയും പെട്രോൾ വീണതുപോലെയുള്ള പാടുകളും കണ്ടെത്തിയത് ഇതൊരു കൊലപാതകമാണെന്ന സംശയത്തിലേക്ക് എത്തിച്ചു. കൊലപാതകം എന്നരീതിയിൽ കേസ് അന്വഷണമാരംഭിച്ചു. ചില പൊരുത്തക്കേടുകൾ കേസിന്റെ ആദ്യഘട്ടിൽ തന്നെ പോലീസ് ഉദ്യോഗസ്‌ഥർക്കു തോന്നിയിരുന്നു. ഉടൻ തന്നെ സുകുമാരക്കുറുപ്പിന്റെ ഭാര്യാസഹോദരിയുടെ ഭാർത്താവ് ഭാസകരപിള്ളയെയും വിശ്വസ്തനായ ഡ്രൈവർ പൊന്നപ്പനെയും ഇയാളുടെ സഹായി ഷാഹുവിനേയും പോലീസ് അറസ്റ്റ് ചെയ്തു ഇവരുടെ ദേഹത്തുണ്ടായ പൊള്ളൽ പാടുകൾ കണ്ടാണ് അറസ്റ്റ്. ഇവരെ ചോദ്യംചെയ്തതിൽ പോലീസിന് സുകുമാരക്കുറുപ്പല്ല മരിച്ചതെന്ന് മനസിലായി. പിന്നീട് നടന്ന അന്വേഷണങ്ങൾക്കൊടുവിൽ ഫിലിം റെപ്രസന്റേറ്റീവ് ആയിരുന്ന ചാക്കോ ആണ് കൊല്ലപ്പെട്ടതെന്ന് മനസിലാകുകയുമായിരുന്നു. കേസിൽ പ്രതിയായ സുകുമാരക്കുറുപ്പിന്റെ സഹായിയും ഗൾഫിലെ കമ്പനിയിലെ പ്യൂണുമായിരുന്ന ഷാഫിയുടെ മൊഴിയാണ് കേസിൽ ഇവർ കുടുങ്ങാൻ കാരണമായത്. അതുകൂടതെ കൊലപാതകത്തിന് ശേഷം ചിലർ സുകുമാരക്കുറുപ്പിനെ കണ്ടു എന്ന് സാക്ഷിയും പറഞ്ഞിരുന്നു.1984 ജനുവരി 21നാണ് കൊലപാതകത്തിന് കാരണമായ സംഭവം. സുകുമാരക്കുറുപ്പ് നഴ്സായ ഭാര്യക്കൊപ്പം ഗൾഫിൽ ജോലിചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് വലിയ സമ്പന്നനാകണമെന്ന് ആഗ്രഹമുണ്ടായത്. ഇതിനെ തുടർന്ന് ഇയാൾ ഇന്ത്യൻ രൂപ 30ലക്ഷം വരുന്ന ഒരു ഇൻഷുറൻസ് പോളിസി എടുത്തു.തുടർന്ന് താൻ മരിച്ചുവെന്നു കാണിച്ച് 8 ലക്ഷം രൂപ തട്ടി സുഭിക്ഷമായി ജീവിക്കുകയായിരുന്നു ലക്ഷ്യം അതിനായി സുകുമാരക്കുറുപ്പും, അളിയനായ ഭാസ്കരപിള്ളയും,ഡ്രൈവർ പൊന്നപ്പനും, സുകുമാരക്കുറുപ്പിന്റെ സഹായിയായ പ്യൂണും ചേർന്ന് ഗൂഢാലോചന നടത്തി. സുകുമാരക്കുറുപ്പിന്റെ സാമ്യമുള്ള ഒരാളെ കണ്ടെത്തി കൊലപ്പെടുത്തി ഇൻഷുറൻസ് തുക തട്ടുകയും പങ്കിട്ടെടുക്കുകയുമായിരുന്നു ഇവരുടെ ലക്ഷ്യം.

സംഭവദിവസം രാവിലെ ഇവർ ആലപ്പുഴയ്ക്കു സമീപമുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്ന് ഇതിനായി രണ്ടു കാറുകളിലായി യാത്രതിരിച്ചു. എന്നാൽ ഓച്ചിറവരെ എത്തിയിട്ടും സാമ്യമുള്ള ആരെയും കണ്ടെത്താൻ ഇവർക്കായില്ല. തിരികെ പോകവെ കരുവാറ്റയിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ.വൈ 5959 എന്ന കാറിന് ഒരാൾ കൈകാണിച്ചു. അകത്തിരുന്നവർ നോക്കിയപ്പോൾ സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാൾ, ഉടൻതന്നെ അവർ ഇയാളെ കാറിൽ കയറ്റി കൊല്ലപ്പെട്ട ചാക്കോയായിരുന്നു അത്. കുടിക്കാനായി ബ്രാണ്ടി നൽകിയെങ്കിലും ഇതുകുടിക്കാൻ തയ്യാറാകാഞ്ഞ ചാക്കോയെ ഇവർ നിർബന്ധിച്ച് ഈതർ കലർത്തിയ മദ്യം കുടിപ്പിച്ചു. തുടർന്ന സുകുമാരകുറുപ്പും സംഘവും ചേർന്ന് ഇയാളെ വകവരുത്തുകയും ചെറിയനാട്ടെ വീട്ടിൽ എത്തിച്ചശേഷം രാത്രിയോടെ മൃതദേഹത്തിൽ സുകുമാരക്കുറുപ്പിന്റെ വസ്ത്രങ്ങൾ അണിയിക്കുകയും ചാക്കോയുടെ മൃതദേഹം കുളിമുറിയൽ എത്തിച്ച് കത്തിച്ച് നശിപ്പിക്കുകയും ചാക്കോറോഡിൽ എത്തിച്ച് കെ.എൽ.വൈ 7831 എന്ന കാറിന്റെ മുൻസീറ്റിലിരുത്തി പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. എന്നാൽ സംഭവസമയം ഗ്ലൗസ് ഇവിടെനിന്നെടുത്ത് മറ്റാൻ മറന്നു പോയതാണ് പ്രതികളെ പിടികൂടാനുണ്ടായ കാരണം. കൊല്ലപ്പെടുമ്പോൾ ചാക്കോയുടെ ഭാര്യ ആറുമാസം ഗർഭിണിയായിരുന്നു. ഒന്നും രണ്ടും പ്രതികൾക്ക് ജീവപര്യന്തം അന്ന് ലഭിച്ചിരുന്നു. എന്നാൽ സുകുമാരക്കുറുപ്പിനെ സംഭവത്തിന് ശേഷം കേസാരംഭിച്ചതോടെ ആരും കണ്ടിട്ടില്ല. 1995ലും, 2001ലും, 2006ലും പലയിടങ്ങളിലായി പോലീസ് സമാനതകളുള്ള ആളുകളെ കണ്ട് തിരക്കി പോയിരുന്നെങ്കിലും കണ്ടുകിട്ടിയില്ല.സുകുമാരക്കുറുപ്പ് ഇന്നും ഒരു ചോദ്യചിഹ്നമായി കേരളാ പോലീസിന്റെ ഫയലിൽ വിശ്രമിക്കുകയാണ്.ഇതായിരുന്നു ആദ്യമായി ചെങ്ങന്നൂരിനെ ഞെട്ടിച്ച സംഭവം.

രണ്ടാമതായുണ്ടായതാണ് കാരണവേഴ്സ് വില്ലയിൽ ഭാസ്കര കാരണവർ കൊലപാതകം. 2009 നവംബർ 7നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. അമേരിക്കൻ മലയാളിയായ ഭാസ്കര കാരണവരെ(68) മരുമകളും സുഹൃത്തുക്കളും ചേർന്ന് വകവരുത്തുകയായിരുന്നു. മകന്റെയും മരുമകളുടെയും കൊച്ചുമകളുടെയും പേരിൽ എഴുതിവെച്ച ആധാരം റദ്ദ് ചെയ്തുവെന്നതാണ് കൊലപാതകത്തിനുണ്ടായ കാരണം.ഷെറിന്റെ വഴിവിട്ട ജീവിതമാണ് ഇങ്ങനെ പ്രവർത്തിക്കാൻ കാരണവരെ പ്രേരിപ്പിച്ചത്. വിദേശ മലയാളിയായ ഭാസ്കരകാരണവർ അമേരിക്കയിൽ നിന്നു തിരികെയെത്തി വിശ്രമജീവിതം നയിച്ചു വരുകയായിരുന്നു.ആയിടയ്ക്കാണ് നിർധന കുടുംബത്തിൽ നിന്നും തന്റെ ഭിന്നശേഷിയുള്ള മകന്റെ ഭാര്യയായി എത്തിയ ഷെറിനെ സ്വത്തും കാര്യവുമെല്ലാമേൽപ്പിച്ചത്. എന്നാൽ ഷെറിന്റെ ആഡംബര ജീവിതം കണ്ടും വഴിവിട്ട നടപ്പു കൊണ്ടും എല്ലാം നഷ്‌ടമാകുമെന്ന പേടിയിൽ ഇയാൾ വസ്തുക്കൾ ഇവർക്കായി എഴുതിക്കൊടുത്ത പ്രമാണം റദ്ദ് ചെയ്യുകയായിരുന്നു.അന്ന് ഷെറിനും കൊച്ചുമകൾക്കുമായി ആഹാരവും മറ്റും വാങ്ങിക്കൊടുത്ത് വിശ്രമിക്കാനായി മുറിയിലേക്ക് കയറിയ ഭാസ്കര കാരണവരെ ഉറക്കത്തിനിടെ മരുമകളായ ഷെറിൻ പറഞ്ഞതനുസരിച്ച് ഷെറിന്റെ കാമുകനായ രണ്ടാംപ്രതിയും സുഹൃത്തുക്കളും ചേർന്ന് വകവരുത്തുകയായിരുന്നു. കുറിച്ചി സചിവോത്തമപുരം കാലായിൽ ബിബീഷ് ബാബു എന്ന ബാസിത് അലി(25), കളമശേരി ബിനാനിപുരം കുറ്റിനാട്ടുകര നിധിൻ നിലയത്തിൽ നിധിൻ(ഉണ്ണി–28), കൊച്ചി ഏലൂർ പാതാളം പാലത്തിങ്കൽ ഷാനുറഷീദ്(24) എന്നിവർ ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നിവയായിരുന്നു പ്രതികൾക്കെതിരേ ചുമത്തിയിരുന്ന കുറ്റങ്ങൾ.പ്രായം പരിഗണിച്ച് മാത്രമാണ് അന്ന് പ്രതികളെ പരമാവധി ശിക്ഷയായ വധശിക്ഷയിൽ നിന്ന് ഒഴിവാക്കി ജീവപര്യന്തമാക്കിയതെന്ന് കോടതി വ്യക്‌തമാക്കിയിരുന്നു.ഭാസ്കര കാരണവർ കൊല്ലപ്പെട്ടതിന് ശേഷം സംശയങ്ങളുടെ അടിസ്‌ഥാനത്തിൽ മരുമകൾ ഷെറിൻ പിടിയിലായതോടെ കൊലപാതകത്തിന്റെ ചുരുൾ അഴിയുകയായിരുന്നു. ഇനിയൊരു സംഭവമുണ്ടാകാതിരിക്കട്ടെയെന്ന നാട്ടുകാരുടെ പ്രാർഥനയെ മറികടന്നാണ് ചെങ്ങന്നൂരിനെ വീണ്ടും വിറപ്പിച്ച് അമേരിക്കൻ മലയാളിയായ ജോയി പി.ജോണിനേയും മകനേയും കാണാതായെന്ന വാർത്തയും അവരുടെ ഉടമസ്‌ഥതയിലുള്ള ഗോഡൗണിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തെന്നുള്ള അഭ്യുഹവും പടർന്നത്.തുടർന്ന നാട്ടുകാരിലെ ചങ്കിടിപ്പ് വർധിപ്പിക്കുന്ന വിധത്തിലായിരുന്നു. പിതാവിനെ മകൻ നിർദാക്ഷിണ്യം കൊലപ്പെടുത്തിയ കഥ ലോകമറിയുന്നത്.

കഴിഞ്ഞ മാസം 25ന് രാവിലെയാണ് കാറിന്റെ എ.സി. നന്നാക്കുന്നതിനായി തിരുവനന്തപുരത്തേക്ക് പോയിരുന്ന ചെങ്ങന്നൂർ വാഴാർ മംഗലത്ത് ഉഴത്തിൽ ജോയി.പി.ജോണിനേയും മകനായ ഷെറിൻ ജോണിനേയും കാണനില്ലായെന്ന ജോയിയുടെ ഭാര്യ മറിയാമ്മയുടെ പരാതി ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലെത്തുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ അമ്മയെ 27ന് രാവിലെ ഷെറിൻ വിളിച്ച് ഒരു അബദ്ധം പറ്റിയെന്ന് പറഞ്ഞ ശേഷം ഫോൺ ഓഫാകുന്നു. ഇതോടെ അന്വേക്ഷണം ഷെറിനിലേക്ക് തിരിഞ്ഞു.25ന് ഇവരുടെ ഉടമസ്‌ഥതയിലുള്ള സ്കോഡ കാറിന്റെ എ.സി കേടായതിനെ തുടർന്ന് നന്നാക്കാനായി പോകുവാൻ ജോയി മകനായ ഷെറിന്റെ സഹായം തേടി. ബുക്ക് ചെയ്താലെ സർവീസിംഗ് നടക്കൂ എന്നറിയാമായിരുന്ന ഷെറിൻ മനഃപൂർവ്വം സർവീസിംഗ് ബുക്ക് ചെയ്തിരുന്നില്ല. തിരുവനന്തപുരത്തെത്തിയ ഇരുവരും തിരികെ മടങ്ങേണ്ടി വന്നു. 12.30 ഓടെ തിരുവനന്തപുരത്തുനിന്നും വാഹനവുമായി ചെങ്ങന്നൂരിലേക്ക് അവർ യാത്ര തുടർന്നു. യാത്രയിൽ പിതാവുമായി ചില തർക്കങ്ങൾ ഉണ്ടായി. സ്വത്ത് സംബന്ധിച്ചും മറ്റുമുള്ളതായിരുന്നു അത്.വാഹനം 4.30 ഓടെ ചെങ്ങന്നൂരിലെ മുളക്കുഴ ഭാഗത്തെത്തുന്നു. അപ്പോൾ ജോയിയുടെ ഭാര്യ മറിയാമ്മ ജോയിയുടെ ഫോണിലേക്ക് വിളിച്ചിരുന്നു. ഇവർ മുളക്കഴയിലെത്തിയതായി പറഞ്ഞു. ശേഷം മുളക്കുഴയിലെ ഊരിക്കടവ് ഭാഗത്ത് വാഹനം നിർത്തുകയും കൈയിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് നാലു തവണ പിതാവിന്റെ തലയിലേക്ക് ഷെറിൻ നിറയൊഴിക്കുകയുമായിരുന്നു. ഇതിനുശേഷം മൃതദേഹം ടൗവലിട്ടുമൂടി തിരുവല്ലയിലേക്ക കൊണ്ടുപോയി ഷെറിൻ താമസിച്ചിരുന്ന ക്ലബ് സെവനിൽ വാഹനം ഇരുട്ടത്ത് ഒളിപ്പിച്ചശേഷം തിരികെ സമീപത്തുള്ള പെട്രോൾ പമ്പിൽ നിന്നു പെട്രോൾ വാങ്ങി ചെങ്ങന്നൂരിൽ ഇവരുടെ ഉടമസ്‌ഥതയിലുള്ള ഗോഡൗണിൽ എത്തുകയും ഇതിനുള്ളിൽ തന്നെ വാഹനം പാർക്ക് ചെയ്തശേഷം മൃതദേഹം അവിടെ കിടന്നിരുന്ന ടിൻഷീറ്റിലേക്ക് വലിച്ചിട്ടു.പെട്രോൾ ഒഴിച്ചു. ഇതിന് പുറത്തായി മറ്റൊരു ടിൻഷീറ്റുകൂടി വലിച്ചിട്ടു. 10ലിറ്റർ പെട്രോൾ ഒഴിച്ചു കത്തിക്കുവാൻശ്രമിച്ചിട്ടും കത്താഞ്ഞതിനെ തുടർന്ന് വീണ്ടും പെട്രോൾ പമ്പിൽ പോയി പത്ത് ലിറ്റർ കൂടി വാങ്ങി. എന്നാൽ 3 ലിറ്റർ വീണ്ടുമൊഴിച്ചപ്പോഴേക്കും ജ്വാലകൂടിയതു കണ്ട ഷെറിന് എം സാൻഡ് വാരി ഇതിലേക്ക് ഇട്ട് തീ കെടുത്തുകയും കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മാംസം മുറിച്ച് സ്റ്റോർ റൂമിൽ നിന്നു തൂമ്പായെടുത്ത് എല്ലുകൾ തല്ലി ഒടിക്കുകയുമായിരുന്നു. കൈകൾ,കാലുകൾ, ശരീരം, തല എന്നിവ ആറ് ഭാഗങ്ങളാക്കി രണ്ട് കൈകളും വലതുകാലും ഒരു പോളിത്തീൻ കവറിലിട്ടു, തുടർന്ന് തല, ഇടതുകാൽ, ഉടൽ എന്നിവ വിവിധ പ്ലാസ്റ്റിക് കവറുകളിലാക്കി കൈകളുംവലതുകാലും ആറാട്ടുപുഴപാലത്തിൽ നിന്നും ഇടതുകാൽ മിത്രപ്പുഴ കടവ് പാലത്തിലും തല ചിങ്ങവനത്തും, ഉടൽ ചങ്ങനാശേരി വെരൂരിലും കൊണ്ടു തള്ളുകയുമായിരുന്നുവെന്നാണ് പോലീസിനോട് പ്രതി വ്യക്തമാക്കിയിട്ടുള്ളത്.

ഷെറിന് മാതൃകാപരമായ ശിക്ഷ ലഭിക്കണമെന്നാണ് ചെങ്ങന്നൂർ നിവാസികളുടെ ആഗ്രഹം. ഇനിയും ഞെട്ടലോടെ ഉണരേണ്ടി വരേണ്ട ഒരു പ്രഭാതം ഉണ്ടാകരുതേയെന്ന പ്രർത്ഥനയോടെയാണ് ചെങ്ങന്നൂർ നിവാസികളുടെ ഓരോ ദിവസത്തെ ഉറക്കവും.

<യ> –യു.ആർ.മനു മാവേലിക്കര