പലരും പറഞ്ഞു പറ്റിച്ചു
Sunday, April 30, 2023 2:46 PM IST
തെന്നിന്ത്യൻ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ഭൂമിക ചൗള. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഭോജ്പുരി, മലയാളം തുടങ്ങി എല്ലാ ഭാഷകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് നടി. ബോളിവുഡിലും നിരവധി ചിത്രങ്ങളിൽ ഭൂമിക തിളങ്ങിയിരുന്നു.

തനിക്ക് ഓഫർ തന്ന പല വേഷങ്ങളും പിന്നീടു നൽകാതെ കബളിപ്പിച്ചു എന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഭൂമിക. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ബോളിവുഡ് ചിത്രമായ ജബ് വീ മെറ്റിൽ തന്നെ കാസ്റ്റ് ചെയ്തിരുന്നുവെന്നും എന്നാൽ പിന്നീട് തനിക്ക് ആ അവസരം നഷ്ടമായെന്നും ഭൂമിക വെളിപ്പെടുത്തിയിരുന്നു.

ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര, രൺവീർ സിംഗ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ സഞ്ജയ് ലീല ബൻസാലിയുടെ ഹിറ്റ് ചിത്രമായ ബജ്റാവു മസ്താനിയിലും തന്നെ ആദ്യം കാസ്റ്റ് ചെയ്തിരുന്നുവെന്ന് ഭൂമിക പറയുന്നു.

2015 ൽ പുറത്തിറങ്ങിയ ഈ ചിത്രം ഗംഭീര ഹിറ്റായി മാറിയിരുന്നു. ഈ സിനിമയിൽ ഒരു വേഷം ആദ്യം തനിക്കാണ് ലഭിച്ചിരുന്നത് എന്നാണ് ഭൂമിക പറയുന്നത്. കഥാപാത്രത്തിന് വേണ്ടിയുള്ള സ്ക്രീൻ ടെസ്റ്റ് വരെ നടത്തിയിരുന്നെന്നും എന്നാൽ പിന്നീട് തനിക്ക് ആ വേഷം ലഭിക്കാതെ പോവുകയായിരുന്നു എന്നുമാണ് നടി പറയുന്നത്. വർഷങ്ങൾക്ക് മുൻപായിരുന്നു ഇത്. എന്നാൽ കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ കാര്യങ്ങൾ മാറി മറിഞ്ഞു.

തേരേ നാം എന്ന ചിത്രത്തിൽ ശേഷമായിരുന്നു എന്‍റെ സ്ക്രീൻ ടെസ്റ്റ് നടന്നത്. അദ്ദേഹത്തിന്‍റെ രീതിയിൽ അന്ന് ഒരു ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. അന്നൊരു സിൽക്ക് സാരിയായിരുന്നു ഞാൻ ധരിച്ചിരുന്നത്. ആ ഫോട്ടോ ഷൂട്ടിനിടയിൽ എന്‍റെ സാരിക്ക് തീപിടിച്ചു. ഷൂട്ടിന്‍റെ ഭാഗമായി എന്‍റെ കൈയിൽ അവർ ഒരു ചിരാത് നൽകിയിരുന്നു. അത് മറിഞ്ഞ് എന്‍റെ സാരിയിലേക്ക് വീഴുകയായിരുന്നു. അതിലെ എണ്ണയും തിരിയുമൊക്കെ ദേഹത്തേക്ക് വീണു. പിന്നീട് ആ സിനിമയിലേക്കും വിളിച്ചില്ലെന്നു ഭൂമിക പറഞ്ഞു.

അതുപോലെ ഹിറ്റായ മുന്ന ഭായ് എംബിബിഎസ് എന്ന ചിത്രത്തിലും തന്നെ തേടി ഒരു വേഷമെത്തിയിരുന്നെങ്കിലും അതും നടന്നില്ല. നേരത്തെ ഒരഭിമുഖത്തിലും ബോളിവുഡിൽ നിന്ന് തനിക്ക് നല്ല വേഷങ്ങൾ ലഭിക്കാതെ പോയെന്ന് ഭൂമിക പറഞ്ഞിട്ടുണ്ട്. തനിക്ക് നല്ലൊരു പിആറോ മറ്റോ ഇല്ലാത്തതുകൊണ്ടാകാം അങ്ങനെ സംഭവിച്ചതെന്നാണ് ഭൂമിക പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.