തിരുത്താൻ ആഗ്രഹിക്കുന്ന കാര്യം
Friday, November 18, 2022 11:50 AM IST
സിനിമകളിൽനിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയ സമയത്ത് ഒരു ടെലിവിഷൻ പരിപാടിയിൽ തന്‍റെ കരിയറിലെ പല സംഭവങ്ങളെക്കുറിച്ചും മീരാ ജാസ്മിൻ തുറന്നു പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്. സിനിമകൾക്ക് പുറകെ പോയി മീര തന്‍റെ കഴിഞ്ഞ പത്ത് വർഷം കളഞ്ഞു കുളിച്ചോ എന്ന അവതാരകന്‍റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മീര.

അങ്ങനെ ഞാൻ പറയില്ല. പക്ഷെ എനിക്ക് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള പല സിനിമകളും എനിക്ക് ചെയ്യാൻ പറ്റിയിട്ടില്ല. എനിക്ക് ഇഷ്ടപ്പെട്ട, എനിക്ക് നൂറ് ശതമാനം ഗംഭീരമായി ചെയ്യാൻ കഴിയുമെന്നുള്ള സിനിമകൾ ചെയ്യാൻ പറ്റിയിട്ടില്ല.

ഞാൻ സന്തോഷവതിയല്ലേ എന്നൊരു ചോദ്യം ചോദിച്ചാൽ, എന്‍റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചിട്ടുണ്ടോ, അതിപ്പോൾ കരിയർ ആയാലും വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടത് ആണെങ്കിലും ഈ നിമിഷം വരെ സംഭവിച്ചേക്കുന്ന കാര്യങ്ങളിൽ എനിക്ക് ഒരു നഷ്ടബോധവും ഇല്ല.

എന്‍റെ ജീവിതത്തിൽ ഞാൻ വളരെയധികം സന്തോഷവതിയാണ്. മൊത്തത്തിൽ നോക്കുമ്പോൾ ഞാൻ വളരെ ഹാപ്പിയാണ്. പക്ഷെ ചെറിയ ചെറിയ ഭാഗങ്ങളായി നോക്കിയാൽ ചില പ്രശ്നങ്ങളുണ്ട്,'

ആ കാലത്ത് വളരെയധികം സമ്മർദ്ദം അനുഭവിച്ചിട്ടുണ്ട്. ഒരു സിനിമ ചെയ്ത് തീരുന്നതിന് മുന്നേ അടുത്ത സിനിമ ഏതാണെന്ന ചോദ്യം വരും. സിനിമ ഇല്ലെന്ന് നമ്മൾ പറഞ്ഞാൽ അത് ഒരു നാണക്കേട് പോലായി. അത് ഒരു തെറ്റാണ്. എന്‍റെ ജീവിതത്തിലേക്ക് ഇനി ഒരു തിരിച്ചുപോക്ക് ഉണ്ടെങ്കിൽ ഞാൻ ആദ്യം തിരുത്താൻ ആഗ്രഹിക്കുന്ന കാര്യം അതാണ്. ഒരു സിനിമ ചെയ്തു കൊണ്ട് ഇരിക്കുമ്പോൾ അടുത്ത സിനിമ ഇല്ലെന്ന് പറയാനുള്ള നാണക്കേട് മാറ്റണം.

അങ്ങനെയാണെങ്കിൽ ആ താരത്തിന് നല്ലൊരു ആക്ടറായി വളരാൻ കഴിയും. നല്ല സിനിമകൾ ലഭിക്കും. ഒന്നിന് പുറകെ ഒന്ന് എന്ന സിനിമകൾ ചെയ്യുന്നത് ഒരു ഹരമായിട്ടാണ് അന്ന് തോന്നിയത്. എന്നാൽ അത് അങ്ങനെയല്ല. നമ്മൾ വലിയൊരു അപകടത്തിലേക്കാണ് പോകുന്നത്.

ആദ്യമൊക്കെ രസമായിരിക്കും എന്നാൽ അവസാനം ആകുമ്പോൾ അത് മാറും. ആ ഒരു സമയത്ത് നമുക്ക് ഫെയിം, പണം, ആക്ടർ എന്ന നിലയിലുള്ള സംതൃപ്തി അങ്ങനെ എല്ലാം വേണം. അതാണ് സത്യം. ഇന്ന് മനസിന് സന്തോഷം, സമാധാനം അതൊക്കെയാണ് പ്രയോറിറ്റി. എന്‍റേതായ സമയം ഞാൻ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. അതൊന്നും പണ്ട് കിട്ടിയിട്ടില്ല- മീര ജാസ്മിൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.