ചുവപ്പിന്‍റെ രാജപ്രൗഡി,മരതകത്തിന്‍റെ തിളക്കം,വിവാഹദിനത്തില്‍ നയന്‍താര സുന്ദരിയായതിങ്ങനെ
Friday, June 10, 2022 10:52 AM IST
വിവാഹദിനത്തില്‍ അതിസുന്ദരിയായി ആരാധകരുടെ മനം കവര്‍ന്ന നയന്‍താരയുടെ വിവാഹവസ്ത്രത്തെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. രാജകുമാരിയെപോലെ വിവാഹവേദിയിലേക്ക് എത്തുന്ന നയന്‍താരയുടെ ചിത്രം ഇന്നലെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇടനാഴിയിലൂടെ നീ കല്യാണപെണ്ണായി വരുന്നതും കാത്ത് ഞാന്‍ ആവേശത്തോടെ നോക്കിയിരിക്കുകയാണെന്ന് വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വിഗേനേഷ് ശിവന്‍ കുറിച്ച വരികള്‍ പോലെ തന്നെയായിരുന്നു നയന്‍താര.



പാരമ്പരാഗത ശൈലിയും മോഡേണ്‍ എലമന്‍റുകളും ഒരുപോലെ സമന്വയിപ്പിച്ചാണ് നയന്‍താരയുടെ വസ്ത്രങ്ങള്‍ ഒരുക്കിയത്. ചുവപ്പ് നിറത്തിലുള്ള ഹാന്‍ഡ് ക്രാഫ്റ്റ് സാരിയിലാണ് നയന്‍ തന്‍റെ പ്രൗഡഗംഭീരമായ ചടങ്ങിലേക്ക് എത്തിയത്.
ഹൊയ്സാള ക്ഷേത്രത്തിലെ കൊത്തുപണികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള എംബ്രോഡറിയാണ് സാരിയില്‍ നല്‍കിയത്. റൗണ്ട് നെക്കും ഫുള്‍ സ്ലീവുമാണ് ബൗസില്‍ നല്‍കിയത്. സ്ലീവില്‍ ലക്ഷ്മിദേവിയെ പ്രതിനിധാനം ചെയ്യുന്ന മോട്ടിഫ്സും നല്‍കിയിട്ടുണ്ട്.



പാരമ്പര്യത്തോടുള്ള നടിയുടെ സ്നേഹത്തിനുള്ള ആദരമായിട്ടാണ് ഈ ഡിസൈന്‍ ചെയ്തത്. ദമ്പതികളുടെ പേര് സാരിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. പ്രതിബദ്ധത, പരസ്പര ബഹുമാനം, ഒത്തൊരുമ എന്നിവയാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്.



മരതകം കൊണ്ടുള്ള ആഭരണങ്ങളാല്‍ തിളക്കമാര്‍ന്നതായിരുന്നു താരത്തിന്‍റെ ആക്സസറീസുകള്‍. സാംബിയന്‍ എമറാള്‍ഡ് ചോക്കര്‍, ഇതിനായി മാത്രം രൂപകല്‍പന ചെയ്ത പോള്‍ക്കി, റഷ്യന്‍ ടംബിള്‍ നെക്ലേസ്, ഏഴു ലയറുകളിലായി കിടക്കുന്ന സത്ലഡ വജ്രമാല. റോസ് കട്ട്, പോള്‍ക്കി, മരതകം തുടങ്ങിയ ആഭരണങ്ങളാണ് താരത്തിനായി ഒരുക്കിയത്. പോള്‍ക്കിയും കാബോച്ചോണ്‍ എമറാള്‍ഡ് സ്റ്റഡുകള്‍ക്കുമൊപ്പം കാതില്‍ മരതകവും വജ്രവും കൊണ്ടുള്ള മാംഗ് ടിക്കയും നല്‍കി ലുക്ക് പൂര്‍ണമാക്കി.

ഹാന്‍ഡ് ക്രാഫ്റ്റ് ചെയ്ത കസവുമുണ്ടും ഷര്‍ട്ടുമായിരുന്നു വിഗ്നേഷിന്‍റെ വേഷം. ഏക് താര്‍ എംബ്രോഡറി ചെയ്ത ഒരു ഷാള്‍ കൂടി താരം പെയര്‍ ചെയ്തു. ധര്‍മം, കാമം, അര്‍ഥം,മോക്ഷം എന്നീ നാലു ഭാവങ്ങളുടെ സംഗമമായിരുന്നു വരന്‍റെ വിവാഹവസ്ത്രം.



ജെയ്ഡ് ബൈ മോണിക്ക ആന്‍ഡ് കരിഷ്മ എന്നിവരാണ് വിവാഹവസ്ത്രങ്ങള്‍ താരങ്ങള്‍ക്കായി രൂപകല്‍പന ചെയ്തത്. ഗോയങ്ക ഇന്ത്യയാണ് ആഭരണങ്ങള്‍ ഒരുക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.