ബാഹുബലികൊണ്ട് ഒരു നേട്ടവും ഉണ്ടായില്ല!
Friday, June 16, 2023 12:53 PM IST
ഇന്ത്യൻ സിനിമയിലെതന്നെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. രണ്ട് ഭാഗങ്ങളായി എത്തിയ സിനിമ ഇന്ത്യൻ സിനിമയിലെ അതുവരെയുള്ള ബോക്സ് ഓഫീസ് റിക്കാർഡുകളെല്ലാം തകർത്തെറിഞ്ഞു. ചിത്രത്തിന് ആഗോളതലത്തിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

പ്രഭാസ്, റാണ ദഗുബതി, രമ്യ കൃഷ്ണൻ, അനുഷ്ക ശർമ, തമന്ന ഭാട്ടിയ, സത്യരാജ് തുടങ്ങിയ താരങ്ങളാണ് സിനിമയിൽ പ്രധാനവേഷങ്ങളിൽ എത്തിയത്. ഇവരുടെയെല്ലാം കരിയറിലെ വഴിത്തിരിവായിരുന്നു ബാഹുബലി. സിനിമ വമ്പൻ വിജയമായതോടെ പ്രഭാസിന്‍റെയും റാണ ദഗുബതിയുടെയും താരമൂല്യം വർധിച്ചു. ലോകമെമ്പാടും അറിയപ്പെടുന്ന താരങ്ങളായി ഇവർ മാറി.

സിനിമയുടെ ആദ്യ ഭാഗത്തിൽ ഏറ്റവും ശ്രദ്ധ നേടിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു തമന്നയുടെ അവന്തിക. ഡാൻസും ഫൈറ്റും എല്ലാമായി തമന്ന തിളങ്ങുകയും ചെയ്തു. എന്നാൽ രണ്ടാം ഭാഗത്തിൽ മിനിറ്റുകൾ മാത്രമാണ് തമന്നയെ സ്ക്രീനിൽ കണ്ടത്. ഒരു ജൂണിയർ ആർട്ടിസ്റ്റിന് ലഭിക്കുന്ന സ്ക്രീൻ സ്പേസ് പോലും നടിക്ക് നൽകിയില്ലെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു.

ഇപ്പോഴിതാ ബാഹുബലിയിലൂടെ തനിക്ക് കരിയറിൽ വലിയ നേട്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് തമന്ന. വൻ വിജയം നേടിയ സിനിമയിൽനിന്ന് തന്‍റെ സഹതാരങ്ങളായ പ്രഭാസിനെയോ റാണയെയോപോലെ നേട്ടമുണ്ടാക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് തമന്ന പറഞ്ഞത്.

ആക്ഷൻ സിനിമകളിൽ ഇപ്പോഴും പുരുഷന്മാർക്ക് മാത്രമാണ് ക്രെഡിറ്റ് ലഭിക്കുന്നത്. എന്‍റെ വേഷത്തിന് വേണ്ട പരിഗണന ലഭിച്ചില്ല. എനിക്ക് ലഭിക്കാതെ പോയ നേട്ടം പ്രഭാസിനും റാണയ്ക്കും സിനിമയിൽനിന്ന് ലഭിച്ചത് ന്യായമാണെന്ന് കരുതുന്നു, കാരണം സിനിമയിലെ എന്‍റെ ഭാഗം അത്രമാത്രമേ ഉണ്ടായിരുന്നുള്ളു.

ചിത്രത്തിലെ എന്‍റെ വേഷത്തിന് ലഭിച്ച എല്ലാ സ്നേഹത്തിനും പ്രതികരണത്തിനും നന്ദി. കരിയറിൽ നേട്ടമുണ്ടായില്ലെങ്കിലും പ്രേക്ഷകരിൽനിന്നു നല്ല പ്രതികരണമാണ് എനിക്ക് ലഭിച്ചത്- തമന്ന വ്യക്തമാക്കി.

തമന്നയുടെ വാക്കുകൾ ഇതിനകം ചർച്ചയായി മാറിയിട്ടുണ്ട്. സിനിമയിൽ നിലനിൽക്കുന്ന ലിംഗ പക്ഷപാതത്തിലേക്ക് വെളിച്ചം വീശുന്നതാണ് നടിയുടെ വെളിപ്പെടുത്തൽ എന്നാണ് ഒരുവിഭാഗം ആരാധകർ അഭിപ്രായപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.