ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘നേരിൽ’ ജോയിൻ ചെയ്ത് മോഹൻലാൽ. തിരുവനന്തപുരത്ത് ചിത്രീകരണം നടക്കുന്ന ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്കാണ് താരം എത്തിയത്.
വൃഷഭയുടെ ഒരു ഷെഡ്യുൾ പൂർത്തിയാക്കി ചെന്നൈയിലും കൊച്ചിയിലും ചില ഓണച്ചടങ്ങുകളിലും പങ്കെടുത്തതിനു ശേഷമാണ് മോഹൻലാൽ തിരുവനന്തപുരത്തെത്തിയത്.
ഏതാണ്ട് ഒന്നര മാസത്തോളം ഈ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മോഹൻലാൽ തിരുവനന്തപുരത്തുണ്ടാകുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു.
കലാസംവിധായകനായ ബോബൻ ഒരുക്കിയ ഒരു സെറ്റിലായിരുന്നു ചിത്രീകരണം. ജഗദീഷ്, ഗണേഷ് കുമാർ, അനശ്വര രാജൻ, ശാന്തി മായാദേവി, ശ്രീധന്യ എന്നിവരും മോഹൻലാലിനോടൊപ്പം ഇവിടെ നടന്ന ചിത്രീകരണത്തിൽ പങ്കെടുത്തു.
ജീത്തു ജോസഫിനൊപ്പം ഇതു നാലാമത്തെ സിനിമയാണ് മോഹൻലാൽ അഭിനയിക്കുന്നത്. കോടതിയും വ്യവഹാരവും നിയമയുദ്ധവുമൊക്കെ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഒരു ലീഗൽ ത്രില്ലർ ഡ്രാമയായിരിക്കും ഈ ചിത്രം.
പ്രിയാമണിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദീഖ്, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, മാത്യു വർഗീസ്,, കലേഷ്, രമാദേവി, കലാഭവൻ ജിന്റോ, രശ്മി അനിൽ, ഡോ.പ്രശാന്ത് എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേർന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.