മണിരത്നത്തിന്റെ ബിഗ് ബജറ്റ് ചിത്രം പൊന്നിയിൻ സെൽവൻ ആമസോൺ പ്രൈമിലെത്തി. എന്നാൽ ഇപ്പോൾ ചിത്രം കാണണമെങ്കിൽ പ്രൈം വരിക്കാർ 200 രൂപ കൂടി മുടക്കേണ്ടി വരും. പണം മുടക്കിയാൽ ചിത്രം വാടകയ്ക്കു കാണാം.
അതേസമയം കുറച്ചുകൂടി കാത്തിരുന്നാൽ നവംബർ നാലു മുതൽ ചിത്രം സൗജന്യമായി സ്ട്രീം ചെയ്തു തുടങ്ങും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
ഐശ്വര്യ റായി, വിക്രം, കാര്‍ത്തി, ജയറാം, ജയം രവി, തൃഷ, ശരത് കുമാർ, ഐശ്വര്യ ലക്ഷ്മി, ലാൽ, പ്രകാശ് രാജ്, റഹ്മാൻ തുടങ്ങിയ താരങ്ങൾ അതിഗംഭീര പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവയ്ക്കുന്നത്.
പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ ടൈറ്റിൽ കഥാപാത്രത്തെയാണ് ജയം രവി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രാജ രാജ ചോഴനായാണ് താരം അഭിനയിക്കുന്നത്. ആദിത്യ കരികാലന്റെ ഇളയസഹോദരനാണ് അരുൾമൊഴി വർമനെന്ന രാജ രാജ ചോഴൻ.
ആദിത്യ കരികാലനായി എത്തുന്ന വിക്രം, വന്തിയ തേവൻ എന്ന കാർത്തി, നന്ദിനി രാജകുമാരിയായ ഐശ്വര്യ റായി, കുന്ദവൈ രാഞ്ജി തൃഷ എന്നിവരാണ് ആദ്യ ഭാഗത്തിൽ നിറഞ്ഞുനിൽക്കുന്നത്.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയൻ സെൽവൻ എന്ന തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്. ചോള രാജാവായിരുന്ന അരുൾമൊഴി വർമനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവൽ.
സംഗീതം എ.ആർ. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. മണിരത്നവും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം . അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവൽ ആണ് പൊന്നിയിൻ സെൽവൻ. അതു ചുരുക്കി, രണ്ടു ഭാഗങ്ങളായുള്ള സിനിമയായിട്ടാണ് മണിരത്നം ഒരുക്കിയിരിക്കുന്നത്. രണ്ടാം ഭാഗം അടുത്തവർഷം തിയറ്ററുകളിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.