മധുരമൂറുന്ന തണ്ണീർമത്തൻ
Friday, July 26, 2019 6:42 PM IST
എടുത്തുചാട്ടങ്ങളുടെ കാലത്തെക്കുറിച്ച് പറയുന്ന "തണ്ണീർമത്തൻ ദിനങ്ങൾ' ഒതുക്കേണ്ടിടത്ത് ഒതുക്കിയും ഓവറാക്കേണ്ടിടത്ത് ഓവറാക്കിയും മെരുക്കിയെടുത്തിരിക്കുകയാണ് സംവിധായകൻ ഗിരീഷ് എ.ഡി. വീനീത് ശ്രീനിവാസനെ കാണുമ്പോൾ നന്മമരം പൂത്തുലഞ്ഞ് നിൽക്കുന്നൊരു പ്രതീതിയാണ് പ്രേക്ഷകർക്ക് ഇതുവരെ ഉണ്ടായിട്ടുള്ളത്. അത് രവി പത്മനാഭൻ സാർ മാറ്റിത്തരും. സ്ഫോടനാത്മകമായ ചില രസങ്ങൾ രവി സാർ ചിത്രത്തിൽ ഒളിപ്പിച്ചുവച്ചിട്ടുണ്ട്.

പ്ലസ് ടു കാലയളവിൽ കാട്ടുന്ന എല്ലാ ഊളത്തരങ്ങളും ജയ്സണും കൂട്ടരും നല്ല വെടിപ്പായി ചെയ്തിട്ടുണ്ട്. സാറുമ്മാരുടെ മുന്നിലെ വിനയവും പിന്നെ തരംകിട്ടുന്പോഴുള്ള തനിസ്വഭാവം കാട്ടലുമെല്ലാം അമിതാഭനയത്തിന്‍റെ അകന്പടിയില്ലാതെ പിള്ളേര് സെറ്റ് പുറത്തേക്കിടുന്പോൾ പ്രേക്ഷകർ അവരുടെ പ്ലസ് ടു കാലയളവിലേക്ക് തിരിഞ്ഞോടുമെന്ന് ഉറപ്പ്.



രസമുള്ള കാലം

പ്ലസ് വണ്ണിൽ വന്നു കയറുന്പോഴുള്ള "ഷോ' ജയ്സണ്‍ (മാത്യു തോമസ്) കിടുക്കനായി സ്ക്രീനിൽ കാട്ടുമ്പോൾ ആരായാലും ആർത്തലച്ച് ചിരിക്കും. കുന്പളങ്ങി നൈറ്റ്സിൽ നിന്നും തണ്ണീർമത്തൻ ദിനങ്ങളിലേക്ക് മാത്യു എത്തിയപ്പോൾ ആള് ശരിക്കും മാറിയിട്ടുണ്ട്. വലിയ ഷോ കാണിച്ചൊടുവിൽ തന്‍റെ തരക്കാർക്കിടയിലേക്ക് ജയ്സണ്‍ ഇറങ്ങി ചെല്ലേണ്ടി വരുന്നതോടെ പ്ലസ് വണ്‍ കാലം രസകരമാകാൻ തുടങ്ങും.

ഒരു ചിരിയിൽ പ്രണയം മൊട്ടിടുന്പോൾ ഇനിയങ്ങോട്ട് പ്രണയകാലമായിരിക്കുമെന്ന് പ്രേക്ഷകർ കരുതുന്നിടത്ത് സംവിധായകൻ ഒരു അവതാരത്തെ സിനിമയിലേക്ക് എടുത്തിടുകയാണ്. അതോടെ ശ്രദ്ധ നായകനിൽ നിന്നും അയാളിലേക്ക് വന്നു പതിക്കുകയാണ്. സൗഹൃദം ഉടലെടുക്കുന്നതും അത് ദൃഢമാകുന്നതുമെല്ലാം പ്ലസ് വണ്‍ കാലയളവിലാണ് അതിന്‍റെ ആഴം അളക്കൽ മാത്രമാണ് പ്ലസ്ടു കാലയളവെന്ന് തണ്ണീർമത്തൻ ദിനങ്ങൾ കാണുന്പോൾ നിങ്ങൾക്ക് മനസിലാകും.



രവി സാർ ഇത്തിരി ഓവറല്ലേ

രവി സാർ (വിനീത് ശ്രീനിവാസൻ) ഇത്തിരി ഓവറല്ലേയെന്ന് നായകന് മാത്രമാണ് തോന്നുന്നത്. ബാക്കിയുള്ളവർക്കെല്ലാം രവി സാർ അടിപൊളിയാണ്. നായകന്‍റെ തോന്നൽ പ്രേക്ഷകർക്കും ഉണ്ടാകുന്നതോടെ കഥയുടെ പോക്ക് ശരിയായ വഴിക്കാണോയെന്ന് സംശയം പതുക്കെ ഉടലെടുക്കും.

സംഗതിയുടെ പോക്ക് ശരിയായ വഴിക്കാണെന്ന സൂചനകൾ ഇടയ്ക്കിടെ സംവിധായകൻ ഇട്ടുതരുന്നതോടെ ചിത്രം വീണ്ടും ട്രാക്കിലാകും. ആദ്യ പകുതി നായകന്‍റെ കലിപ്പും പ്രശ്നങ്ങളുമായിട്ടാണ് ചിത്രം മുന്നോട്ടുപോകുന്നത്. ജയ്സണും പിളേളരും ചിത്രത്തിൽ തകർത്താടുന്പോൾ രവി സാർ ഇവരെ കടത്തിവെട്ടുന്ന പ്രകടനവുമായാണ് ഒന്നാം പകുതിയിൽ കളം വാഴുന്നത്.



ചുമ്മാ അങ്ങ് പ്രണയിക്കാൻ പറ്റുമോ...

രണ്ടാം പകുതിയിൽ രണ്ട് പാട്ടുകൾ ചിത്രത്തിൽ കയറിക്കൂടുന്നതോടെ സംഗതിയുടെ കിടപ്പ് ആകെയങ്ങ് മാറും. നല്ല പ്രണയം പൂത്തുലയാൻ ഈ കാലത്തും ഇത്തിരി കാത്തിരിക്കേണ്ടി വരുമെന്ന് സംവിധായകൻ കാട്ടിത്തരുന്നുണ്ട്. പ്ലസ് ടു പിള്ളേരുടെ എല്ലാവിധത്തിലുള്ള മനസിലിരിപ്പുകളും സംവിധായകൻ ചിത്രത്തിലേക്ക് കുടഞ്ഞിടുന്നുണ്ട്. അധ്യാപക-വിദ്യാർഥി കെമിസ്ട്രിയും നന്നായി ചിത്രത്തിൽ പകർത്തിവച്ചിട്ടുണ്ട്.

ഒന്നാം പകുതിയിലെ ചേർച്ച ഇല്ലായ്മകളെല്ലാം രണ്ടാം പകുതിയലെ ചില കാഴ്ചകളിലൂടെ സംവിധായകൻ ബാലൻസ് ചെയ്യുന്നുണ്ട്. വഴിത്തിരിവുകളും ടേണിംഗ് പോയിന്‍റുകളുമെല്ലാം ഉണ്ടാകാൻ നിമിഷങ്ങൾ മാത്രം മതിയെന്ന് തണ്ണീർമത്തൻ ദിനങ്ങൾ കാട്ടിത്തരുന്നുണ്ട്. ആ കാഴ്ചകളെ ഒപ്പിയെടുത്ത് ജാതിക്ക തോട്ടത്തിലൂടെ നടത്തിച്ച് ജോമോൻ ടി. ജോണും വിനോദ് ഇല്ലംന്പിള്ളിയും പ്രണയത്തിന്‍റെ നൊസ്റ്റാൾജിയയിലേക്ക് പ്രേക്ഷകരെ തള്ളിയിടുകയാണ്.



ക്ലൈമാക്സ് കിടു

എങ്ങനെ വേണമെങ്കിലും പാളിപ്പോകാവുന്ന ക്ലൈമാക്സ് രംഗങ്ങളെ ചിരിയും അല്പം സീരിയസും പിന്നെ ചോരത്തിളപ്പിന്‍റെ എടുത്തുചാട്ടവുമെല്ലാം സമാസമം ചേർത്ത് സംവിധായകൻ ഉഷാറാക്കിയെടുത്തിട്ടുണ്ട്. കൂടി പോയെന്നോ കുറഞ്ഞു പോയെന്നോ പറയാതെ ക്ലൈമാക്സ് രംഗത്തെ പിടിച്ചു നിർത്തുന്നത് നായകൻ ജയ്സണും പിന്നെ പുള്ളിയുടെ ചേട്ടച്ചാരുമാണ്.

കൈവിട്ട് പോകാതെ സംഗതികൾ എല്ലാം ബാലൻസ് ചെയ്ത് കരയ്ക്കടിപ്പിച്ച് കഴിയുന്പോഴുള്ള ശാന്തത ചിത്രത്തിന്‍റെ ഒടുവിലേക്കെത്തുന്പോൾ സ്ക്രീനിൽ നന്നേ പ്രതിഫലിക്കുന്നുണ്ട്. എന്തായാലും ജയ്സണും കൂട്ടരും പ്രേക്ഷകരെ ആവോളം രസിപ്പിക്കാൻ തന്നെയാണ് രുചിയേറെയുള്ള തണ്ണിമത്തനുമായി എത്തിയിരിക്കുന്നത്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.