കോട്ടയത്ത് നടന്ന ഇരട്ടക്കൊലപാതക വാർത്തകൾ വായിച്ചു. കോടികൾ മുടക്കി കൊട്ടാരസദൃശ്യമായ വീട് വച്ചിട്ട് അതിൽ അതീവസുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടും ‘അശു’ പോലെയുള്ള ഒരു ചെറുക്കൻ ഒരു ചെറിയ സ്കൂ ഡ്രൈവർ ഉപയോഗിച്ച് ‘ഇപ്പ ശരിയാക്കിത്തരാം’ എന്ന രീതിയിൽ വാതിൽ തുറന്നു കയറി കൊലപ്പെടുത്തി എന്ന വാർത്തകേട്ട് അത്ഭുതം തോന്നി.
സുരക്ഷാ കാമറകൾ, സെക്യൂരിറ്റി, ഓട്ടോമാറ്റിക് ഗേറ്റ് തുടങ്ങിയവ ഒക്കെ ഉണ്ടായിട്ടും അമിത ആത്മവിശ്വാസത്താൽ മലയാളി മറന്നുപോകുന്ന, അല്ലെങ്കിൽ ചെറിയ പിശുക്ക് കാട്ടുന്ന ചില സംഗതികൾ ഓർമപ്പെടുത്താനാണ് ഈ കുറിപ്പ്.
ക്ലൗഡ് സ്റ്റോറേജ് ഉള്ള ഇക്കാലത്ത് വെറും ഡിവിആർ ബോക്സിൽ മാത്രം ഡാറ്റാ സൂക്ഷിക്കുന്നത് നിർത്തണം. കോടികൾ മുടക്കാമെങ്കിൽ ക്ലൗഡ് സബ്സ്ക്രിപ്ഷൻ എടുത്താൽ കള്ളൻ കൊണ്ടുപോയ ഡിവിആർ കിട്ടുന്നതിന്, അവൻ ഫോൺ സ്വിച്ച് ഓൺ ചെയ്യുന്നത് ഒക്കെ നോക്കി പോലീസിന് കാത്തിരിക്കേണ്ട. കൂടാതെ, കണ്ണിനും കാതിനും ശേഷിക്കുറവുള്ളവരെ വീട് കാവൽ ഏല്പിച്ച് കാശ് ലാഭിക്കുന്ന പിശുക്ക് പലർക്കുമുണ്ട്.
കിടക്കുന്ന മുറി പൂട്ടാതെ ഉറങ്ങുന്ന വീട്ടുകർ ധാരാളം. ശബ്ദം കേട്ടാൽ മുറിക്ക് പുറത്തിറങ്ങരുതെന്ന പോലീസ് മുന്നറിയിപ്പ് അവഗണിക്കാനാണ് ഏവർക്കും താത്പര്യം. കള്ളന്മാർ കയറരുതെന്ന ഉദ്ദേശ്യത്തിൽ വീട് പൂട്ടിയിരിക്കുന്ന മലയാളിയുടെ ഇത്തരം ശീലത്തെ വൈക്കം മുഹമ്മദ് ബഷീർ വളരെ വർഷങ്ങൾക്കു മുമ്പ് ‘പൂവമ്പഴം’ എന്ന ചെറുകഥയിൽ എഴുതിയത് വായിച്ചവർക്ക് ഓർമയുണ്ടാകും.
അബ്ദുൽ ഖാദർ പുറത്തുപോയി തിരിച്ചുവരുമ്പോൾ ഭാര്യ ജമീല വാതിൽ സാക്ഷയിട്ടു. അതു ഞെരിച്ച് ആരെങ്കിലും കയറിയാലോ എന്നു പേടിച്ച് മേശ വലിച്ചുനീക്കി വാതിലിനോട് ചേർത്തിട്ടിരിക്കുന്നു. മേശയ്ക്ക് കനം പോരാഞ്ഞിട്ട് എന്ന മാതിരി മേശപ്പുറത്ത് ഒരു തലയിണയും! പോരെ!
പിന്നെ ഭർത്താവ് വന്നു നോക്കുമ്പോൾ അടുക്കളവാതിൽ പൂട്ടാൻ ഭാര്യ മറന്നു പോയിരിക്കുന്നു എന്നറിയുന്നു. ലോകത്തിലുള്ള സർവ കള്ളന്മാർക്കും ഒരു ഘോഷയാത്രയായി നിർബാധം കടന്നുചെല്ലാം എന്നാണ് ബഷീറിന്റെ പരിഹാസം. മലയാളികളെ പരിഹസിക്കാനല്ല ഈ കുറിപ്പ്. മറിച്ച്, നാം കൂടുതൽ ജാഗരൂകരായി ഇരിക്കേണ്ട അവസ്ഥ ഇവിടെ നിലനിൽക്കുന്നു എന്ന് ഓർമിപ്പിക്കാനാണ്.
ആർ. രാധാകൃഷ്ണൻ പാലക്കാട്