കൊച്ചി: മുന്‍ മിസ് കേരളയുള്‍പ്പെടെ മൂന്നുപേര്‍ കാറപകടത്തില്‍ മരിച്ച കേസില്‍ അറസ്റ്റിലായ സൈജു തങ്കച്ചനെതിരേ വനംവകുപ്പ് അന്വേഷണം തുടങ്ങി. കാട്ടുപോത്തിനെ വേട്ടയാടി കറിവച്ചുകഴിച്ചുവെന്ന സൈജുവിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് വനംവകുപ്പ് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ ജൂലൈയില്‍ പത്തനാപുരത്ത് കാട്ടുപോത്തിനെ വേട്ടയാടി കറിവച്ച സംഭവം നടന്നിരുന്നു. ആ കേസിൽ ഇയാൾക്കു ബന്ധമുണ്ടോയെന്നും പരിശോധിക്കും.
അന്നു കാട്ടുപോത്തിനെ കറിവച്ചു കഴിച്ച 25 പേര്‍ക്കെതിരെ വനംവകുപ്പ് കേസ് എടുത്തിരുന്നു. ഇവരില്‍നിന്നു തോക്കും പിടിച്ചെടുത്തു. ആദ്യ എട്ടുപ്രതികളില്‍ എറണാകുളം സ്വദേശികളും ഉള്‍പ്പെട്ടിരുന്നു.
പാലാരിവട്ടത്തെ ഒരു ഹോട്ടല്‍ റെയ്ഡ് ചെയ്തു കാട്ടുപോത്തിനെ പാചകം ചെയ്യാന്‍ ഉപയോഗിച്ച പാത്രങ്ങള്‍ വനംവകുപ്പ് അധികൃതര്‍ പിടിച്ചെടുത്തിരുന്നു. ഈ കേസില്‍ എറണാകുളം സ്വദേശികളായ രണ്ടു പേരെ ഇനിയും പിടികൂടാനുണ്ട്.
അതേസമയം, പത്തനാപുരത്ത് കാട്ടുപോത്തിനെ കറിവച്ച കേസില്‍ സൈജു പ്രതിയല്ലയെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. എന്നാല്‍, നിലവിലെ കേസുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ വനംവകുപ്പ് അന്വേഷണം നടത്തുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
സൈജുവിന്റെ ഫോണില്‍നിന്നു ലഭിച്ച സന്ദേശങ്ങളുടെയും വീഡിയോകളുടെയും അടിസ്ഥാനത്തില്‍ ഇയാള്‍ക്കു മയക്കുമരുന്ന് എത്തിച്ചുകൊടുത്തവരെയും ഇടപാടുകരെയും കുറിച്ച് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചതായാണ് സൂചന. ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് ചോദ്യം ചെയ്തിരുന്നു.
ചോദ്യം ചെയ്യലില്‍ പല നിര്‍ണായക വിവരങ്ങളും ലഭിച്ചതായി അറിയുന്നു. സൈജുവിന് വന്‍ മയക്കുമരുന്നു ശൃംഖലയുമായി ബന്ധമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സൈജുവിന്റെ സമൂഹമാധ്യമങ്ങളിലെ ചാറ്റുകളില്‍നിന്നു നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചു.
ജാമ്യാപേക്ഷ തള്ളി
സൈജു തങ്കച്ചന്റെ ജാമ്യാപേക്ഷ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിക്കു ശേഷം ഹാജരാക്കിയ ഇയാളെ എറണാകുളം ജില്ലാ ജയിലിലേക്കാണ് റിമാന്‍ഡ് ചെയ്തത്.
സൈജു പിന്തുടര്ന്നപ്പോള് മത്സരയോട്ടം നടത്തിയതിനാലാണ് അപകടമുണ്ടായതെന്ന് പോലീസ് പറയുന്നു. സൈജുവില്നിന്നു പെണ്‍കുട്ടികളെ രക്ഷിക്കാന്‍ വേണ്ടി അബ്ദുള്‍ റഹ്മാന് വാഹനം വേഗത്തില്‍ ഓടിച്ചതെന്നും ആരോപണമുണ്ട്.