മാന്നാർ: കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് പഞ്ചായത്തുകളിലെ വാർഡ് ഗ്രാമസഭകളും ഓൺലൈനിലേക്കു മാറുന്നു. മാർച്ചിന് മുമ്പായി അംഗീകാരം ലഭിക്കേണ്ട പദ്ധതികൾ അംഗീകരിക്കുവാൻ വേണ്ടിയാണ് അടിയന്തരമായി ഗ്രാമസഭകൾ ചേരുന്നത്.
മുൻ കാലങ്ങളിൽനിന്നു വ്യത്യസ്തമായി ഏറെ പ്രാധാന്യമുള്ള ഇപ്പോഴത്തെ ഗ്രാമസഭ പലയിടങ്ങളിലും പ്രഹസനമായി.ഗ്രാമ സഭകൾ നടത്തിയെന്നു വരുത്തി തീർക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
14-ാം പഞ്ചവത്സര പദ്ധതി രൂപീകരണം, കേന്ദ്ര ധനകാര്യ കമ്മീഷൻ ഉപ പദ്ധതി രൂപീകരണം, അതി ദരിദ്ര നിർണയ കരട് ലിസ്റ്റ് അംഗീകരിക്കൽ, തൊഴിലുറപ്പ് ലേബർ ബജറ്റ്, ആക്ഷൻ പ്ലാൻ അംഗീകാരം, ഗുണഭോക്തൃ ലിസ്റ്റ് അംഗീകാരം, സാമൂഹ്യ സുരക്ഷാ പെൻഷൻ സാധൂകരണം ' എന്നിവയെ കുറിച്ചുള്ള ചർച്ചകളും ഗ്രാമസഭാംഗങ്ങളുടെ അഭിപ്രായങ്ങൾക്കും വേണ്ടിയാണ് ഇത്തവണ ഗ്രാമ സഭകൾ ചേരേണ്ടിയിരുന്നത്.
കൂടാതെ ഒരോ വാർഡിലെയും റോഡുകൾ, തെരുവ് വിളക്ക്, മാലിന്യ പ്രശ്നങ്ങൾ എന്നിവ അധികൃതരെ അറിയിക്കാൻ കൂടിയാണ് ഗ്രാമസഭ ചേരുന്നത്. എന്നാൽ, കോവിഡ് മറവിൽ ഗ്രാമ സഭകൾ ഭൂരിപക്ഷം പഞ്ചായത്തുകളിലും പ്രഹസനമായിരിക്കുകയാണ്.
ഗ്രാമസഭയ്ക്ക് വേണ്ടി നൽകുന്ന ഓൺലൈൻ ലിങ്കുകളിൽ കയറുവാൻ പോലും പലർക്കും കഴിയാറില്ല. വേണ്ടപ്പെട്ട 10ൽ താഴെയുള്ള കുറച്ചു പേർ മാത്രമാണ് ഓൺലൈൻ ഗ്രാമ സഭകളിൽ പങ്കെടുക്കുന്നത്. 20 ശതമാനം വോട്ടർമാരെങ്കിലും ഗ്രാമസഭകളിൽ പങ്കെടുത്താലെ സാധൂകരണമുള്ളുവെന്നിരിക്കെ അതിവ്യാപന കോവിഡിനെ പഴിപറഞ്ഞ് ഗ്രാമ സഭകൾ പ്രഹസനമാക്കിയിരിക്കുകയാണ്.
-ഡൊമനിക് ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.