കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഭാര്യയും കേസിലെ സാക്ഷിയുമായ കാവ്യ മാധവനെ ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകും. ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു കാണിച്ചു കാവ്യയ്ക്ക് ഉടന്‍ നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
മുമ്പ് ഒരു തവണ അന്വേഷണ സംഘം ഇവര്‍ക്കു നോട്ടീസ് നല്‍കിയിരുന്നെങ്കിലും വിദേശത്താണെന്ന് അവര്‍ മറുപടി നല്‍കിയിരുന്നു. വിദേശത്തുനിന്നു തിരിച്ചെത്തിയ ശേഷം ആലുവ പോലീസ് ക്ലബ് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ സാക്ഷിയെന്ന പരിഗണനയില്‍ ആലുവയിലെ പത്മസരോവരം വീട്ടില്‍വച്ചു ചോദ്യം ചെയ്യണമെന്നായിരുന്നു കാവ്യയുടെ ആവശ്യം.
തുടര്‍ന്നു ചോദ്യം ചെയ്യൽ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ വീടിനു പുറത്തു മറ്റെവിടെയെങ്കിലും ചോദ്യം ചെയ്യലിനു ഹാജരാകാനായിരിക്കും അന്വേഷണസംഘം ആവശ്യപ്പെടുക എന്നാണ് അറിയുന്നത്.
ഓഡിയോക്ലിപ് വിവരശേഖരണം
ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണില്‍നിന്നു തിരിച്ചെടുത്ത ശബ്ദസംഭാഷണങ്ങളും സന്ദേശങ്ങളും കേന്ദ്രീകരിച്ചു പഴുതടച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. കിട്ടാവുന്ന വിവരങ്ങള്‍ മുഴുവന്‍ ശേഖരിച്ചുകൊണ്ടുള്ള അന്വേഷണമാണ് മുന്നോട്ടു പോകുന്നത്.
മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള ഓഡിയോക്ലിപ്പുകള്‍ അഞ്ചംഗ സംഘമാണ് പരിശോധിക്കുന്നത്. 6,000ൽ അധികമുള്ള ശബ്ദസന്ദേശങ്ങളാണ് പരിശോധിക്കുന്നത്. സായ് ശങ്കര്‍ ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകളുടെ ഫോറന്‍സിക് പരിശോധനാഫലവും നിര്‍ണായകമാണ്.
മേയ് 30നകം റിപ്പോര്‍ട്ട്
വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെ ഹര്‍ജി തള്ളിയത് അന്വേഷണ സംഘത്തിന് ആശ്വാസമേകിയിരിക്കുകയാണ്. കേസിലെ തുടരന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അടുത്ത മാസം 30ന് നല്‍കാനാണ് ഹൈക്കോടതി അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. തുടര്‍ന്നു കേസിലെ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം.
തുടരന്വേഷണത്തിനു മൂന്നു മാസം കൂടി സമയം നല്‍കണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ദിലീപിനു ലഭിച്ചെന്നും ഒന്നാംപ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും സംവിധായകന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കേസില്‍ തുടരന്വേഷണം ആരംഭിച്ചത്.
തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടു ദിലീപ് നല്കിയ ഹര്‍ജിയില്‍ അന്വേഷണം ഏപ്രില്‍ 15നകം പൂര്‍ത്തിയാക്കാന്‍ നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.