പെണ്‍കുട്ടികളെ കുരുക്കിലാക്കാന്‍ ലഹരി കലർത്തിയ പാനീയം? നാലാമനായി തെരച്ചിൽ
Thursday, April 21, 2022 4:06 PM IST
കടുത്തുരുത്തി: പ്രണയ തട്ടിപ്പുമായി ബന്ധപെട്ടു കടുത്തുരുത്തി പോലീസ് മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്തതോടെ രക്ഷിതാക്കള്‍ ജാഗ്രതയിലും ആശങ്കയിലും. അപരിചിതരായ യുവാക്കളെ അടുത്ത കാലങ്ങളിലായി സ്കൂളുകളുടെയും ആരാധനാലയങ്ങളുടെയും പരിസരങ്ങളില്‍ തുടര്‍ച്ചയായി കാണുന്നതായും നാട്ടുകാര്‍ പറയുന്നു. ഇന്നലെയും കടുത്തുരുത്തി ടൗണില്‍നിന്നു സ്കൂളിലേക്കു പോകുന്ന വഴിയിലും ആപ്പുഴ തീരദേശ റോഡിലുമായി കൗമാരക്കാരായ പെണ്‍കുട്ടികളെയും യുവാക്കളെയും കണ്ടിരുന്നു.

യാതൊരു മറയുമില്ലാതെ

സ്കൂള്‍ യൂണിഫോമില്‍ തോളത്തു സ്കൂള്‍ ബാഗും തൂക്കിയിട്ടാണ് പെണ്‍കുട്ടികള്‍ കാമുകന്മാരായ യുവാക്കള്‍ക്കൊപ്പം ചുറ്റി തിരിയുന്നതു നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. വീടുകളില്‍നിന്നു സ്കൂള്‍ യൂണിഫോം ധരിച്ചെത്തുന്ന പെണ്‍കുട്ടികള്‍ ആളൊഴിഞ്ഞ പുരയിടങ്ങളിലും ആരാധനാലയങ്ങളുടെ ബാത്ത് റൂമുകളിലും മറ്റും കയറി വസ്ത്രം മാറുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

അടുത്തിടെ ഇത്തരമൊരു സംഭവം ശ്രദ്ധയില്‍പെട്ട അധികാരികള്‍ പോലീസിനെ വിളിച്ചുവരുത്തി പെണ്‍കുട്ടിയെ കൈമാറിയിരുന്നു. യാതൊരു മറയുമില്ലാതെ മരത്തിന്‍റെ പുറകിലും മറ്റും നിന്നും കാമുകന്മാരുടെ സാന്നിധ്യത്തില്‍ വസ്ത്രം മാറുന്നതിനും പെണ്‍കുട്ടികള്‍ക്കു മടിയില്ലാത്ത അവസ്ഥയാണെന്നു നാട്ടുകാർ പറയുന്നു. വീട്ടമ്മമാര്‍ ഉള്‍പെടെയുള്ളവര്‍ഇതു ചോദ്യം ചെയ്താല്‍ ഇവരെ പരിഹസിച്ച ശേഷം പ്രണയിതാക്കള്‍ സ്ഥലം വിടും.

ലഹരി പാനീയം

പ്രണയിതാക്കള്‍ ഒരുമിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ പിന്നീടു പരിശോധന നടത്തിയാല്‍ കൂള്‍ ഡ്രിങ്ക്സുകളുടെയും ബിയറിന്‍റെയും കുപ്പികള്‍ കണ്ടെത്താനാവും. ലഹരി കലര്‍ത്തിയവയാണ് ഇവയെന്നു പല സ്ഥലത്തുംനിന്നും ലഭിച്ച കുപ്പികള്‍ പരിശോധിച്ചപ്പോള്‍ പോലീസ് ഉള്‍പെടെയുള്ളവര്‍ക്കു മനസിലായിട്ടുമുണ്ട്.

ലഹരി കലര്‍ത്തിയ പാനീയങ്ങള്‍ നല്‍കിയാണ് പ്രണയ തട്ടിപ്പിനായെത്തുന്ന കാമുകന്മാര്‍ പെണ്‍കുട്ടികളെ വരുതിയിലാക്കുന്നത്. അപരിചിതരായ യുവാക്കളുടെ അപകടകരമായ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ രക്ഷിതാക്കള്‍ ആശങ്കയിലാണ്. ഇത്തരത്തില്‍ അപരിചിതരെ കണ്ടെത്തിയാല്‍ അറിയിക്കണമെന്നു പോലീസ് അറിയിച്ചിട്ടുണ്ട്.

നാലാമൻ എവിടെ?

ഇതേസമയം പിടിയിലാകാനുള്ള നാലാമത്തെ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കണ്ണൂര്‍ സ്വദേശിയായ സങ്കീര്‍ത്ത് (22) ആണ് പിടിയിലാകാനുള്ള നാലാമൻ. പ്രതി ഉടന്‍ പിടിയിലാകുമെന്നാണറിയുന്നത്. മറ്റു ജില്ലകളില്‍നിന്നെത്തി കടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലുമായി നാളുകളായി താമസിച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ചു വശത്താക്കുകയും തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതുമായുള്ള പരാതിയില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റിലായിരുന്നു.

പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ അനുസരിച്ചുള്ള കേസാണ് എടുത്തത്. അതേസമയം പ്രണയ തട്ടിപ്പുമായി ബന്ധപ്പെട്ട് യുവാക്കള്‍ അറസ്റ്റിലായതോടെ പെണ്‍കുട്ടികളെ കുരുക്കിലാക്കാന്‍ യുവാക്കളുടെ സംഘം കറങ്ങി നടക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കടുത്തുരുത്തി പോലീസ് പ്രണയ തട്ടിപ്പുമായി ബന്ധപെട്ട് അറസ്റ്റ് ചെയ്ത പ്രതികള്‍ റിമാന്‍ഡിലാണ്.

മറ്റു ജില്ലയിൽ നിന്ന് എത്തിയവർ

പ്രതികളെല്ലാം പ്രണയ തട്ടിപ്പ് നടത്തുന്നതിനു മാത്രമായി മറ്റു ജില്ലകളില്‍നിന്നെത്തി ഇവിടെ മാസങ്ങളും വര്‍ഷങ്ങളുമായി താമസിച്ചിരുന്നവരാണെന്നു കണ്ടെത്തിയിട്ടുണ്ട്. ലഹരി വസ്തുക്കളുടെ ഉപയോഗവും വില്‍പനയും നടത്തുന്നവരാണ് പിടിയിലായവരും ഈ യുവാക്കളുടെ കൂട്ടത്തിലുള്ളവരുമെന്നും പോലീസ് പറഞ്ഞു.

ഇതുതന്നെയാണ് ഇവരുടെ പ്രധാന വരുമാനമെന്നും പോലീസ് പറയുന്നു. ഇവരെ കൂടാതെ ഇനിയും ഇത്തരം യുവാക്കള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ എത്തിയിട്ടുണ്ടെന്നു പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏതാണ്ട് പതിനഞ്ചോളം പെണ്‍കുട്ടികള്‍ ഈ മേഖലയില്‍ പ്രണയകുരുക്കില്‍ അകപെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.

പെണ്‍കുട്ടികള്‍ നല്‍കിയ ഫോണ്‍ നമ്പരുകളും ഫോട്ടോകളും മറ്റു വിവരങ്ങളും വച്ചുള്ള അന്വേഷണം പോലീസ് തുടരുന്നുണ്ട്. പ്രതികളുടെയും ഇവരുമായി ബന്ധപെട്ടിട്ടുള്ളവരുടെയും ഫോണ്‍ നമ്പരുകളും ഇവരുടെ വാട്സാപ്പ്, ഫേസ്ബുക്ക് ബന്ധങ്ങളെല്ലാം പോലീസ് പരിശോധിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.