എല്ലാം അനുകൂലം, പക്ഷേ നാവികസേന എത്തിയില്ല; ഷിരൂർ ദൗത്യം വീണ്ടും അനിശ്ചിതത്വത്തിൽ
Tuesday, August 13, 2024 11:45 AM IST
ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ വീണ്ടും അനിശ്ചിതത്വത്തിൽ. തിരച്ചിലിനായി നാവികസേന ഇതുവരെയും ഷിരൂരിൽ എത്തിയില്ല. പുഴയിലെ ഡൈവിംഗിന് ജില്ലാ ഭരണകൂടം അനുമതി നൽകാത്തതാണ് കാരണം.
ഇന്ന് രാവിലെ ഒമ്പതിന് നാവികസേനയെത്തി തിരച്ചിൽ ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. അതേസമയം, എന്തുകൊണ്ടാണ് അനുമതി ലഭിക്കാത്തത് എന്നതിനെ കുറിച്ച് ഇതുവരേയും ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല.
അതേസമയം, എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള അലംഭാവമെന്ന് മനസിലാകുന്നില്ലെന്ന് അർജുന്റെ സഹോദരീഭർത്താവ് ജിതിന് പ്രതികരിച്ചു. നദിയിൽ ഒഴുക്കില്ല, മഴയില്ലാത്ത കാലാവസ്ഥയാണ്, പുഴയിലെ ജലനിരപ്പും കുറവാണ്. ഏറ്റവും അനുകൂലമായ സാഹചര്യമായിട്ടും ജില്ലാ ഭരണകൂടം നാവിക സേനയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.