അഹമ്മദാബാദ്: കേന്ദ്രസർക്കാരിന്‍റെ ‘സ്വച്ഛതാ ഹി സേവ’ കാമ്പയിന്‍റെ ഭാഗമായി ശുചീകരണയജ്ഞത്തിൽ പങ്കെടുത്ത് നേതാക്കൾ. ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് മന്ത്രിമാരും ചൂലുമായി അഹമ്മദാബാദിലെ തെരുവുകൾ വൃത്തിയാക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി.

രാഷ്ട്രീയക്കാർ മുതൽ വിദ്യാർഥികൾ വരെ സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവർ ഇന്ന് ഒരു മണിക്കൂർ നീണ്ട ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു.

മൻ കി ബാത്തിന്‍റെ സമീപകാല എപ്പിസോഡിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ ഒന്നിന് എല്ലാ പൗരന്മാരും ഒരു മണിക്കൂർ ശുചീകരണയജ്ഞത്തിൽ പങ്കെടുക്കണമെന്ന് അഭ്യർഥിച്ചിരുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനത്തിന്‍റെ തലേന്ന് ഇത് ഒരു "സ്വച്ഛാഞ്ജലി" ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിതാപൂരിൽ നടന്ന 'സ്വച്ഛതാ ഹി സേവ' കാമ്പയിനിൽ പങ്കെടുത്തു. ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ എന്നിവരും ശുചിത്വത്തിനായുള്ള സർക്കാരിന്‍റെ യജ്ഞത്തിൽ പങ്കുചേരാൻ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു.